| Sunday, 29th January 2023, 8:07 pm

വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പീടിക തുറന്ന യാത്ര അവസാനിക്കുമ്പോള്‍

സുധ മേനോന്‍

വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പീടിക തുറക്കാന്‍ വേണ്ടി ആരംഭിച്ച ഭാരത് ജോഡോ യാത്ര നാളെ കാശ്മീരില്‍ അവസാനിക്കുകയാണ്. ഇന്ത്യയുടെ ഹൃദയത്തിലൂടെ 3,570 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിക്കുന്ന ഈ യാത്ര സമാനതകള്‍ ഇല്ലാത്ത ഒരു രാഷ്ട്രീയതപസ്യയായി മാറുന്നത് ഇത് ബാപ്പുവിലേക്കുള്ള നടത്തം കൂടിയായത് കൊണ്ടാണ്.

സുധ മേനോന്‍

മുപ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മറ്റൊരു സെപ്റ്റംബര്‍ മാസത്തില്‍- 1990-ഇന്ത്യയില്‍ മറ്റൊരു മഹായാത്ര നടന്നിരുന്നു. ലാല്‍ കൃഷ്ണ ആദ്വാണി നടത്തിയ യാത്ര. ഭൂമിയിലൂടെ നടന്നുകൊണ്ടല്ല; രാജകീയരഥത്തില്‍ സഞ്ചരിച്ചുകൊണ്ട്.

സോമനാഥില്‍ നിന്നും ആരംഭിച്ച് അയോധ്യ ലക്ഷ്യമാക്കി നീങ്ങിയ ആ യാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം മനുഷ്യജീവിതങ്ങള്‍ ഹിന്ദുവും മുസ്‌ലിമും ആയി വിഭജിക്കപ്പെട്ടു. വെറുപ്പും, ലഹളയും, സംശയവും, അന്യവല്‍ക്കരണവും, പോരും, വെല്ലുവിളിയും കൊണ്ട് തെരുവുകള്‍ നിറഞ്ഞു. യാത്ര കടന്നുപോയ പലയിടങ്ങളിലും വര്‍ഗീയ ലഹളകള്‍ നടന്നു. നിരവധി സാധുമനുഷ്യര്‍ അവരുടേതല്ലാത്ത കുറ്റത്തിന് കൊല്ലപ്പെട്ടു. ഇന്ത്യയെന്ന ആശയത്തിന്റെ നിരാസമായിരുന്നു അക്ഷരാര്‍ഥത്തില്‍ ആ രഥയാത്ര.

സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ ‘ഹിന്ദു ജോഡോ യാത്ര’ ആയിരുന്നു അത്. ഇന്ത്യന്‍ സമൂഹത്തെ നെടുകെ പിളര്‍ന്ന ആ യാത്രയുണ്ടാക്കിയ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. പക്ഷെ, ആ യാത്ര നടത്തിയവര്‍ക്ക് ഇന്ത്യ ഭരിക്കാന്‍ കഴിഞ്ഞു.
ഭാരത് ജോഡോ യാത്ര അതിന്റെ നേര്‍വിപരീതമാണ്. തെരഞ്ഞെടുപ്പുകള്‍ക്കും, കുതിരക്കച്ചവടത്തിനും, അപരവല്‍ക്കരണത്തിനും, വിഷം വമിക്കുന്ന പ്രചാരണത്തിനും അപ്പുറം ഇന്ത്യക്കാരന്റെ ഹൃദയം തൊട്ടറിയാനുള്ള ഒരു യാത്ര.

‘2002ല്‍ നമ്മളവരെ പാഠം പഠിപ്പിച്ചില്ലേ’ എന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ ആക്രോശിക്കുന്ന ആണത്ത-ഭൂരിപക്ഷവംശീയ രാഷ്ട്രീയത്തിന് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞത് പേരറിയാത്ത, മതമറിയാത്ത പതിനായിരക്കണക്കിന് മനുഷ്യരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിക്കൊണ്ടാണ്. ഇന്ത്യന്‍ തെരുവുകളിലൂടെ രാഹുല്‍ ഗാന്ധി നടന്നപ്പോള്‍, ഒരിടത്തും ചോര ഒഴുകിയില്ല. പകരം സ്‌നേഹവും, കരുണയും, മതേതരമായ ഏകത്വവും ഒഴുകിപ്പരന്നു.. എന്നിട്ടും, ‘ദേശസുരക്ഷയ്ക്ക് ഭീഷണി’ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും ആണ് എന്ന് പാണന്മാര്‍ പാടി നടക്കുകയാണ്. മാധ്യമങ്ങള്‍ അത് ഏറ്റുപാടുന്നു.

ആരെയും വെറുക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തില്ല. ഒരു വാഗ്ദാനവും മുന്നോട്ടു വെച്ചില്ല. മറിച്ച്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെന്ന ആശയത്തെ വീണ്ടെടുക്കാന്‍ നിര്‍ഭയം നടന്നു. ഭാരത് ജോഡോ യാത്ര തീര്‍ച്ചയായും ബാപ്പുവിലേക്കുള്ള തീര്‍ഥയാത്രയാണ്. ഉപാധികള്‍ ഇല്ലാത്ത സ്‌നേഹത്തിന്റെയും, പരസ്പരസംവാദത്തിന്റെയും അനന്തസാധ്യതകള്‍ തേടിയുള്ള അന്വേഷണം ആയിരുന്നു എല്ലായ്‌പ്പോഴും മഹാത്മാഗാന്ധി. രാഹുല്‍ ഗാന്ധി നടന്നെത്തുന്നതും ആ രാഷ്ട്രഭാവന തിരിച്ചുപിടിക്കാനാണ്.

ഓര്‍ക്കുക, 1930 മാര്‍ച്ച് 12നാണ് ബാപ്പുവിന്റെ ദാണ്ഡി യാത്ര ആരംഭിച്ചത്. 24 ദിവസം നീണ്ടുനിന്ന യാത്ര. നാല് ജില്ലകളും 48 ഗ്രാമങ്ങളും പിന്നിട്ടാണ് അദ്ദേഹം ദാണ്ഡിയില്‍ എത്തിയത്. ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളെയും പ്രതിഫലിക്കുന്ന ഒരു കൂട്ടം സാധാരണ മനുഷ്യര്‍ വെയിലും, ദാഹവും വിശപ്പും കൂസാതെ ബാപ്പുവിനൊപ്പം നടന്നു. ബാപ്പുവിന്റെ യാത്ര, മാര്‍ച്ച് 19ന് ഗുജറാത്തിലെ ജംബൂസാറില്‍ എത്തിയപ്പോള്‍ ആണ് ജവാഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തെ കാണാനെത്തുന്നത്.

ബാപ്പുവിനെക്കുറിച്ചുള്ള ഏറ്റവും ഹൃദയഹാരിയായ ഓര്‍മയായി പിന്നീട് എല്ലായ്‌പ്പോഴും ജവാഹര്‍ലാല്‍ ഓര്‍ത്തെടുത്തത് ജംബൂസറിലെ ആ വരണ്ട പ്രഭാതമായിരുന്നു. സഹയാത്രികരുടെ തോളില്‍ കൈവെച്ചുകൊണ്ട് അവധൂതനെപ്പോലെ നടന്നുപോകുന്ന ബാപ്പു.

സത്യവും സമാധാനവും അന്വേഷിച്ചുകൊണ്ട് ഉറച്ച കാലടികളോടെ സധൈര്യം നടന്നുപോകുന്ന ബാപ്പുവിന്റെ മിഴിവാര്‍ന്ന ചിത്രം ജവാഹര്‍ലാല്‍ എന്നും ഓര്‍മകളില്‍ താലോലിച്ചു. ഇനി മുതല്‍, രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, നമ്മുടെ ഓരോരുത്തരുടെയും മനസില്‍ തെളിഞ്ഞു വരുന്ന ഹൃദയസ്പര്‍ശിയായ ചിത്രം ഭാരത് ജോഡോ യാത്രയിലെ ഏതെങ്കിലും മനോഹരനിമിഷമാകും എന്നെനിക്കു ഉറപ്പുണ്ട്. അത്രമേല്‍, ഇന്ത്യക്കാരുടെ മനം കവര്‍ന്ന യാത്രയായിരുന്നു ഇത്.

പ്രിയപ്പെട്ട രാഹുല്‍, യാത്ര അവസാനിക്കുമ്പോള്‍, നിറഞ്ഞ സ്‌നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ, ഞാന്‍ എന്ന സാധാരണക്കാരിയായ ഇന്ത്യക്കാരി നിങ്ങളെ എന്റെ ഹൃദയത്തോട് ചേര്‍ത്ത് കെട്ടിപ്പിടിക്കട്ടെ…നന്ദി.

Content Highlight: Sudha Menon’s Write up about Bharat jodo yatra’s  final day

സുധ മേനോന്‍

സാമൂഹ്യപ്രവര്‍ത്തക

Latest Stories

We use cookies to give you the best possible experience. Learn more