| Sunday, 14th July 2024, 3:02 pm

ഹിന്ദി അടിച്ചേല്പിക്കുന്നതിരെ സംസാരിക്കുന്ന സിനിമയാണ് അത്, സ്വല്പം സമയമെടുക്കും: സുധ കൊങ്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ ഉള്‍പെടുത്താന്‍ പറ്റുന്നയാളാണ് സുധ കൊങ്കര. ഇരുധി സുട്ര് എന്ന ചിത്രത്തിലൂടെ മാധവന് തിരിച്ചുവരവ് നല്‍കിയ സുധ സൂരറൈ പോട്രിലൂടെ സൂര്യക്കും തിരിച്ചുവരവ് ഒരുക്കി. 2020ലെ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ അഞ്ച് അവാര്‍ഡാണ് സൂരറൈ പോട്ര് നേടിയത്. മികച്ച സംവിധാനത്തിനുള്ള അവാര്‍ഡും ഇതില്‍ പെടുന്നു.

സൂരറൈ പോട്രിന് ശേഷം സുധയും സൂര്യയും ഒന്നിക്കുന്ന ചിത്രമാണ് പുറനാനൂറ്. മലയാളത്തിന്റെ സ്വന്തം ദുല്‍ഖറും, നസ്രിയയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1980കളിലെ കഥ പറയുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. സൂരറൈ പോട്രിന് സംഗീതം നല്‍കിയ ജി.വി പ്രകാശ് തന്നെയാണ് പുറനാനൂറിന്റെയും സംഗീതം. എന്നാല്‍ മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങുമെന്ന് അറിയിച്ച ചിത്രം ഇലക്ഷന്‍ കാരണം മാറ്റിവെച്ചിരുന്നു.

പിന്നീട് ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരെ പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായിക സുധാ കൊങ്കര അറിയച്ചു. തന്റെ അടുത്ത ചിത്രം മറ്റൊന്നാണെന്നും അതിന് ശേഷം സൂര്യയുമായി ചേര്‍ന്ന് പുറനാനൂറ് ചെയ്യുമെന്നും സുധ പറഞ്ഞു. ഹിന്ദി അടിച്ചേല്പിക്കലടക്കം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് അതെന്നും സുധ കൂട്ടിച്ചേര്‍ത്തു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് സുധ ഇക്കാര്യം പറഞ്ഞത്.

‘പുറനാനൂറ് ഉപേക്ഷിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. ഇപ്പോള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇലക്ഷന്‍ സമയത്ത് ഒരുപാട് നിയന്ത്രണങ്ങള്‍ വന്നതുകൊണ്ടാണ് ആ സമയത്ത് ഷൂട്ട് തുടങ്ങാന്‍ കഴിയാതെ പോയത്. ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് കിട്ടാതായി. അതാണ് സംഭവിച്ചത്. ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന ഒരു സിനിമയാണത്.

അടുത്തതായി ഞാന്‍ ചെയ്യാന്‍ പോകുന്നത് ഒരു തമിഴ് സിനിമയാണ്. സൂര്യ അതിന്റെ ഭാഗമാകില്ല. ആ സിനിമക്ക് ശേഷമാകും ഞാനും സൂര്യയും പുറനാനൂറ് ചെയ്യുക. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് പുറനാനൂറ്. ഹിന്ദി അടിച്ചേല്പിക്കുന്നതടക്കം ഒരുപാട് കാര്യങ്ങള്‍ ആ സിനിമയില്‍ പറഞ്ഞു പോകുന്നുണ്ട്,’ സുധ കൊങ്കര പറഞ്ഞു.

Content Highlight: Sudha Kongara about Purananooru movie

We use cookies to give you the best possible experience. Learn more