പുലിമുരുകൻ എന്ന ചിത്രം പ്രായഭേദമില്ലാതെ എല്ലാ പ്രേക്ഷകർക്കും ഇഷ്ട്ടമാണ്. ചിത്രത്തിൽ മോഹൻലാൽ മുട്ടുകുത്തി നിൽക്കുന്നതുപോലെ അനുകരിക്കാൻ കുട്ടികൾക്കും ഇഷ്ട്ടമാണ്. മലയാളത്തിന്റെ ആദ്യ നൂറുകോടി ചിത്രത്തെപ്പറ്റി പറയാൻ അഭിനേതാക്കൾക്ക് വിശേഷങ്ങൾ ഏറെയാണ്. പുലിമുരുകനെപ്പറ്റി തന്റെ ഓർമകൾ പങ്കുവെക്കുകയാണ് നടൻ സുധീർ കരമന.
പുലിമുരുകനിലെ ഫൈറ്റ് രംഗം ഷൂട്ട് ചെയ്യാൻ മോഹൻലാൽ മണിക്കൂറുകളോളം തലകീഴായി കിടന്നെന്ന് പറയുകയാണ് സുധീർ കരമന. തല കീഴായി കിടന്നിട്ടും മോഹൻലാലിന് ക്ഷീണമൊന്നും ഉണ്ടായിരുന്നില്ലെന്നും ഒപ്പം അഭിനയിക്കുന്നവർക്ക് പ്രചോദനം തരുന്ന രീതിയിലുള്ള അഭിനയം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർബിൻ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ സീൻ ഒരു ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ലാലേട്ടന്റെ ഫൈറ്റ് സീൻ വളരെ വലുതായിരുന്നു. അദ്ദേഹം മണിക്കൂറുകളോളം തലകീഴായി കിടന്നിട്ടുണ്ട്. ലാലേട്ടൻ ഫിസിക്കലി ഫിറ്റാണ്. അതുപറയാൻ കാരണം, രണ്ടുമിനിറ്റ് പോലും നമുക്ക് തല കീഴായി കിടക്കാൻ പറ്റില്ല. തല കീഴായി കിടക്കുമ്പോൾ ബ്ലഡ് തലയുടെ ഭാഗത്തേക്ക് വരുന്നു. അദ്ദേഹം അതൊക്കെ വളരെ നിസ്സാരമായിട്ടാണ് ചെയ്യുന്നത്,’ സുധീർ കരമന പറഞ്ഞു.
തലകീഴായി എത്രനേരം കിടക്കേണ്ടി വന്നാലും എല്ലാ ഷോട്ടും മോഹൻലാൽ വളരെ മികച്ചതാക്കുമെന്നും അദ്ദേഹം സന്തോഷത്തോടെയാണ് എല്ലാ വർക്കും ചെയ്യുന്നതെന്നും സുധീർ കരമന പറഞ്ഞു.
‘തല കീഴായി കിടന്നാലും ഫ്‌ളൈ ചെയ്ത് പോകുന്ന ഷോട്ടും ക്രെയിൻ ഷോട്ടുമെല്ലാം വളരെ മികച്ചതായിട്ടാണ് അദ്ദേഹം ചെയ്തത്. കൂടാതെ ഒരു സന്തോഷം അദ്ദേഹത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം അത് ചെയ്യുമ്പോൾ എതിരെ നിൽക്കുന്ന ഞങ്ങൾക്കും ഒരു സന്തോഷം ഉണ്ട്. ഞങ്ങളിൽ ഉണ്ടാക്കിയ ആ ഇൻസ്പിരേഷൻ അദ്ദേഹത്തിന്റെ സക്‌സസ് ആണ്,’ സുധീർ കരമന പറഞ്ഞു.
Content Highlights: Sudgheer karamana on Mohanlal