തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍, ഇരു കാലുകളുമില്ലാതെ, ഏറെ ദുരിതങ്ങളില്‍ കഴിഞ്ഞിരുന്ന തന്റെ ജീവിതത്തിലേക്ക് പെട്ടന്നൊരു സുപ്രഭാതത്തില്‍ പ്രത്യാശകളുമായി കടന്നു വന്ന മലയാളിയായ കെ.ആര്‍ സുനില്‍ എന്ന ഫോട്ടോഗ്രാഫറെയും “മഞ്ചൂക്കാര്” എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രപ്രദര്‍ശനവും കാണാനായി കൂട്ടുകാരനോടൊപ്പം എറണാകുളത്തേക്ക് വണ്ടി കയറിവന്നതാണ് ഹരീഷ് എന്ന ഇരുപത്തിയൊന്നുകാരന്‍.
ഹരീഷ് ഇനി നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ മുഴുവന്‍ അവാര്‍ഡ് തുകയുമായാണ്. ഒരു കൃത്രിമക്കാല്‍ വെച്ചുപിടിപ്പിക്കുക എന്ന ഹരീഷിന്റെ വലിയ സ്വപ്‌നം ഇതോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.
ഫുട്‌ബോള്‍ താരമാകാനാഗ്രഹിച്ചു, എന്നാല്‍ ഇരു കാലുകളും നഷ്ടമായി
വളര്‍ന്നുകഴിഞ്ഞാല്‍ വലിയ ഫുട്‌ബോള്‍ താരമാകണമെന്നതായിരുന്നു കുട്ടിക്കാലം മുതലുള്ള ഹരീഷിന്റെ ആഗ്രഹം. അതിനായി സ്‌കൂളിലെ ഫുട്‌ബോള്‍ ടീമില്‍ ചേര്‍ന്നു. പരിശീലനത്തിനാവശ്യമായ ജേഴ്‌സിയും ബൂട്ടും വാങ്ങിക്കുന്നതിനായി, കാണണമെന്ന് ഏറെ ആഗ്രഹിച്ച കേരളത്തിലേക്ക് ലോറി ഡ്രൈവറായ അച്ഛന്റെ കൂടെ ഹരീഷ് എട്ട് വര്‍ഷം മുമ്പ് നടത്തിയ യാത്രയാണ് ജീവിതം മാറ്റിമറിച്ചത്. ആ യാത്രയില്‍ ഹരീഷും അച്ഛനും സഞ്ചരിച്ച ലോറി തൃശ്ശൂര്‍-പാലക്കാട് അതിര്‍ത്തിയിലെ കുതിരാനില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.
ലോറിക്കടിയില്‍ മണിക്കൂറോളം കുടുങ്ങി കിടന്ന ഹരീഷിന്റെ ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്നു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു ഹരീഷിന്റെ ചികിത്സ. ആ ദിവസങ്ങളിലെ പത്രങ്ങളില്‍ ഹരീഷിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചികിത്സക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു പോയ ഹരീഷിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് 2018ല്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ.ആര്‍ സുനില്‍, പഴയ പത്രവാര്‍ത്തകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഹരീഷിനെയും തേടി മധുരയിലേക്ക് പോയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച അപകടത്തിന്റെ ആഘാതം ഹരീഷില്‍ നിന്ന് അപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. പെറ്റുവളര്‍ത്തിയ അമ്മ ഉപേക്ഷിച്ചുപോയി. പിന്നീട് തന്നെ നോക്കിയ മുത്തശ്ശിയും മരണപ്പെട്ടു. പഠനമെല്ലാം മുടങ്ങി, വരുമാനമാര്‍ഗമൊന്നുമില്ലാതെയായിരുന്നു ഹരീഷിന്റെ ജീവിതം. അത്യാവശ്യ കാര്യങ്ങള്‍ക്കായി നിലത്തുകൂടെ ഇഴയണം. ഒരു കൃത്രിമക്കാല്‍ വെക്കുന്നത് സ്വപ്‌നം കാണാന്‍ പോലും ഹരീഷിന് സാധ്യമായിരുന്നില്ല.
എന്നാല്‍ കെ.ആര്‍ സുനിലിന്റെ ആ യാത്രയില്‍ അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് തയ്യാറാക്കിയ “ഇന്‍ ഹിസ് പര്‍സ്യൂട്‌സ്” എന്ന ഡോക്യുമെന്ററി വീണ്ടും ഹരീഷിനെ ജനങ്ങളുടെ ശ്രദ്ധയിലെത്തിച്ചു. ഡോക്യൂമെന്ററി യൂട്യൂബില് കണ്ട നിരവധി പേര്‍ സഹായങ്ങളുമായെത്തിയെങ്കിലും അപ്രതീക്ഷിതമായെത്തിയ പ്രളയം കാര്യങ്ങളെ വീണ്ടും മാറ്റിമറിച്ചു. അംബികയെന്ന ഒരു വനിത മാത്രമാണ് അന്ന് മൂന്ന് ലക്ഷം രൂപ നല്കി ഹരീഷിനെ സഹായിച്ചത്. പക്ഷേ കൃത്രിമക്കാല്‍ വെക്കുന്നതിന് 18 ലക്ഷം രൂപ വേണ്ടിയിരുന്നു. അതിനാല്‍ ബാക്കി തുക ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നു സുനിലും ഹരീഷും.
ഫുട്‌ബോള്‍ കൊണ്ടുപോയ അവാര്‍ഡ് ഫുട്‌ബോള്‍ മോഹിക്ക്
ഉരു ആര്‍ട്ട് ഹാര്‍ബറില്‍ ഇത്തവണ നടന്നുവരുന്ന “മഞ്ചൂക്കാര്” എന്ന കെ.ആര്‍ സുനിലിന്റെ ഫോട്ടോപ്രദര്‍ശനം ഇവിടെ വന്ന് കാണണമെന്ന് ഹരീഷ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കാല് വെച്ചതിന് ശേഷം മാത്രം ഹരീഷ് കേരളത്തില്‍ വരണമെന്ന സുനിലിന്റെ ആഗ്രഹം കാരണം അദ്ദേഹമത് നിരസിച്ചിരുന്നെങ്കിലും ഒടുവില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഹരീഷ് കൊച്ചിയിലേക്ക് വണ്ടി കയറി. അപ്രതീക്ഷിതമായി ഹരീഷ് വന്നതറിഞ്ഞ സിനിമാപ്രവര്‍ത്തകരായ ആഷിക് അബു, ഷൈജു ഖാലിദ്, കെ.എം കമല്‍ തുടങ്ങിയവര്‍ എത്തുകയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് സൗബിന്‍ അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ്തുക ഹരീഷിനു നല്‍കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും അറിയിക്കുകയുമായിരുന്നു.
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ദൃശ്യമായ യാദൃശ്ചികതയാണ് ഫുട്‌ബോള്‍ പശ്ചാത്തലമായ സിനിമകള്‍ പുരസ്‌കാര നേട്ടത്തില്‍ തിളങ്ങി നിന്നു എന്നത്. ക്യാപ്റ്റന്‍, സുഡാനി ഫ്രം നൈജീരിയ എന്നീ സിനിമകളിലെ അഭിനയങ്ങള്‍ക്ക് യഥാക്രമം ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കി. അഞ്ച് അവാര്‍ഡ് നേടിയ സുഡാനി ഫ്രം നൈജീരിയ നേട്ടത്തില്‍ മികച്ചുനിന്നു.
അഞ്ച് അവാര്‍ഡുകളിലും ലഭിച്ച തുക ഹരീഷിന് നല്‍കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
മധുര അമേരിക്കന്‍ കോളേജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഹരീഷ്.
ഹരീഷിന്റെ ബാങ്ക് ഡീറ്റയില്‍സ്:
Harish kumar S
Bank- Indian overseas bank
K. Pudur Branch, Acc. No: 089801000032937
Ifsc: IOBA0000898