സുദര്‍ശന്‍ ടി.വി ചട്ടങ്ങള്‍ ലംഘിച്ചു; കേന്ദ്രം സുപ്രീം കോടതിയില്‍
national news
സുദര്‍ശന്‍ ടി.വി ചട്ടങ്ങള്‍ ലംഘിച്ചു; കേന്ദ്രം സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2020, 7:58 pm

ന്യൂദല്‍ഹി: സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സുദര്‍ശന്‍ ന്യൂസ് ടി.വിയിലെ പ്രോഗ്രാമില്‍ വന്ന മുസ്‌ലിം വിരുദ്ധ പരാമര്‍ശം ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചാനലിനു ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

സെപ്റ്റംബര്‍ 28 നകം സുദര്‍ശന്‍ ടി.വി നോട്ടീസിന് മറുപടി നല്‍കണം.

‘ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റൂള്‍സ് 1994 ലെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ മതങ്ങള്‍ അല്ലെങ്കില്‍ സമുദായങ്ങള്‍ക്കെതിരായ ആക്രമണം, മതഗ്രൂപ്പുകളെ അവഹേളിക്കുന്ന വാക്കുകള്‍ ദൃശ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പോഗ്രാം നടത്തരുതെന്ന് പറയുന്നുണ്ട്,’ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

സുദര്‍ശന്‍ ടി.വിയില്‍ മുസ്‌ലിങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് നുഴഞ്ഞു കയറുകയാണ് എന്നാരോപിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചാനല്‍ മനപൂര്‍വ്വം മുസ്‌ലിങ്ങളെ അധിക്ഷേപിക്കാന്‍ ശ്രമം നടത്തുകയാണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭരണഘടനാപരമായ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും കീഴില്‍ സമുദായങ്ങളുടെ സഹവര്‍ത്തിത്വത്താലാണ് സുസ്ഥിരമായ ജനാധിപത്യസമൂഹം സ്ഥാപിതമായിരിക്കുന്നത്. നാഗരികതയുടേയും സംസ്‌കാരങ്ങളുടേയും മൂല്യങ്ങളുടേയും കേന്ദ്രമാണ് ഇന്ത്യ. ഒരു സമുദായത്തെ നിന്ദിക്കാനുള്ള ഏത് ശ്രമത്തേയും കോടതി വെറുപ്പോടെയാണ് കാണുന്നത്,’ കോടതി പറഞ്ഞു.

‘ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്.

ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടും. മാധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം. മുസ്‌ലിം വിഭാഗത്തിലെ ജനങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് എത്തുന്നത് ഗൂഡാലോചനയുടെ ഫലമായിട്ടാണെന്ന് ഈ പരിപാടിയില്‍ പറയുന്നു. വസ്തുതപരമായി തെളിയിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന യു.പി.എസ്.സിയുടെ വിശ്വാസ്യതയെക്കൂടിയാണ് ചോദ്യം ചെയ്യുന്നത്, എന്നും കോടതി പറഞ്ഞിരുന്നു.

ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് അടുത്തിടെയായി മുസ്ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്നായിരുന്നു സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ പരാമര്‍ശം.

ഈ അടുത്ത കാലത്തായി മുസ്ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണെന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ചാനലിന്റെ പരിപാടിയില്‍ ചോദിക്കുന്നു.

ഈ തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യു.പി.എസ്.സി ജിഹാദാ’ണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ