| Thursday, 10th March 2022, 8:20 pm

ഈ മഹാരാജ്യം അതിവേഗം ഒരു വംശീയ ജനാധിപത്യമായി രൂപാന്തരം പ്രാപിക്കുമെന്നത് മനസിലാക്കി ഒന്നിച്ചുനിന്നാല്‍ എല്ലാര്‍ക്കും നല്ലത്: സുധ മേനോന്‍

സുധാ മേനോൻ

ഇനിയൊരു തിരിച്ചുവരവ് അത്ര എളുപ്പമല്ലാത്തവിധത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുപോയി. സത്യമാണ്. കുടുംബവാഴ്ച, ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ലായ്മ, അധികാരമോഹം, സംഘടനാ തെരഞ്ഞെടുപ്പ് നടത്താത്തത്, കൃത്യമായ ഒരു പ്രത്യയശാസ്ത്രമില്ലാത്തത് തുടങ്ങിയ നൂറായിരം കാരണങ്ങള്‍ നിരത്താം. കോണ്‍ഗ്രസ് ഇപ്പോഴും ഒരു പ്രൊഫഷണല്‍ രാഷ്ട്രീയ പാര്‍ട്ടി ആയി മാറിയിട്ടില്ല.

വ്യക്തി/ഗ്രൂപ്പ് താല്‍പര്യങ്ങളുടെ ഒരു കോണ്‍ഫെഡറേഷന്‍ മാത്രമാണ് എന്നുള്ളതും സത്യമാണ്.
എന്നാല്‍, കോണ്‍ഗ്രസ് തകര്‍ന്നുതരിപ്പണമായാല്‍ മാത്രമേ പുതിയ ബദല്‍ ബി.ജെ.പിക്കു എതിരെ ഉയര്‍ന്നു വരികയുള്ളൂ എന്ന് വാദിക്കുന്ന സി.പി.ഐ.എം സുഹൃത്തുക്കള്‍ ധാരാളം ഉണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ സംസ്ഥാനങ്ങളില്‍ എല്ലാം കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിട്ടു എന്ന് അവര്‍ ചൂണ്ടികാണിക്കുന്നു. അതും സമ്മതിക്കാം.

പക്ഷെ, എന്തുകൊണ്ട് വളരെപെട്ടെന്ന് ആപ്പ് ദല്‍ഹിയിലും, പഞ്ചാബിലും, ഗുജറാത്തിലും ഒക്കെ വളര്‍ന്നുവരുന്നു? എന്തുകൊണ്ടാണ് ഏകദേശം നൂറിനടുത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള, സുസംഘടിതമായ, കേഡര്‍ സംവിധാനമുള്ള ഇടതുപാര്‍ട്ടികള്‍ക്ക് ഇത് കഴിയാത്തത്? അരവിന്ദ് കെജ്രിവാളും ചൂലും ഇന്ന് ഇന്ത്യ മുഴുവന്‍ പരിചിതമാണ്. സീതാറാം യെച്ചൂരി ദല്‍ഹി മാധ്യമങ്ങള്‍ക്കു അപ്പുറം എത്രമേല്‍ പരിചിതനാണ് എന്ന് അറിയാമോ?

ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന് ശേഷം ഉത്തരേന്ത്യയില്‍ പരിചിതമായ ഒരു മുഖം നിങ്ങള്‍ക്ക് ഉണ്ടോ? എന്തുകൊണ്ട് ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ സി.പി.ഐ.എമ്മിന് കഴിയുന്നില്ല? ജാതി/ വര്‍ഗ രാഷ്ട്രീയമെന്ന ക്‌ളീഷേ ഒക്കെ അപ്രസക്തമാണ്.

ആപ്പ് ഒരു പരിധിവരെ ഇതൊക്കെ മറികടന്നു. 1980 ലെ തെരഞ്ഞെടുപ്പില്‍ 6.2 ശതമാനമായിരുന്നു സി.പി.ഐ.എമ്മിന്റെ വോട്ട് ഷെയര്‍. അതിന് ശേഷം അത് ചുരുങ്ങിച്ചുരുങ്ങി 2019ല്‍ 1.75 ആയി മാറി! ഇന്ത്യയില്‍ വെറും 1.75 ശതമാനം മാത്രമാണ് ഇന്ന് സി.പി.ഐ.എമ്മിന്റെ വോട്ട് ഷെയര്‍ എന്നോര്‍ക്കണം. കോണ്‍ഗ്രസിന്റേത് ഏകദേശം 42 ശതമാനത്തില്‍ നിന്ന് 19.4 ശതമാനമായി കുറഞ്ഞു.

പിന്നെ കോണ്‍ഗ്രസിനെപോലെ തന്നെ, ഭരണം നഷ്ടപ്പെട്ട രണ്ട് സംസ്ഥാനങ്ങളിലും ഇടതുപക്ഷം തിരികെ വരാന്‍ ശേഷിയില്ലാത്ത വിധം തകര്‍ന്നുപോയി. അധികാരമോഹം തീരെ ബാധിക്കാത്ത വിധം ശക്തമായ കേഡറുകള്‍ ഉള്ള പാര്‍ട്ടി ആണെങ്കില്‍ എന്തുകൊണ്ട് ബംഗാളിലും ത്രിപുരയിലും തിരിച്ചുവരാന്‍ കഴിയുന്നില്ല? ആ കേഡറുകള്‍ എങ്ങോട്ട് പോയി? ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന അസംഘടിതതൊഴിലാളികളില്‍ ഇടതുട്രേഡ് യൂണിയനുകള്‍ നാമമാത്രമാണ്.

ഐ.എന്‍.ടി.യു.സി ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളില്‍ ഒന്നാണ്. അത് ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയം ആണെങ്കിലും.
പറഞ്ഞുവന്നത് ഇത്രേയുള്ളൂ. സംഘപരിവാര്‍ വിരുദ്ധ ബദല്‍ ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം നൂറു വര്‍ഷങ്ങളുടെ പഴക്കമുള്ള കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഉണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മിനിമം 10 ശതമാനം വോട്ട് ഷെയര്‍ എങ്കിലും ഒരു രാജ്യത്ത് നേടിയെടുക്കാന്‍ ഇത്രേം വര്‍ഷങ്ങളുടെ പാരമ്പര്യം ധാരാളമാണ്.

അതും ജനപക്ഷരാഷ്ട്രീയം പറയുന്ന പാര്‍ട്ടികള്‍ക്ക്! സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ അന്തഃഛിദ്രമോ കോണ്‍ഗ്രസിന്റെ കുടുംബ- ആള്‍ക്കൂട്ട രാഷ്ട്രീയമോ, ഒറ്റബുദ്ധിയോ, വിവരക്കേടോ, വലതു വ്യതിയാനമോ ഒന്നുമില്ലാത്ത ‘916 ബുദ്ധിജീവി- കേഡര്‍- ജനാധിപത്യ’ പാര്‍ട്ടിയായ സി.പി.ഐ.എമ്മിന് എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല?

അതുകൊണ്ട്, കോണ്‍ഗ്രസുകാര്‍ വന്‍തോല്‍വി ആണെങ്കില്‍ നിങ്ങള്‍ അതിലും വല്യ തോല്‍വി ആണ്. തെരഞ്ഞെടുപ്പ് പരാജയത്തോടെ കോണ്‍ഗ്രസ് പിരിച്ചുവിട്ട് മറ്റു പാര്‍ട്ടികള്‍ക്ക് വഴിയൊരുക്കണമെങ്കില്‍ വെറും 1.75 ശതമാനം മാത്രം വോട്ട് ഷെയറുള്ള മുത്തശ്ശി പാര്‍ട്ടികള്‍ക്കും അത് ബാധകമാണ്.

നേരെ മറിച്ച് നമ്മള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം ഇതൊന്നുമല്ല, ഈ മഹാരാജ്യം അതിവേഗം ഒരു വംശീയജനാധിപത്യമായി രൂപാന്തരം പ്രാപിക്കുന്നതാണ് എന്ന് മനസിലാക്കി രണ്ടു കൂട്ടരും ഭാവിയില്‍ ഒന്നിച്ചു നിന്നാല്‍ എല്ലാര്‍ക്കും നല്ലത്.

 Content Highlights: Sudha Menon's opinion about Five state Election result 
സുധാ മേനോൻ

We use cookies to give you the best possible experience. Learn more