| Wednesday, 17th May 2023, 8:31 pm

കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ തീവ്രവാദ ശൃംഖലകളുടെ ഹബ്ബ്; വിദ്വേഷ പരാമര്‍ശവുമായി കേരള സ്റ്റോറി സംവിധായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേരള സ്റ്റോറി എന്ന ഇസ്‌ലാമോഫോബിക് സിനിമക്ക് ശേഷം വീണ്ടും കേരളത്തെ കുറിച്ച് വിദ്വേഷ പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സുദീപ്‌തോ സെന്‍.

കേരളത്തില്‍ രണ്ട് കേരളമുണ്ടെന്നും അതില്‍ വടക്കന്‍ കേരളം തീവ്രവാദ ശൃംഖലകളുടെ താവളമാണെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. കേരള സ്റ്റോറി സിനിമയുടെ അണിയറപ്രവര്‍ത്തകരോടൊപ്പം മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേരളത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയിട്ടുള്ളത്.

‘കേരളത്തിനകത്ത് രണ്ട് കേരളമുണ്ട്. ഒന്ന് ആയോധനകലകളും നൃത്തവും കായലുകളും മനോഹരമായ ഭൂപ്രകൃതിയാലും സമ്പന്നമാണ്. മറ്റൊന്ന് കേരളത്തിലെ വടക്കന്‍ മേഖലയാണ്. ദക്ഷിണ കര്‍ണാടകയിലെ മംഗലാപുരത്തിനടുത്ത് നില്‍ക്കുന്ന കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ തീവ്രവാദ ശൃംഖലയുടെ കേന്ദ്രമാണ്,’ അദ്ദേഹം പറഞ്ഞു.

മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. കേരളത്തില്‍ നിന്നുമുള്ള മൂന്ന് പെണ്‍കുട്ടികള്‍ മതം മാറി ഐസിസിലേക്ക് പോയ കഥയാണ് ദി കേരള സ്റ്റോറി പറഞ്ഞത്. ട്രെയ്ലറിനൊപ്പം ചേര്‍ത്ത 32000 പെണ്‍കുട്ടികള്‍ എന്നത് വിവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് എന്നതിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ കണക്കുകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇതിലും വലിയ ആരോപണങ്ങളാണ് സിനിമയില്‍ സംവിധായകന്‍ ഉന്നയിക്കുന്നത്. കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ എന്ന പേരിലുള്ള ഒരു മതപരിവര്‍ത്തന കേന്ദ്രത്തില്‍ ഒരു സമയം മാത്രം 48 പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനത്തിനിരായക്കപ്പെട്ട് കഴിയുന്നതായി സിനിമ പറയുന്നു.

കേരളത്തില്‍ നിന്നല്ല ലോകമെമ്പാടും നിന്ന് ഐ.എസ്.ഐ.എസിലേക്ക് പോയ ആകെ ആളുകളുടേതായി അനുമാനിക്കുന്ന സംഖ്യ 40,000 ആണ് എന്നിരിക്കെയാണ് 50,000 പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട് അഫ്ഗാനിലേക്ക് പോയിട്ടുണ്ടായേക്കാമെന്ന സംശയം കേരള സ്റ്റോറി പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ഇന്ത്യന്‍ വംശജരായ 66 പേര്‍ മാത്രമാണ് ഐ.എസ്.ഐ.എസിലുള്ളതെന്ന് 2021ല്‍ പുറത്തുവന്ന അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്ക് ഉണ്ടാകുമ്പോഴാണ് 50,000ന്റെയും 30,000ന്റെയുമൊക്കെ കണക്ക് പറഞ്ഞ് കേരളത്തിന്റെ ആഭ്യന്തര വകുപ്പിനെയും രാഷ്ട്രീയ നേതൃത്വങ്ങളെയും പ്രത്യക്ഷമായി തന്നെ സിനിമ വിമര്‍ശിക്കുന്നത്.

കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണിതെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടതു-വലത് യുവജനസംഘടനകളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴും കേരളത്തിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സിനിമക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

content highlight: sudeepto sen about nerthern kerala

We use cookies to give you the best possible experience. Learn more