| Friday, 11th August 2023, 11:59 pm

'ഹരിയാനയില്‍ ഹിന്ദുക്കളുടെ അറസ്റ്റിനായി അല്‍ജസീറ ഇടപെടുന്നു'; പ്രകോപന ട്വീറ്റ്, സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: ഹരിയാനയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ പ്രചരണം നടത്തിയ സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ അറസ്റ്റില്‍.
സുദര്‍ശന്‍ ന്യൂസ് റെസിഡന്റ് എഡിറ്റര്‍ മുകേഷ് കുമാറിനെയാണ് ഗുഡ്ഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറ ചാനലിന്റെ സമ്മര്‍ദം കാരണം ഹിന്ദുക്കളെ പൊലീസ് ഉപദ്രവിക്കുന്നുവെന്നാണ് ഇയാളുടെ ട്വീറ്റ്.

നുണ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് സെക്ഷന്‍ 153b, 66-C, 401, 469 and 505(1)(C) എന്നീ വകുപ്പുകള്‍ പ്രകാരം മുകേഷ് കുമാറിനെതിരെ ഗുഡ്ഗാവ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആഗസ്റ്റ് എട്ടിനാണ് മുകേഷ് കുമാറിന്റെ വിവാദ ട്വീറ്റ് വരുന്നത്. അല്‍ജസീറ ഗുരുഗ്രം പൊലീസിനെ ബന്ധപ്പെടുന്നെന്നും ഇതോടെ ഗുരുഗ്രാം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വലിയ സമ്മര്‍ദത്തിലാണെന്നുമായിരുന്നു ഇയാള്‍ ആരോപിച്ചിരുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.

ഹരിയാനയിയിലെ നൂഹിലും അയല്‍ജില്ലകളിലും വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെയായിരുന്നു മുകേഷിന്റെ പ്രകോപനപരമായ പ്രചരണം.

എന്നാല്‍ കുമാറിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഗുരുഗ്രാം പൊലീസ് പ്രതികരിച്ചത്. അതിനിടയില്‍ ഗുരുഗ്രാം സെക്ടര്‍ 17ല്‍നിന്ന് മുകേഷിനെ കാറില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് സുദര്‍ശന്‍ ന്യൂസ് ആരോപിച്ചിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് അറസ്റ്റ് നടക്കുന്നത്.

Content Highlight: Sudarshan News Editor Arrested For Provocative Propaganda On Social Media Against Haryana Conflict

We use cookies to give you the best possible experience. Learn more