കോഴിക്കോട്: കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തക സുധ മേനോന്‍. മുത്തശ്ശിപാര്‍ട്ടി എന്ന് കോണ്‍ഗ്രസിനെ വിളിക്കുന്നത് ‘മുത്തശ്ശന്‍മാരെ’ പാര്‍ലമെന്റിലേക്ക് അയക്കേണ്ടതുകൊണ്ടല്ലെന്നും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപാര്‍ട്ടി ആയതു കൊണ്ടാണെന്നും അവര്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധയുടെ പ്രതികരണം.
‘കോണ്‍ഗ്രസിനെ ‘മുത്തശ്ശപാര്‍ട്ടി/ മുത്തശ്ശിപാര്‍ട്ടി’ – the grand old party എന്ന് വിളിക്കുന്നത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപാര്‍ട്ടി ആയതു കൊണ്ടാണ്. അല്ലാതെ അതിന്റെ അര്‍ഥം ‘മുത്തശ്ശന്‍മാരെ’ മാത്രം പാര്‍ലമെന്റിലേക്ക് അയക്കേണ്ട പാര്‍ട്ടി എന്നല്ല.
ഇത്രയെങ്കിലും സീറ്റുമോഹികളായ സീനിയര്‍ നേതാക്കള്‍ മനസിലാക്കണം. ??
ബഹുസ്വരഇന്ത്യയെന്ന ആശയത്തിന്റെ നിലനില്‍പ്പിന് വേണ്ടി മാത്രം നിങ്ങളെ പിന്തുണക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ ക്ഷമയെ നോക്കി കൊഞ്ഞനം കുത്തരുത്,’ സുധ മേനോന്‍ എഴുതി.
അതേസമയം, രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നും വളരെ നേരത്തേതന്നെ വിടപറഞ്ഞിട്ടുള്ളതാണെന്നും ഒരു സാഹചര്യത്തിലും തിരിച്ചുവരവുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു.