'സുഡാനി ഫ്രം നൈജീരിയ' സംവിധായകൻ സക്കരിയയ്ക്ക് അരവിന്ദൻ പുരസ്ക്കാരം
Movie Day
'സുഡാനി ഫ്രം നൈജീരിയ' സംവിധായകൻ സക്കരിയയ്ക്ക് അരവിന്ദൻ പുരസ്ക്കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th February 2019, 5:46 pm

കൊച്ചി: “സുഡാനി ഫ്രം നൈജീരിയ”യുടെ സംവിധായകൻ സക്കരിയ മുഹമ്മദിന് അരവിന്ദൻ പുരസ്ക്കാരം സമ്മാനിച്ച് കേരളം ചലച്ചിത്ര അക്കാദമി. 2018ലെ ഏറ്റവും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌ക്കാരമാണ് സക്കരിയയ്ക്ക് ലഭിച്ചത്. സംവിധായകനായ ശ്യാമപ്രസാദ്‌, കൃഷ്ണനുണ്ണി, ബൈജു ചന്ദ്രൻ, വി.കെ. നാരായണൻ എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്. സിനിമയുടെ പ്രമേയം അവതരിപ്പിക്കുന്നതിലും, ചിത്രീകരിക്കുന്നതിലും ആവിഷ്കരിക്കുന്നതിലും സക്കരിയയ്ക്കുള്ള മിടുക്കിനെ ജൂറി പരാമർശിക്കുകയുണ്ടായി.

Also Read ജെയ്ഷെ ക്യാമ്പിലെ വ്യോമാക്രമണം: ഇന്ത്യയോടും പാകിസ്ഥാനോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് ചൈന

മനുഷ്യത്വത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് സിനിമ ചെയ്യുന്നതെന്നും ജൂറി പറഞ്ഞു. ഒരു ഗ്രാമത്തിലെ ഫുട്ബോൾ മത്സരത്തിന്റെ അനുഭവം സഹാനുഭൂതീയും ഹാസ്യവും ഉൾച്ചേർത്തുകൊണ്ട് സംവിധായകൻ അവതരിപ്പിക്കുകയായിരുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു. മാത്രമല്ല ആഗോള പ്രാധാന്യമുള്ള ഒരു വിഷയത്തെ ഒരു ചെറിയ ക്യാൻവാസിൽ അവതരിപ്പിക്കുന്നതിലും, മനുഷ്യർ പരസ്പരം അകന്നു കൊണ്ടിരിക്കുന്ന ഒരു അവസരത്തിൽ സ്നേഹത്തിന്റെ സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും സംവിധായകൻ വിജയിച്ചുവെന്നും ജൂറി പറഞ്ഞു.

സൗബിൻ ഷാഹിർ, സാമുവേൽ എബിയോള റോബിൻസണുമാണ് “സുഡാനി”യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫുട്ബോൾ ടീമിന്റെ മാനേജരായ സൗബിന്റെ കഥാപാത്രം കളിയിൽ പങ്കെടുപ്പിക്കാനായി നൈജീരിയകാരനായ കളിക്കാരനെ കേരളത്തിലേക്ക് ക്ഷണിക്കുന്നതും, കളിയിൽ പരിക്കേറ്റ ഫുട്ബോൾ കളിക്കാരൻ തന്റെ വിശ്രമവേളയിൽ ഗ്രാമവുമായും അവിടുത്തെ ജനങ്ങളുമായും അടുപ്പത്തിലാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്നേഹത്തിന്റെയും, പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും കഥ പറയുന്ന “സുഡാനി” വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Also Read രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

മലയാളത്തിന്റെ മഹാസംവിധായകനും, സംഗീതജ്ഞനും, കാർട്ടൂണിസ്റ്റുമായ ജി. അരവിന്ദന്റെ പേരിലുള്ള പുരസ്കാരമാണ് ചലച്ചിത്ര അക്കാഡമി നൽകുന്ന ജി. അരവിന്ദൻ പുരസ്കാരം. 25 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌ക്കാരത്തിന് വേണ്ടി മത്സരിച്ചത്. 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.