ഈ ലുക്ക് വെച്ച് ഇവിടെ നിൽക്കാൻ പറ്റില്ല ബോളിവുഡിലേക്ക് പോകൂവെന്ന് ആ ഹിറ്റ് മേക്കർ സംവിധായകൻ അന്ന് പറഞ്ഞു: സുദേവ് നായർ
Entertainment
ഈ ലുക്ക് വെച്ച് ഇവിടെ നിൽക്കാൻ പറ്റില്ല ബോളിവുഡിലേക്ക് പോകൂവെന്ന് ആ ഹിറ്റ് മേക്കർ സംവിധായകൻ അന്ന് പറഞ്ഞു: സുദേവ് നായർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd November 2024, 3:01 pm

ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് സുദേവ് നായർ. അനാർക്കലി, എസ്രാ എന്നീ പൃഥ്വിരാജ് ചിത്രങ്ങളിലൂടെയാണ് സുദേവ് മലയാളികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ഭീഷ്മ പർവ്വം എന്ന അമൽ നീരദ് ചിത്രത്തിലൂടെ മമ്മൂട്ടിയുടെ വില്ലനായും സുദേവ് കയ്യടി നേടി.

സിനിമ മോഹവുമായി നടന്നിരുന്ന കാലത്തെ കുറിച്ച് സംസാരിക്കുകയാണ് സുദേവ്. അന്ന് സംവിധായകൻ സിദ്ദിഖിനോട്‌ ചാൻസ് ചോദിച്ചിരുന്നുവെന്നും എന്നാൽ തന്റെ ലുക്ക് വെച്ച് ബോളിവുഡ് ആയിരിക്കും ചേരുകയെന്ന് അദ്ദേഹം പറഞ്ഞെന്നും സുദേവ് പറയുന്നു. പിന്നീട് താൻ മുംബൈയിലേക്ക് വണ്ടി കയറിയെന്നും സുദേവ് പറഞ്ഞു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു സുദേവ്.

‘എനിക്ക് മൂന്നോ നാലോ വയസുള്ള സമയത്ത് അച്ഛൻ എല്ലാ ശനിയാഴ്ചയും വീഡിയോ കാസറ്റ് കൊണ്ടുവരുമായിരുന്നു. ചാർലി ചാപ്ലിൻ ഒക്കെ അങ്ങനെ കണ്ടതാണ്. അമർ അക്ബർ ആൻ്റണി കണ്ട ശേഷം അമിതാഭ് ബച്ചനെ അനുകരിച്ചു നടക്കലായി വിനോദം. ആറോ ഏഴോ വയസ്സേ ഉള്ളു.

ആ കാലത്തു തന്നെ തീരുമാനിച്ചു നടനാകണം. എൻജീനിയറിങ്ങിനു പഠിക്കുമ്പോൾ ബോഡി ബിൽഡിങ്ങിലും ശ്രദ്ധിച്ചു. പഠനം പൂർത്തിയാക്കി തിരിച്ചു മുംബൈയിലെത്തിയാൽ മോഡലിങ്ങും അഭിനയവും തുടങ്ങണമെന്നും തീരുമാനിച്ചു. പുനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ പഠനം കുടി കഴിഞ്ഞു നേരേ കേരളത്തിലെത്തി.

കൊച്ചിയിലെ വാടകവീട്ടിൽ നിന്നു രാവിലെ ഫയലൊക്കെ എടുത്ത് ഓരോ സംവിധായകരെ കാണാൻ പോകും. പോർട്ട്ഫോളിയോ കണ്ടിട്ട് ഒരാൾ സ്നേഹത്തോടെ ചോദിച്ചു, ബോളിവുഡിൽ അവസരം നോക്കുന്നതല്ലേ നല്ലത് എന്ന്. എന്റെ ലുക്കും പൂച്ചക്കണ്ണുമൊക്കെ കണ്ടിട്ടു പലരും ഇതു ചോദിച്ചു തുടങ്ങിയതോടെ അൽപം നിരാശ തോന്നി.

സംവിധായകൻ സിദ്ദിഖിന്റെ ഓഫീസിൽ പോയപ്പോൾ അദ്ദേഹം ഒരു ഉപദേശം നൽകി. ഈ ലുക്ക് വച്ച് ഇവിടെ നിൽക്കുന്നതു തെറ്റായ തീരുമാനമാകും ബോളിവുഡ് ആകും നിനക്കു ചേരുക. കേട്ടപാടേ തിരിച്ചു മുംബൈയിലേക്കു വണ്ടി കയറി. പരസ്യങ്ങളിലാണു തുടക്കം. പിന്നെ ഹിന്ദി സിനിമ ഗുലാബ് ഗ്യാങ്ങിലൂടെ സ്വപ്‌നത്തിനു തുടക്കമിട്ടു. എഴുത്തും സംവിധാനവുമൊക്കെ ഇഷ്‌ടമാണ്. ടി.ബി എ.ഫിനു വേണ്ടി സംവിധാനം ചെയ്‌ത നോട്ട് ഫിറ്റ് എന്ന വെബ് സീരീസ് ഒരുപാട് അവാർഡുകൾ നേടി,’സുദേവ് നായർ പറയുന്നു.

 

Content Highlight: Sudev Nair About His Film Career