| Thursday, 26th July 2018, 12:31 pm

'ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് താരനിശപോലെ നടത്തേണ്ട കാര്യമില്ല; സര്‍ക്കാര്‍ പരിപാടിയുടെ അന്തസ്സ് തന്നെ കളയുന്ന രീതിയ്ക്കും കീഴ്‌വഴക്കത്തിനുമെതിരെയാണ് ഞങ്ങളുടെ നിവേദനം': സുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്കും ഭീമ ഹരജി നല്‍കിയ വാര്‍ത്ത വിവാദങ്ങള്‍ ഏറെയാണ് സൃഷ്ടിച്ചത്. ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി തെരഞ്ഞടുത്ത  സര്‍ക്കാര്‍ നടപടിക്കെതിരെയാണ് സിനിമാ പ്രവര്‍ത്തകരടക്കം 107 പേര്‍ ഒപ്പിട്ട ഹരജി സമര്‍പ്പിച്ചത്.

എന്നാല്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുകൂടിയായ സംവിധായകന്‍ സുദേവന്‍ രംഗത്തെത്തിയിരിക്കുകയാണ്. അവാര്‍ഡ് ചടങ്ങിലെ മുഖ്യാതിഥിയെന്ന കീഴ് വഴക്കത്തിനെതിരെയാണ് തങ്ങള്‍ നിവേദനം സമര്‍പ്പിച്ചതെന്നാണ് അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

സ്റ്റേറ്റ് അവാര്‍ഡില്‍ മുഖ്യാതിഥിയെ ക്ഷണിക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച നിവേദനത്തില്‍ ഒപ്പിട്ട വ്യക്തിയാണ് ഞാന്‍. നിവേദനത്തിലെ പ്രമേയങ്ങള്‍ കൃത്യമായ രീതിയില്‍ അഡ്രസ് ചെയ്യപ്പെടാതെ മോഹന്‍ലാല്‍, ഡോ ബിജു എന്നീ വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.


ALSO READ: ജലന്ധര്‍ പീഡനം; ബിഷപ്പ് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല; അദ്ദേഹം പീഡിപ്പിക്കുന്നതായി കന്യാസ്ത്രീ പറഞ്ഞിട്ടുമില്ലെന്ന് സഭ വിട്ട കന്യാസ്ത്രീകള്‍


നിവേദനത്തില്‍ ഒരിടത്തും മോഹന്‍ലാല്‍ അതിഥിയായെത്തുന്നതിനെതിരെയാണ് ഹരജി എന്നു പറയുന്നില്ല. ഇത്തരത്തില്‍ ഞങ്ങള്‍ ഉദ്ദേശിച്ച വസ്തുതയെ ഒതുക്കിപ്പിടിക്കുന്ന രീതിയാണ് എല്ലായിടത്തും ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. പൂര്‍ണ്ണ ബോധ്യത്തോടെ നിവേദനം വായിച്ച് ഒപ്പിട്ട വ്യക്തിയാണ് താന്‍ എന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സാഹിത്യത്തിനും, നാടകത്തിനും മറ്റ് ആര്‍ട് ഫോമുകള്‍ക്കും അവാര്‍ഡ് കൊടുക്കുന്ന പോലെ ലളിതമായി കൊടുക്കേണ്ടതാണ് സിനിമ അവാര്‍ഡും. അതു ഒരു സ്റ്റേജ് ഷോ പോലെ കച്ചവടവത്കരിക്കേണ്ടതില്ല. ഇതു ഒരു അഭിപ്രായം എന്ന നിലക്ക്, നികുതി കൊടുക്കുന്ന, വോട്ടു ചെയ്യുന്ന, ഏതൊരു വ്യക്തിയ്ക്കും അതതു വകുപ്പിനും മുഖ്യമന്ത്രിയെയും അറിയിക്കാനുള്ള അവകാശം ഉള്ളതാണ്. അതാണ് ജനാധിപത്യം എന്നു ഞാന്‍ വിശ്വസിക്കുന്നു- സുദേവന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാന അവാര്‍ഡ്ദാന ചടങ്ങ് ഒരു താര നിശപോലെയും സ്റ്റേജ് ഷോ മാതിരിയും ആണ് നടത്തിവരുന്നത്. ചാനലുകളില്‍ സപ്രേക്ഷണം ചെയ്യാനുള്ള ഒരു താരോത്സവം മാത്രമായി ഈ ചടങ്ങ് മാറുന്നതായി തോന്നിയിട്ടുണ്ട്.

ഒരു സര്‍ക്കാര്‍ പരിപാടിയായ ചടങ്ങ് വെറും സ്റ്റേജ് ഷോ ആക്കി മാറ്റി അതിന്റെ അന്തസ്സ് ഇല്ലാതാക്കുകയാണ്. സാഹിത്യ അവാര്‍ഡുകള്‍ പോലെ ഒരു സര്‍ക്കാര്‍ പ്രോഗ്രാം എന്ന നിലയ്ക്ക് മാത്രമേ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങും പ്രവര്‍ത്തിക്കേണ്ടതുള്ളുവെന്നാണ് എന്നാണ് തന്റെ അഭിപ്രായമെന്നും സുദേവന്‍ പറഞ്ഞു.


ALSO READ: തന്നെ കാണുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ രണ്ടടി പിന്നിലേക്ക് നില്‍ക്കുന്നു; കെട്ടിപ്പിടുത്തത്തില്‍ ‘ട്രോളുമായി’ രാഹുല്‍ ഗാന്ധി


ഒരു വ്യവസ്ഥയ്ക്കും കീഴ് വഴക്കത്തിനുമെതിരെയാണ് ആ നിവേദനം. ഞങ്ങള്‍ എന്താണ് ആ നിവേദനത്തിലൂടെ മുന്നോട്ട് വെയ്ക്കുന്നതെന്ന് മലയാളം അറിയാവുന്ന ആര്‍ക്കും വായിച്ചു നോക്കിയാല്‍ മനസ്സിലാകും.

നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ള എല്ലാവരും ആ പ്രത്യേക പോയിന്റ് മനസ്സിലാക്കിയിട്ട് തന്നെയാണ് ഞങ്ങളോടൊപ്പം നിന്നതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ എല്ലാം തന്നെ മോഹന്‍ലാലിനെ മുഖ്യാതിഥിയായി സ്വീകരിച്ചതിനെതിരെയാണ് സിനിമാപ്രവര്‍ത്തകര്‍ നിവേദനം സമര്‍പ്പിച്ചത് എന്ന നിലയ്ക്കാണ് പോകുന്നത്.

അതല്ല ഞങ്ങളുന്നയിക്കുന്ന പ്രധാന വിഷയം. സര്‍ക്കാര്‍ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന പണംകൊണ്ട് നിങ്ങള്‍ ആരുടെ മേലാണ് ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത്. ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ് നിവേദനം സമര്‍പ്പിക്കപ്പെട്ടത് എന്ന് സുദേവന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more