തെന്നിന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് സുധ കൊങ്കാര. മണി രത്‌നത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ഏഴ് വര്‍ഷം ജോലി ചെയ്ത സുധ ആന്ധ്ര അണ്ടഗഡു എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായികയാവുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമുള്‍പ്പെടെ നിരവധി സിനിമകളാണ് സുധ സംവിധാനം ചെയ്തത്.
സ്ത്രീകളായ ക്രൂ മെമ്പേഴ്‌സിനെ ഉള്‍പ്പെടുത്തി 2002 ല്‍ രേവതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മിത്ര് മൈ ബെസ്റ്റ് ഫ്രണ്ട് എന്ന ചിത്രത്തിന്റേയും ഭാഗമായിരുന്നു സുധ കൊങ്കാര.
തന്നെ ഏറ്റവുമധികം സ്വാധീനിച്ച സംവിധായികയാണ് രേവതി എന്ന് പറയുകയാണ് സുധ കൊങ്കാര. താനിത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണെന്നും എന്നാല്‍ കട്ട് ചെയ്ത് വിടുകയായിരുന്നു എന്നാണ് മനസിലാക്കുന്നതെന്നും സുധ പറഞ്ഞു.
ഷൂട്ട് ചെയ്യുമ്പോഴുള്ള ഡിസിപ്ലിന്‍ താന്‍ പഠിച്ചത് മണിരത്‌നത്തില്‍ നിന്നാണെന്നും സുധ കൂട്ടിച്ചേര്‍ത്തു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധ കൊങ്കാര.
‘എന്നെ വളരെ വലിയ അളവില്‍ സ്വാധീനിച്ച സംവിധായികയാണ് രേവതി എന്ന് പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ഭാഗങ്ങളൊക്കെ കട്ട് ചെയ്തെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സ്ത്രീകളെ മാത്രം ക്രൂ മെമ്പേഴ്സാക്കി രേവതി അമേരിക്കയില്‍ പോയി ഒരു സിനിമ ചെയ്തിരുന്നു. 19 പെണ്‍കുട്ടികളാണ് ആ ക്രൂവില്‍ ഉണ്ടായിരുന്നത്.
ഞങ്ങള്‍ തന്നെയാണ് സെറ്റില്‍ എല്ലാ ജോലിയും ചെയ്തത്. ഞാന്‍ ആ സിനിമയില്‍ ക്ലാപ്പ് അടിക്കും, ഡയലോഗ് പറഞ്ഞുകൊടുക്കും, കണ്ടിന്യുവിറ്റി നോക്കും. കോസ്റ്റ്യും ഡിസൈനറായിരുന്ന പ്രഭ എന്ന പെണ്‍കുട്ടിയാണ് സൗണ്ട് റെക്കോര്‍ഡിസ്റ്റായത്. അവള്‍ ജീവിതത്തില്‍ സൗണ്ട് ബോക്സ് പിടിച്ചിട്ടേയില്ല. രേവതി എല്ലാം ചെയ്യും. ആ സെറ്റില്‍ വെച്ച് എല്ലാം ചെയ്യാന്‍ ഞാന്‍ പഠിച്ചു,’ സുധ കൊങ്കാര പറഞ്ഞു.
‘ഇരുതി സുട്രു എടുക്കാനുള്ള ട്രെയിനിംഗ് എനിക്ക് ലഭിച്ചത് രേവതിയില്‍ നിന്നുമാണ്. വളരെ കുറച്ച് പൈസ കൊണ്ട് സിനിമ എടുക്കുക.
ഇരുതി സുട്രു 44 ദിവസം കൊണ്ടാണ് രണ്ട് ഭാഷകളില്‍ എടുത്തത്. നെറ്റിക്ക് നേരെ ഒരു തോക്ക് വെച്ച് ചെയ്യുന്നത് പോലെയായിരുന്നു ആ ഷൂട്ട്. അതൊരു ഹൊറിബിള്‍ എക്സ്പീരിയന്‍സ് ആയിരുന്നു. സൂരറൈ പോട്രും അതേ സ്പീഡിലാണ് ചെയ്ത് തീര്‍ത്തത്.
ഒരു സിനിമയുടെ ഷൂട്ട് 60 ദിവസത്തിനപ്പുറം പോവുകയാണെങ്കില്‍ മണി സാര്‍ അസ്വസ്ഥനാകും. കണ്ണത്തില്‍ മുത്തമിട്ടാല്‍ 55 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ആ ഡിസിപ്ലിന്‍ ഞാന്‍ മണി സാറിന്റെ കയ്യില്‍ നിന്നുമാണ് പഠിച്ചത്. രേവതിയുടെ കയ്യില്‍ നിന്നുമാണ് പെര്‍ഫോമന്‍സ് എങ്ങനെ വേണമെന്ന് പഠിച്ചത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Sudha Konkara says that Revathi is her most influential director