| Monday, 15th August 2022, 5:58 pm

ചരിത്രവും രാഷ്ട്രീയവും ഗാഫര്‍ ഖാനോടും ആ സാധു മനുഷ്യരോടും നീതി കാണിച്ചില്ല

സുധ മേനോന്‍

1947 ആഗസ്ത് 14ന് പതിനെട്ട് വര്‍ഷം മുന്‍പ്, 1929 ഡിസംബര്‍ മുപ്പത്തി ഒന്നാം തിയതി രാത്രി പത്ത് മണിക്കാണ് പൂര്‍ണ സ്വരാജ് കോണ്‍ഗ്രസിന്റെ ആത്യന്തിക ലക്ഷ്യമായി പ്രഖ്യാപിക്കുന്ന ചരിത്രപ്രസിദ്ധമായ പ്രമേയം ഗാന്ധിജി അവതരിപ്പിച്ചത്. ലാഹോറില്‍. രാത്രി പന്ത്രണ്ട് മണിക്ക് പ്രമേയം പാസായി.

അര്‍ധരാത്രിയുടെ മണി മുഴങ്ങിയപ്പോള്‍, ‘രവിനദിയുടെ’ മണല്‍ത്തിട്ടയില്‍ ഉയര്‍ത്തിക്കെട്ടിയ കൊടിമരത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണപതാക പതുക്കെ ഉയര്‍ത്തി. ലോകം മുഴുവന്‍ മയക്കത്തിലാണ്ട ആ നിമിഷത്തില്‍, ചര്‍ക്കാങ്കിതമായ സ്വാതന്ത്ര്യപതാക ആകാശത്ത് വിടരുകയും പാറിക്കളിക്കുകയും ചെയ്തു. പതാകയെ സാക്ഷിനിര്‍ത്തികൊണ്ട് അദ്ദേഹം സ്വാതന്ത്ര്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ മുപ്പതിനായിരം മനുഷ്യര്‍ അതേറ്റുചൊല്ലി.
അതിനിടയില്‍ ഏതാനും ചില പ്രവര്‍ത്തകര്‍ കൊടിമരത്തിന് ചുറ്റും നിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി.

ഖദര്‍ ഷെര്‍വാണിയും പൈജാമയും അണിഞ്ഞ ആ യുവാക്കളുടെ നേതാവ്, താടി വളര്‍ത്തിയ നീണ്ടുമെലിഞ്ഞ ഒരു മനുഷ്യന്‍ ആയിരുന്നു. അധികം സംസാരിക്കാത്ത, എന്നാല്‍ താളവാദ്യങ്ങള്‍ക്ക് ഒപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന ആ ചെറുപ്പക്കാര്‍ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ പഠാണികള്‍ ആയിരുന്നു. താടി വളര്‍ത്തിയ മനുഷ്യര്‍ അവരുടെ നേതാവായ ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനും.

ഗാന്ധിജിയുടെ ശിഷ്യനായ അബ്ദുള്‍ ഗാഫര്‍ഖാന്‍ ഇതിനുമുന്‍പും കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ അനുയായികള്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ എത്തുന്നത്. അതിന്റെ ആഹ്ലാദവും, ആത്മഹര്‍ഷവും അവര്‍ പ്രകടിപ്പിച്ചു.

ആവേശത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അവര്‍ ജവഹര്‍ലാലിനെയും നൃത്തം ചെയ്യാന്‍ ക്ഷണിച്ചു. പൊതുവേ ലജ്ജാലുവായ ജവഹര്‍ലാല്‍ മടിച്ചുനിന്നുവെങ്കിലും, ഗാഫര്‍ഖാന്റെയും സഹപ്രവര്‍ത്തകരുടെയും സ്‌നേഹപൂര്‍ണമായ ക്ഷണം നിരസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

അങ്ങനെ, രവിയും മണല്‍ത്തിട്ടയും ത്രിവര്‍ണപതാകയും ആര്‍ദ്രമായ നിലാവില്‍ കുളിച്ചു നില്‍ക്കവേ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ ഉറങ്ങാതെ കാലിടറാതെ ആ കൊടിമരത്തിന് ചുറ്റും നൃത്തം ചെയ്ത, ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പടിഞ്ഞാറേ അങ്ങേയറ്റത്തുള്ള പഠാണികള്‍ക്കൊപ്പം.

പൂര്‍ണസ്വരാജ് പ്രമേയം അവതരിപ്പിക്കപ്പെട്ട ആ രാത്രിയില്‍ തങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ ജവഹര്‍ലാലിനൊപ്പം ഹൃദയം നിറഞ്ഞു നൃത്തം ചെയ്യുമ്പോള്‍, അതിര്‍ത്തിഗാന്ധിയായ ഗാഫര്‍ഖാനും, ‘ഖുദായ് ഖിദ്മദ്ഗര്‍’ പ്രവര്‍ത്തകരും ഓര്‍ത്തത് അധികം വൈകാതെ സ്വതന്ത്രയാകുന്ന തങ്ങളുടെ ‘സ്വന്തം’ ഇന്ത്യയെക്കുറിച്ച് മാത്രമായിരുന്നു. മറ്റൊരു ഭാവി അവരുടെ മുന്നില്‍ ഇല്ലായിരുന്നു.

അബ്ദുള്‍ ഗാഫര്‍ ഖാനും നെഹ്‌റുവും

പക്ഷെ, ചരിത്രവും രാഷ്ട്രീയവും ഗാഫര്‍ ഖാനോടും ആ സാധു മനുഷ്യരോടും നീതി കാണിച്ചില്ല. 1947 ആയപ്പോഴേക്കും ”അതിര്‍ത്തിഗാന്ധിയുടെ’ പക്തൂന്‍ ദേശം ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും എന്നന്നേക്കുമായി വെട്ടി മുറിക്കപ്പെട്ടിരുന്നു.

ആഗ്രഹിച്ചത് പോലെ ഇന്ത്യയില്‍ ചേരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അന്ന്, ദല്‍ഹിയില്‍, യമുനയുടെ തീരത്ത്, ജവഹര്‍ലാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ, ദൂരെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ കത്തിയെരിയുന്ന തന്റെ ഗ്രാമത്തില്‍ ഇരുന്നുകൊണ്ട് ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ‘നിങ്ങള്‍ എന്നെ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തില്ലേ’ എന്ന് ഹൃദയം പൊട്ടിക്കരഞ്ഞു.

ആ കരച്ചില്‍, ജവഹര്‍ലാലിന്റെ കാതില്‍ എത്തുന്നതിനു മുന്‍പ് തന്നെ അതിര്‍ത്തികളും രാഷ്ട്രമീമാംസയുടെ നിയമങ്ങളും ഗാഫര്‍ഖാന് നേരെ ജാലകങ്ങള്‍ കൊട്ടിയടച്ചിരുന്നു. മുസ്‌ലിം ലീഗില്‍ ചേരാന്‍ ആവശ്യപ്പെട്ട ജിന്നയോട് പാകിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും കൊന്നൊടുക്കുന്നവരുടെ പാര്‍ട്ടിയില്‍ തനിക്ക് ചേരാന്‍ കഴിയില്ലെന്നു തുറന്ന് പറഞ്ഞ അദ്ദേഹം സ്വന്തം നാടിനും വേണ്ടാത്തവനായി ഒറ്റപ്പെട്ടുപോയി.

പിന്നീടൊരിക്കലും അബ്ദുള്‍ ഗാഫര്‍ ഖാന്‍ നൃത്തം ചെയ്തില്ല. അദ്ദേഹത്തിന്റെ ജീവിതം പാകിസ്ഥാനിലെ ജയിലുകള്‍ക്കുള്ളിലും വീട്ടുതടങ്കലിലും ഒതുങ്ങിപ്പോയി. എങ്കിലും, രവിയുടെ തീരത്ത്, ത്രിവര്‍ണപതാക ഉയര്‍ത്തിയ കൊടിമരത്തിന് ചുറ്റും ജവഹര്‍ലാലിനൊപ്പം നൃത്തം ചെയ്ത ലാഹോറിലെ ആ തണുത്ത രാത്രിയിലെ പൂര്‍ണസ്വരാജ് സ്വപ്നത്തിന്റെ ഓര്‍മയില്‍ മരണം വരെ അദ്ദേഹത്തിന്റെ നെഞ്ഞുരുകി.

ആ നെഞ്ഞുരുക്കലിന്റെയും കൂടി വിലയുണ്ട് നമ്മള്‍ ഇന്ന് ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്. ഒപ്പം ആരുടെയൊക്കെയോ മതരാഷ്ട്രീയ താല്‍പര്യത്തിന്റെ ഇരകളായി ഭൂപടത്തിലെ രണ്ട് രാജ്യങ്ങളില്‍ മരിച്ചു ജീവിച്ച ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെയും!
ഗാഫര്‍ഖാനും ആ മനുഷ്യരും എനിക്ക് എപ്പോഴും തീരാവേദനയാണ്. അപ്പോഴൊക്കെ അറിയാതെ ഒ.എന്‍.വിയുടെ വരികള്‍ ഓര്‍ത്തുപോകും.
‘ഏതു പക്ഷിക്കുമിങ്ങിടമേകും ഏകനീഡത്തിലാര്‍ കല്ലെറിഞ്ഞു.’

CONTENT HIGHLIGHTS: Sudha Menon’s write up about Abdul Ghaffar Khan

സുധ മേനോന്‍

സാമൂഹ്യപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more