| Tuesday, 8th March 2022, 10:38 pm

മുത്തശ്ശിപാര്‍ട്ടി എന്ന് കോണ്‍ഗ്രസിനെ വിളിക്കുന്നത് 'മുത്തശ്ശന്‍മാരെ' പാര്‍ലമെന്റിലേക്ക് അയക്കേണ്ടതുകൊണ്ടല്ല: സുധ മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തക സുധ മേനോന്‍. മുത്തശ്ശിപാര്‍ട്ടി എന്ന് കോണ്‍ഗ്രസിനെ വിളിക്കുന്നത് ‘മുത്തശ്ശന്‍മാരെ’ പാര്‍ലമെന്റിലേക്ക് അയക്കേണ്ടതുകൊണ്ടല്ലെന്നും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപാര്‍ട്ടി ആയതു കൊണ്ടാണെന്നും അവര്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധയുടെ പ്രതികരണം.

‘കോണ്‍ഗ്രസിനെ ‘മുത്തശ്ശപാര്‍ട്ടി/ മുത്തശ്ശിപാര്‍ട്ടി’ – the grand old party എന്ന് വിളിക്കുന്നത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപാര്‍ട്ടി ആയതു കൊണ്ടാണ്. അല്ലാതെ അതിന്റെ അര്‍ഥം ‘മുത്തശ്ശന്‍മാരെ’ മാത്രം പാര്‍ലമെന്റിലേക്ക് അയക്കേണ്ട പാര്‍ട്ടി എന്നല്ല.

ഇത്രയെങ്കിലും സീറ്റുമോഹികളായ സീനിയര്‍ നേതാക്കള്‍ മനസിലാക്കണം. ??
ബഹുസ്വരഇന്ത്യയെന്ന ആശയത്തിന്റെ നിലനില്‍പ്പിന് വേണ്ടി മാത്രം നിങ്ങളെ പിന്തുണക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ ക്ഷമയെ നോക്കി കൊഞ്ഞനം കുത്തരുത്,’ സുധ മേനോന്‍ എഴുതി.

അതേസമയം, രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നും വളരെ നേരത്തേതന്നെ വിടപറഞ്ഞിട്ടുള്ളതാണെന്നും ഒരു സാഹചര്യത്തിലും തിരിച്ചുവരവുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ഒരു അഭ്യര്‍ത്ഥന: എ.കെ. ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നും വളരെ നേരത്തേതന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല.അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന,’ വി.എം. സുധീരന്‍ ഫേസ്ബുക്കില്‍ എഴുതി.

ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞിരുന്നു. മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്റണി പറഞ്ഞിരുന്നു.

CONTENT HIGHLIGHTS: Sudha Menon responds to an issue related to the Rajya Sabha seat in the Congress

We use cookies to give you the best possible experience. Learn more