അതുകൊണ്ടാണ് വര്‍ത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയെ അര്‍ണബ് വെറും ഭീരുവായി അടയാളപ്പെടുത്തുന്നത്; സുധ മേനോന്‍ പറയുന്നു
national news
അതുകൊണ്ടാണ് വര്‍ത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയെ അര്‍ണബ് വെറും ഭീരുവായി അടയാളപ്പെടുത്തുന്നത്; സുധ മേനോന്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th April 2020, 6:11 pm

കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഭീരു എന്ന് വിളിച്ച അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇതേ സമയത്ത് സോണിയാ ഗാന്ധിയെ കുറിച്ച് സുധാ മേനോന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

ഏറ്റവും ധീരയായ, അപൂര്‍വ നന്മയുള്ള ഒരു സ്ത്രീ ആയതു കൊണ്ടാണ് സോണിയാ ഗാന്ധി രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാന്‍ മുന്‍കൈ എടുത്തത്. അത്‌കൊണ്ടാണ് ആ അമ്മയുടെ മകള്‍ക്ക് നളിനിയെ ജയിലില്‍ പോയി നേരിട്ടു കാണാനും ഹൃദയത്തോട് ചേര്‍ത്തു പിടിക്കാനും കഴിഞ്ഞത്. സ്വന്തം ഭര്‍ത്താവിന്റെ ഘാതകരോട് ക്ഷമിച്ച ആ സോണിയ ഗാന്ധിയാണോ നിസ്സാരകാര്യത്തിന് നിങ്ങളെ ആക്രമിക്കാന്‍ ആളെ വിടുന്നതെന്ന് പോസ്റ്റില്‍ സുധാ മേനോന്‍ ചോദിക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാം

പ്രിയപ്പെട്ട അർണബ് ഗോസ്വാമി,
ഇന്ത്യയിലെ ഏറ്റവും വലിയ ‘ഭീരു’ എന്ന് നിങ്ങൾ വിളിച്ച ആ സ്ത്രീയെക്കുറിച്ചു എപ്പോഴെങ്കിലും ശാന്തമായി ഇരുന്ന് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ. എന്ത് തെറ്റാണ് ഈ രാജ്യത്തോട് അവർ ചെയ്തത് എന്ന് നിങ്ങൾ ഒന്നുകൂടിചിന്തിച്ചു നോക്കണം.

1991 May 21 ന് അർധരാത്രി, അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആർ. വെങ്കട്ടരാമൻ ഏർപ്പാട് ചെയ്ത എയർഫോഴ്‌സ് വിമാനത്തിലാണ് സോണിയാഗാന്ധിയും പ്രിയങ്കയും ശ്രീപെരുംപുത്തൂരിലേക്ക് യാത്ര തിരിച്ചത്. അവസാനമായി രാജീവ് ഗാന്ധിയെ ഒരു നോക്കു കാണാൻ. പക്ഷെ, പുലർച്ചെ 4. 30 നു മദ്രാസിൽ എത്തിയ അവർക്കു കാണാൻ ഒന്നും ബാക്കിയുണ്ടായിരുന്നില്ല, ഒന്നും….ബോംബേറിൽ ചിതറിത്തെറിച്ച ഭർത്താവിന്റെ ശരീരഭാഗങ്ങൾ അടക്കം ചെയ്ത ഒരു പെട്ടിയല്ലാതെ! ഒപ്പം രാജീവ് ജിയുടെ സുരക്ഷാഉദ്യോഗസ്ഥൻ ആയ പ്രദീപ് ഗുപ്‌തയുടെയും ശരീരഭാഗങ്ങൾ ഒരു പെട്ടിയിൽ അടക്കം ചെയ്തിരുന്നു.തിരികെ മടങ്ങുമ്പോൾ വിമാനത്തിൽ വെച്ച്, ഒരു കൈകൊണ്ടു കണ്ണീര്‍ തുടക്കുകയും മറ്റേ കൈ കൊണ്ട് പൂക്കള്‍ കോര്‍ത്തു ഒരു മാല ഉണ്ടാക്കി ആ പെട്ടിയില്‍ ചാര്‍ത്തുകയും ചെയ്തു, അവര്‍. ആ പെട്ടിയിൽ കൈകൾ അമർത്തി, സ്വന്തം മകള്‍ ഹൃദയം തകർന്നു കരയുമ്പോൾ, തൊട്ടടുത്ത് അനാഥമായി കിടക്കുന്ന പ്രദീപ്‌ ഗുപ്തയുടെ ശരീരം അടക്കം ചെയ്ത പെട്ടിയില്‍ ചാര്‍ത്താന്‍ വീണ്ടും മാല കൊരുക്കുകയായിരുന്നു സോണിയാ ഗാന്ധി എന്ന ധീരയായ സ്ത്രീ.

അവര്‍ എക്കാലത്തും അങ്ങനെ തന്നെയായിരുന്നു. അനിതരസാധാരണമായ സഹാനുഭൂതിയും, വിമര്‍ശനങ്ങള്‍ക്ക് നേരെയുള്ള പക്വമായ സമീപനവും അവരെ എന്നും വേറിട്ട്‌ നിര്‍ത്തി. 2004ഇല്‍ അധികാരം, തൊട്ടടുത്ത്‌ എത്തിയിട്ടും, അവര്‍ ശാന്തമായി അത് നിരസിച്ചു. ഇന്ത്യയില്‍ ഇത്രയും കാലം ജീവിച്ചിട്ടും, സ്വന്തം ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും രാജ്യത്തിന്‌ വേണ്ടി ജീവന്‍ നല്‍കിയിട്ടും, ഏറ്റവും അരക്ഷിതമായ സ്വകാര്യജീവിതം നയിക്കേണ്ടി വന്നിട്ടും, അവരെ തരം കിട്ടുമ്പോഴൊക്കെ ‘വിദേശിയും’ , ‘അധികാരമോഹിയും’ ആയി വലതുപക്ഷ മാധ്യമങ്ങളും, രാഷ്ട്രീയപ്പാര്ട്ടികളും നിരന്തരം വേട്ടയാടി. എന്നിട്ടും അവര്‍ നിര്‍മമമായി അതിനെയൊക്കെ അവഗണിച്ചു. വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, എല്ലാ പ്രതിസന്ധിഘട്ടത്തിലും, ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലും ഒരുപോലെ അവര്‍ കോണ്‍ഗ്രസ് എന്ന വിശാലമായ പ്ലാറ്റ് ഫോമിനെ ചേര്‍ത്തു നിര്‍ത്തുന്ന കണ്ണിയായി. ഇത്രയും കാലത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കലും സോണിയാ ഗാന്ധി വര്‍ഗീയമായി ചിന്തിക്കുകയോ, ജനങ്ങള്‍ക്കിടയിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കുകയോ ചെയ്തില്ല. രണ്ടായിരത്തി നാലിൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയപ്പോൾ മുതൽ 2014 വരെ
ദേശിയ ഉപദേശക സമിതിയുടെ ചെയർപേഴ്‌സൺ ആയിരുന്നു സോണിയാ ഗാന്ധി. അരുണാ റോയ്, എം. എസ്. സ്വാമിനാഥൻ, മാധവ് ഗാഡ്ഗിൽ,ജീൻ ഡ്രീസ്, ഹർഷ് മന്ദർ, മിറായ് ചാറ്റർജി..തുടങ്ങി ഇന്ത്യൻ പൊതുമണ്ഡലത്തിലെയും സാമൂഹ്യ-മനുഷ്യാവകാശരംഗത്തെയും സർവാദരണീയരായ വിദഗ്ധരെ ഉൾപ്പെടുത്തിയ ആ കൂട്ടായ്മയാണ് വിവരാവകാശനിയമവും, തൊഴിലുറപ്പ് പദ്ധതിയും, ഭക്ഷ്യസുരക്ഷാ നിയമവും ഇന്ത്യയിൽ യാഥാർഥ്യമാക്കിയത്. എല്ലാ draft ബില്ലുകളും നിരന്തരമായ ചർച്ചയിലൂടെയും സമവായത്തിലൂടെയും ആണ് പിറവിയെടുത്തത് . വിദ്യാഭ്യാസം മൗലികാവകാശം ആക്കിയ വിപ്ലവകരമായ ചുവടുവെയ്പ്പ് നടത്താൻ മുന്നിൽ നിന്നത് നിങ്ങൾ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീരു എന്ന് വിളിച്ച സോണിയാ ഗാന്ധി അധ്യക്ഷ ആയിരുന്ന NAC ആയിരുന്നു . ഒരു പൊതുനയവും നാടകം കളിയിലൂടെയോ, രക്ഷക വേഷം കെട്ടലിലൂടെയോ, ആക്രോശങ്ങളിലൂടെയോ അവർ നടത്തിയില്ല.സംവാദവും, സമവായവും, സഹാനുഭൂതിയും,ബഹുസ്വരതയും ആണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്ത എന്ന് അവർ വിനയത്തോടെ അംഗീകരിച്ചിരുന്നു.

അവർ ഏറ്റവും ധീരയായ, അപൂർവ നന്മയുള്ള ഒരു സ്ത്രീ ആയതു
കൊണ്ടാണ്, രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാൻ മുൻകൈ എടുത്തത്. അത്കൊണ്ടാണ് ആ അമ്മയുടെ മകൾക്ക് നളിനിയെ ജയിലിൽ പോയി നേരിട്ടു കാണാനും ഹൃദയത്തോട് ചേർത്തു പിടിക്കാനും കഴിഞ്ഞത്. സ്വന്തം ഭർത്താവിന്റെ ഘാതകരോട് ക്ഷമിച്ച ആ സോണിയ ഗാന്ധിയാണോ നിസ്സാരകാര്യത്തിന് നിങ്ങളെ ആക്രമിക്കാൻ ആളെ വിടുന്നത്!
പ്രിയപ്പെട്ട ഗോസ്വാമി, നിങ്ങൾക്ക് അത് മനസ്സിലാകണമെങ്കിൽ മനുഷ്യ നന്മയിൽ അത്രമേൽ വിശ്വാസം വേണം. വെറുപ്പും, ഉന്മൂലനവും, തിരസ്കാരവും മതവെറിയും മാത്രം നിറഞ്ഞ മനസിന് ഒരിക്കലും മാനവികതയുടെയും, കരുണയുടെയും ആഴത്തിലുള്ള മൂല്യങ്ങൾ മനസിലാവില്ല. അതുകൊണ്ടാണ് വർത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയെ നിങ്ങൾ വെറും ഭീരുവായിഅടയാളപ്പെടുത്തുന്നത്. കാലം നിങ്ങളോട് സംസാരിച്ചുകൊള്ളും.
കാരണം,ചരിത്രം എവിടെയും തറഞ്ഞു
നിൽക്കുന്നില്ല.