ബംഗാൾ: സന്ദേശ്ഖാലി ബലാത്സംഗ കേസിൽ പുതിയ വഴിത്തിരിവ്. ബംഗാളിലെ നോർത്ത് പർഗ്‌നസ് ജില്ലയിലെ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള പീഡനക്കേസ് യുവതി പിൻവലിച്ചു. മൂന്ന് യുവതികളായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയത്. അതിലൊരാളാണിപ്പോൾ പിൻവാങ്ങിയത്.
താൻ പീഡിപ്പിക്കപ്പെട്ടില്ലെന്ന് യുവതി വ്യക്തമാക്കി. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കൾ തന്നോട് വെള്ള പേപ്പറിൽ ഒപ്പിടാൻ നിർബന്ധിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു, യുവതി പറഞ്ഞു.
ബലാത്സംഗ പരാതി പിൻവലിച്ചതിനു ശേഷം തനിക്ക് നേരെ ഒരുപാട് ഭീഷണികൾ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതി സന്ദേശ്ഖാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
പ്രാദേശിക ബി.ജെ.പി മഹിളാ പ്രവർത്തകയും മറ്റ് പാർട്ടി അംഗങ്ങളും തന്റെ വീട്ടിൽ വന്ന് തന്നോട് വെള്ളപേപ്പറിൽ ഒപ്പിടാൻ പറയുകയും പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു തന്നെക്കൊണ്ട് പരാതി കൊടുപ്പിക്കുകയുമായിരുന്നു. താൻ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും യുവതി പറഞ്ഞു. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് താനിത് ചെയ്തതെന്നും അവർ വ്യക്തമാക്കി.
അതെ സമയം പരാതി പിൻവലിക്കാൻ പോയ സ്ത്രീകളെ പ്രാദേശിക നേതാക്കൾ ഭീഷിണിപ്പെടുത്തിയിരുന്നു എന്ന് ബംഗാൾ വനിതാ ശിശു വികസന സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി ശശി പഞ്ച് പറഞ്ഞു.
‘ഇത് വളരെ വെറുപ്പുളവാക്കുന്ന ഒരു കാര്യമാണ്. ബി.ജെ.പി നേതാക്കൾ സ്ത്രീകളെ ഭീഷിണിപ്പെടുത്തി തൃണമൂൽ കോൺഗ്രസിനെതിരെ ലൈംഗികാതിക്രമ പരാതി നൽകുമെന്ന് വിചാരിച്ചില്ല,’ തൃണമൂൽ കോൺഗ്രസ് എം.പി സാഗരിക ഘോഷ് പ്രതികരിച്ചു.
അതെ സമയം വിഷയത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകും.
സന്ദേശ്ഖാലിയിലെ നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗികാതിക്രമവും ഭൂമി തട്ടിയെടുക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ച് ഒന്നിലധികം സ്ത്രീകൾ മുന്നോട്ടു വന്നിരുന്നു. വലിയ കോളിളക്കം സൃഷ്ട്ടിച്ച ഈ കേസിലാണ് ഇപ്പോൾ വലിയൊരു വഴിത്തിരിവാണുണ്ടായിരിക്കുന്നത്.
Content Highlight: sudden u turn in Sandeshkhali case