കോഴിക്കോട്: എസ്.എഫ്.ഐയില്‍ നിന്നും നേരിട്ട മര്‍ദ്ദനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍. 2010ല്‍ കടുത്തുരുത്തി പോളിടെക്‌നിക്കില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചതിനു പിന്നാലെ എസ്.എഫ്.ഐയില്‍ നിന്നു നേരിട്ട അതിക്രമമാണ് ശുഭേഷ് വിശദീകരിച്ചത്.
‘ യൂണിറ്റ് രൂപീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞ് കോളജിനു തൊട്ടടുത്തു മുട്ടുചിറയില്‍ നില്‍ക്കുകയായിരുന്നു. ‘സഖാവേ, നമുക്കല്‍പം മാറിനിന്നു സംസാരിക്കാമോ’ എന്നു ചോദിച്ച് ഒരാള്‍ അടുത്തെത്തി. ഞാനതിനു തയ്യാറായി. നോക്കുമ്പോള്‍ മുന്നിലൊരു സംഘം. ‘നീ എസ്.എഫ്.ഐക്കെതിരെ യൂണിറ്റ് രൂപീകരിക്കുമോ’ എന്നു ചോദിച്ച് അവര്‍ തുടങ്ങി. ‘ഈ പട്ടി ഇവിടെ കിടന്നാല്‍ ഒരുത്തനും ആശുപത്രിയില്‍ കൊണ്ടുപോയേക്കരുത്’ എന്ന ഡയലോഗും ഓര്‍മയുണ്ട്.’ ശുഭേഷ് മനോരമ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഹോക്കി സ്റ്റിക് കൊണ്ട് മുതുകിലായിരുന്നു ആദ്യ അടി. ബോധം തെളിഞ്ഞപ്പോള്‍ ഓടയില്‍ കിടക്കുകയാണ്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റതിനാല്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും ഒരുമാസത്തിലേറെ അവിടെയും മൂന്നുമാസം കോട്ടയ്ക്കലിലും ചികിത്സയില്‍ കഴിഞ്ഞിരുന്നെന്നും ശുഭേഷ് പറയുന്നു.
നാട്ടുകാരന്‍ കൂടിയായ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തന്നെ ചവിട്ടിയരച്ചത്. അയാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ താന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തനിക്കൊപ്പം സംസാരിച്ചുനിന്ന സി.പി.ഐ നേതാവ് ജയിംസിനെ പൊലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ‘എ.ഐ.എസ്.എഫുകാരനെ മര്‍ദിച്ചവരില്‍ സി.പി.ഐക്കാരനുമുണ്ടെന്നു പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് കേസുമായി എങ്ങനെ മുന്നോട്ടുപോകാനാകും?’ അദ്ദേഹം ചോദിക്കുന്നു.