മമ്മൂക്കയുടെ ആ ഒരൊറ്റ ഡയലോഗിലാണ് ഞാൻ വില്ലനായി തകർത്തത്: സുദേവ് നായർ
Entertainment
മമ്മൂക്കയുടെ ആ ഒരൊറ്റ ഡയലോഗിലാണ് ഞാൻ വില്ലനായി തകർത്തത്: സുദേവ് നായർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th August 2024, 2:26 pm

മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ നടനാണ് സുദേവ് നായർ. തന്റെ വ്യത്യസ്തമായ സംഭാഷണത്തിലൂടെയും അഭിനയ രീതിയിലൂടെയുമെല്ലാം വലിയ ശ്രദ്ധ നേടിയ സുദേവ് ചുരുങ്ങിയ സമയം കൊണ്ട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.

കൊവിഡിന് ശേഷം തിയേറ്ററിൽ എത്തി വലിയ വിജയമായ മമ്മൂട്ടി ചിത്രമായിരുന്നു ഭീഷ്മ പർവം. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് സുദേവ് നായർ ആയിരുന്നു.

മമ്മൂട്ടിയോടൊപ്പമുള്ള തന്റെ അഞ്ചാമത്തെ ചിത്രമാണ് ഭീഷ്മയെന്നും ചിത്രത്തിലെ കോസ്റ്റ്യൂം ആദ്യമായി ധരിച്ചപ്പോൾ മമ്മൂട്ടി നല്ല സ്റ്റൈൽ ഉണ്ടെന്ന് തന്നോട് പറഞ്ഞെന്നും സുദേവ് നായർ പറയുന്നു. ആ ഡയലോഗിന്റെ ഇമ്പാക്ടിലാണ് താൻ വില്ലനായി നിറഞ്ഞാടിയതെന്നും സുദേവ് കൂട്ടിചേർത്തു. ഗൃഹലക്ഷ്മി മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ലുക്ക് മലയാളിയുടേതല്ല. സംസാരരീതിക്കും ഹിന്ദി ചുവയുണ്ട്. എന്നിട്ടും മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടി. മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ അബ്രഹാമിൻ്റെ സന്തതികളാണ്.

മമ്മൂക്കയെ കുറിച്ചുള്ള കുറേ കേട്ടറിവുകൾ ഉണ്ട്. പക്ഷേ,സ്വീറ്റായി സംസാരിക്കുന്ന, എല്ലാവരോടും നന്നായി ഇടപഴകുന്ന മമ്മുക്കയെയാണ് സെറ്റിൽ കണ്ടത്.

മമ്മൂക്കയോടൊപ്പം അഞ്ചാമത്തെ സിനിമയാണ് ഭീഷ്‌മപർവം. ആദ്യ ദിവസം രാജൻ നായരുടെ ഫുൾ കോസ്‌റ്റ്യൂമിൽ ഞാൻ സെറ്റിലേക്കു ചെല്ലുന്നു.

കണ്ട പാടേ ഒരു നിമിഷം സൂക്ഷിച്ചു നോക്കിയിട്ടു മമ്മൂക്ക പറഞ്ഞു, നല്ല സ്‌റ്റൈൽ ഉണ്ടല്ലോ, ഭയങ്കര ഗെറ്റപ്പെന്ന്. ആ ഡയലോഗിന്റെ ഇംപാക്ടിലാണു മമ്മൂക്കയുടെ വില്ലനായി തകർത്തത്,’സുദേവ് നായർ പറയുന്നു

 

Content Highlight:  Sudev Nair Talk About His Character In Bheeshma Parvam