സമാന്തര സിനിമകള്‍ സാധാരണക്കാരിലേക്ക് എത്തുന്നില്ല: സുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: എന്താണ് ജനകീയ സിനിമയെന്നു നിര്‍വചിക്കുക എളുപ്പമല്ലെന്ന് സംവിധായകന്‍ സുദേവന്‍. കൈരളി ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ഇഷ്ടപ്പെടുന്നതാണോ ജനകീയ സിനിമയെന്ന് തനിക്കറിയില്ലെന്നും സമാന്തര സിനിമ സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്നും സുദേവന്‍ അഭിപ്രായപ്പെട്ടു.

തന്റെ കറുപ്പ് എന്ന സിനിമ എന്‍.എസ്.എസ് യൂനിറ്റിലെ കുട്ടികള്‍ സ്വരൂപിച്ച പണം കൊണ്ട് നിര്‍മിച്ചതാണെന്നു സംവിധായകനായ ടി ദീപേഷ് പറഞ്ഞു. എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമ ആര്‍ക്കും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാന്തരസിനിമക്ക് കാലങ്ങളായി സര്‍ക്കാര്‍ സഹായം ലഭിക്കാത്ത ഏക സംസ്ഥാനം കേരളമാണെന്ന് ഷെറി വിമര്‍ശിച്ചു. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ കേരളത്തില്‍ സമാന്തര സിനിമ ഇല്ലാതാവും. മറ്റു സംസ്ഥാനങ്ങള്‍ ഒരു കോടിക്കു താഴെ വരെ സബ്സിഡിയായി നല്‍കുമ്പോഴാണിത്. ഐഎഫ്എഫ്കെയില്‍ ആളൊരുക്കം പോലുള്ള സിനിമകള്‍ക്ക് എന്‍ട്രി പോലും ലഭിക്കുന്നില്ല. സിനിമകളെ തിരഞ്ഞെടുക്കുന്ന ജൂറിയിലുള്ളവര്‍ മുഖ്യധാരാ സിനിമകളുടെ കൂടെ നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിനിമ എത്രപേരെ ആനന്ദിപ്പിക്കുന്നുവെന്നത് താന്‍ നോക്കാറില്ലെന്ന് പ്രതാപ് ജോസഫ് പറഞ്ഞു. ആ മാധ്യമത്തിന് എന്തെങ്കിലും സംഭാവന നല്‍കാന്‍ സാധിക്കുന്നുണ്ടോ എന്നു മാത്രമേ നോക്കാറുള്ളൂ. അപ്പോഴേ തന്റെ സിനിമ ജനകീയമാവൂ.

ആരുടെ കൂടെ നില്‍ക്കുന്നു, എന്തു പറയുന്നുവെന്നതാണ് സിനിമയെ ജനകീയമാക്കുന്നതെന്ന് അമീബ സംവിധായകന്‍ മനോജ് കാന അഭിപ്രായപ്പെട്ടു. തന്റെ അമീബയും ചായില്യവുമൊന്നും ജനങ്ങളുടെ ഫണ്ടുകൊണ്ടെടുത്തവയല്ല, സുഹൃത്തുക്കളില്‍ നിന്ന് കാശെടുത്ത് പിരിച്ചുണ്ടാക്കിതാണെന്നും അദ്ദേഹം പറഞ്ഞു.