| Wednesday, 28th March 2018, 1:51 am

ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നത്; സുഡാനി ഫ്രം നൈജീരിയ കാണാതെ പോകരുതെന്ന് കെ.ടി ജലീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയയെ അഭിനന്ദിച്ച് മന്ത്രി കെ.ടി ജലീല്‍. പല സ്ഥലങ്ങളിലും പ്രതിഭകളെ ആദരിക്കാന്‍ അവസരം കിട്ടുമ്പോള്‍ മോഹിച്ച് പോയിട്ടുണ്ട്, എന്റെ നാട്ടിലും ഇതുപോലുള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു. മതവും ഭാഷയും ദേശവും വര്‍ണ്ണവും നിഷ്‌കളങ്കരായ സാധാരണക്കാരില്‍ അടുപ്പത്തിന്റെ ഭൂമിക സൃഷ്ടിക്കാനുതകുന്ന രാസത്വരകങ്ങളാകുന്നത് എങ്ങിനെയെന്ന് അതിമനോഹരമായി ഈ ചിത്രം ഒപ്പിയെടുത്തിട്ടുണ്ടെന്നും ഇത് ആരും കാണാതെ പോകരുതെന്നും ജലീല്‍ പറഞ്ഞു.


Read Also : നിന്നെ കോടതിയില്‍ കണ്ടോളാം;ആശുപത്രിയിലെത്തിയ ഭാര്യ ഹസിനെ മടക്കിയയച്ച് ഷമി


“ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടു. ഫുട്‌ബോളിനെ പ്രാണനെപ്പോലെ കരുതുന്ന ഒരു നാടിന്റെ കഥ പറയുകയാണ് യുവ സംവിധായകന്‍ സക്കറിയ. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. നന്‍മ നിറഞ്ഞ മനസ്സില്‍ നിന്നേ ഇങ്ങിനെയൊരു ഇതിവൃത്തം രൂപം കൊള്ളൂ. എന്റെ നാട്ടുകാരന്‍ കൂടിയായ സക്കരിയ്യയെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു” ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ജലീല്‍ പറയുന്നു.

വേണ്ടായിരുന്നു എന്ന് തോന്നിയ ഒരു സീനോ സംഭാഷണമോ “സുഡാനി ഫ്രം നൈജീരിയ” യില്‍ ഇല്ല. പ്രാദേശിക സംസ്‌കൃതിയുടെ ഉള്‍ക്കാമ്പ് തൊട്ട് കൊണ്ട് തന്നെ ദേശീയ അന്തര്‍ദേശീയ ഉത്ഗ്രഥനവും മാനവിക ഐക്യവും വാനോളം ഉയര്‍ത്തിപ്പിടിക്കാനും ഈ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടു . ഫുട്‌ബോളിനെ പ്രാണനെപ്പോലെ കരുതുന്ന ഒരു നാടിന്റെ കഥ പറയുകയാണ് യുവ സംവിധായകന്‍ സക്കറിയ. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ. നന്‍മ നിറഞ്ഞ മനസ്സില്‍ നിന്നേ ഇങ്ങിനെയൊരു ഇതിവൃത്തം രൂപം കൊള്ളൂ. എന്റെ നാട്ടുകാരന്‍ കൂടിയായ സക്കരിയ്യയെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. സ്‌നേഹം വേണ്ടുവോളം നൈജീരിയക്കാരന്‍ സുഡുവിന് പകര്‍ന്ന് നല്‍കിയ ഉമ്മയുടെ കണ്ണുനീരിന് മജീദിന്റെ മനസ്സില്‍ വറ്റാത്ത കാരുണ്യത്തിന്റെ ആല്‍മരം നട്ട് പ്രത്യുപകാരം ചെയ്യുന്ന രംഗത്തോടെ അവസാനിക്കുന്ന ഈ ചലചിത്രകാവ്യം രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറത്താണെങ്കിലും മനുഷ്യന്റെ ദു:ഖങ്ങള്‍ക്ക് ഒരേ നിറവും മണവുമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

മതവും ഭാഷയും ദേശവും വര്‍ണ്ണവും നിഷ്‌കളങ്കരായ സാധാരണക്കാരില്‍ അടുപ്പത്തിന്റെ ഭൂമിക സൃഷ്ടിക്കാനുതകുന്ന രാസത്വരകങ്ങളാകുന്നത് എങ്ങിനെയെന്ന് അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചലചിത്രം.

വേണ്ടായിരുന്നു എന്ന് തോന്നിയ ഒരു സീനോ സംഭാഷണമോ “സുഡാനി ഫ്രം നൈജീരിയ” യില്‍ ഇല്ല. പ്രാദേശിക സംസ്‌കൃതിയുടെ ഉള്‍ക്കാമ്പ് തൊട്ട് കൊണ്ട് തന്നെ ദേശീയ അന്തര്‍ദേശീയ ഉത്ഗ്രഥനവും മാനവിക ഐക്യവും വാനോളം ഉയര്‍ത്തിപ്പിടിക്കാനും ഈ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും പ്രതിഭകളെ ആദരിക്കാന്‍ അവസരം കിട്ടുമ്പോള്‍ മോഹിച്ച് പോയിട്ടുണ്ട് , എന്റെ നാട്ടിലും ഇതുപോലുള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് . ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നത് . സക്കറിയ , അനീഷ് ജി മേനോന്‍ , നജീബ് കുറ്റിപ്പുറം , ഉണ്ണിനായര്‍ , രാജേഷ് , ബീരാന്‍ , അമീന്‍അസ്ലം , അനൂപ് മാവണ്ടിയൂര്‍ , ഷാനമോള്‍ , ജുനൈദ് തുടങ്ങി വളാഞ്ചേരിക്കാരായ എത്ര പേരാണ് അണിയറയിലും അരങ്ങത്തും . സൗബിന്‍ ഉള്‍പ്പടെ ഒരാളും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല . എല്ലാവരും ജീവിക്കുകയായിരുന്നു . പിരിയാത്ത “ചങ്ങായ്ച്ചി” കളായി ഉമ്മവേഷമിട്ട സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും പിടിച്ചിറക്കിയാലും മനസ്സില്‍ നിന്ന് ഒരുപാട് കാലത്തേക്ക് പോവില്ല. സുഡാനിയായി സാമുവല്‍ ഹൃദ്യമായിത്തന്നെ തന്റെ റോള്‍ ചെയ്തു .

ഒരു നിര്‍മ്മാതാവില്ലെങ്കില്‍ സിനിമക്ക് ജന്മമില്ല . സക്കരിയ്യയുടെ ആഗ്രഹം സഫലമാക്കാന്‍ പ്രതിബദ്ധതയോടെ മുന്നോട്ട് വന്ന സമീര്‍ താഹിറും ഷൈജു ഖാലിദും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു . തിരക്കഥയിലും സംഭാഷണത്തിലും സക്കറിയക്ക് കൂട്ടായ മുഹ്‌സിന്‍ പെരാരിയും ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരനാണ് . നയനസുന്ദരവും ശ്രവണമധുരവും ഹൃദയഹാരിയുമായ അനുഭവമാക്കി “സുഡാനി എൃീാ നൈജീരിയ” യെ മാറ്റിയ എല്ലാ കലാകാരി കലാകാരന്‍മാര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more