മലയാളത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ കള്‍ട്ടാണ് സി.ബി.ഐ സീരീസിലുള്ള ചിത്രങ്ങൾ. സേതുരാമയ്യര്‍ സി.ബി.ഐയോളം ആഘോഷിക്കപ്പെട്ട ഒരു കുറ്റാന്വേഷകന്‍ മലയാളത്തിലുണ്ടാകില്ല.
എസ്. എൻ സ്വാമിയുടെ രചനയിൽ കെ. മധു സംവിധാനം ചെയ്ത സി.ബി.ഐ സീരിസിലെ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവസാനമിറങ്ങിയ സി.ബി.ഐ 5 ദി ബ്രെയിൻ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നേടിയത്.
വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ സുദേവ് നായരും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സുദേവ് നായർ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ സേതുരാമയരുടെ വേഷത്തിൽ കണ്ടപ്പോഴും തനിക്ക് വ്യത്യാസമൊന്നും തോന്നിയില്ലെന്ന് പറയുകയാണ് സുദേവ് നായർ. ലോകത്ത് ഇങ്ങനെയൊരു കഥാപാത്രം വേറെയില്ലെന്നും തുടർഭാഗങ്ങളുള്ള ചിത്രങ്ങൾക്ക് സാധാരണ അഭിനേതാക്കൾ മാറിക്കൊണ്ടിരിക്കുമെന്നും സുദേവ് പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘കുറെ കാലത്തിന് ശേഷം സേതുരാമയരെ വീണ്ടും മുന്നിൽ കണ്ടപ്പോൾ എനിക്ക് സെയിം ആയിട്ടാണ് തോന്നിയത്. ഒരു മാറ്റവും ഇല്ലാത്ത പോലെ. എനിക്ക് തോന്നുന്നത് ലോകത്ത് ഇങ്ങനെയൊരു കഥാപാത്രമില്ലാ എന്നാണ്.
ഒരുപാട് സീക്വൽസൊക്കെ നമ്മൾ കാണാറുണ്ട്. ഇപ്പോൾ ജെയിംസ് ബോണ്ടൊക്കെ കാണുമ്പോൾ അതിലെ അഭിനേതാക്കൾ മാറിക്കൊണ്ടിരിക്കും. കഥാപാത്രത്തിന്റെ പ്രായവും സെയിം ആയിരിക്കും.
മമ്മൂക്കയാണെങ്കിൽ നാല്പത് വർഷമായിട്ട് പ്രായമേ മാറിയിട്ടില്ല. ആ കഥാപാത്രവും പ്രായവും ഇന്നും ഒരുപോലെയാണ്. മമ്മൂക്ക നമ്മുടെ മുന്നിലിരിക്കുമ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കും, മമ്മൂക്കയുടെ സ്കിൻ എങ്ങനെയാണ് ഇപ്പോഴും ഇങ്ങനെ ഗ്ലോ ആയിട്ടിരിക്കുന്നതെന്ന് ഞാൻ ചിന്തിക്കും.
ലിപ്സൊക്കെ ഇങ്ങനെ പിങ്ക് ആയിരിക്കുന്നു. എന്റെ ലിപ്സ് പോലും അത്ര പിങ്ക് അല്ല. എന്താണ് ഇതിന്റെ രഹസ്യമെന്നൊക്കെ ഞാൻ ആലോചിക്കും. സത്യത്തിൽ അദ്ദേഹം അത് നന്നായി ശ്രദ്ധിക്കുന്നത് കൊണ്ടാണ്. ഭക്ഷണമൊക്കെ നന്നായി സൂക്ഷിച്ച് കഴിച്ച്, ബോഡിയെ അങ്ങനെ മെയിൻടൈൻ ചെയ്യുന്നത് കൊണ്ടാണ് അങ്ങനെ കാണുന്നത്,’സുദേവ് നായർ പറയുന്നു
Content Highlight: Sudev Nair Talk About Mammootty