ലേഡി ഡയറക്ടര്‍ എന്ന് വിളിക്കുന്നത് അംഗീകരിക്കില്ലെന്ന് ഡയറക്ടര്‍ സുധ കൊങ്കാര. തന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരുമൊത്ത് പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് സുധ ഇക്കാര്യം വെളിപ്പെടുത്തിയത്.
പലരും തന്നെ ലേഡി ഡയറക്ടര്‍ എന്ന് അടയാളപ്പെടുത്തുന്നതെന്നും എന്താണ് അതിന്റെ ആവശ്യമെന്നും സുധ ചോദിക്കുന്നു.
‘സുരരൈ പോട്ര് പടം ഇറങ്ങുന്നതിന് മുമ്പ എന്റെ ഒരു സുഹൃത്ത് പറഞ്ഞു; ഒരു ഹീറോയോട് പടത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഓ അത് ആ ലേഡി ഡയറക്ടര്‍ എടുത്ത ചിത്രമല്ലേ എന്ന്. അങ്ങനെ പറയുന്നതേ എനിക്ക് ദേഷ്യം വരുന്ന കാര്യമാണ്. എന്തിനാണ് ലേഡി ഡയറക്ടര്‍ എന്ന് വിളിക്കുന്നത്, ഞാന്‍ ബാക്കിയുള്ളവരെയൊക്കെ ജെന്‍സ് ആക്ടര്‍ എന്നാണോ വിളിക്കുന്നത്. അല്ലല്ലോ…
ഞാന്‍ ഒരു സ്ത്രീ ആയതില്‍ അഭിമാനിക്കുന്ന ഒരാളാണ്. ലേഡി ഡയറക്ടര്‍ എന്ന് വിളിക്കുന്നതെന്തിനാണ്? എന്നെ ഡയറക്ടര്‍ എന്ന് വിളിക്കൂ.. അവരുടെ സിനിമ ഓടുന്ന അതേ തീയേറ്ററില്‍ തന്നെയല്ലേ എന്റെ പടവും ഓടുന്നത്,’ സുധ ചോദിക്കുന്നു.
‘ഓപണ്‍ പണ്ണ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതേ അഭിമുഖത്തില്‍ തന്നെ സൂരരൈ പോട്രിലെ സൂര്യയുടെ കഥാപാത്രം ഭാര്യയായ ബൊമ്മിയോട് പണം ചോദിക്കുന്ന സീന്‍ തന്റെ ഡയറ്കടര്‍ ടീമിലെ പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് സുധ പറഞ്ഞിരുന്നു.
സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ തന്റെ ടീമില്‍ പലതരത്തിലുള്ള അഭിപ്രായമുള്ളവര്‍ ഉണ്ടായിരുന്നുവെന്നാണ് സുധ പറയുന്നത്.
‘ഞങ്ങള്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കൂട്ടത്തില്‍ ജെന്‍ഡറും ക്ലാസും ജാതിയും പ്രാതിനിധ്യവും ഒക്കെ പ്രശ്നങ്ങളായുള്ള ആളുകളുണ്ടായിരുന്നു. പല കാര്യങ്ങളിലും അവര്‍ സെന്‍സിറ്റീവ് ആയിരുന്നു. ഉദാഹരണത്തിന് സൂര്യ ഭാര്യയോട് കാശ് ചോദിക്കുന്ന സീന്‍ പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല,’ സുധ പറയുന്നു.
‘സൂര്യയെ പോലൊരു വലിയ ഹീറോ വന്ന് ഒരു സ്ത്രീയോട് പണം ചോദിക്കുകയോ’ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്.
അതാരായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ഇക്കൂട്ടത്തില്‍ ആരും അല്ല എന്നായിരുന്നു സുധയുടെ മറുപടി.
സുധ കൊങ്കാരയുടെ സൂരരൈ പോട്രിന് പിന്നാലെ പാവ കഥൈകളിലെ തങ്കം എന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക