|

രണ്ട് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ സുഡാന്‍ പ്രസിഡന്റിന്റെ കൊട്ടാരം തിരിച്ചു പിടിച്ച് സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാര്‍ത്തൂം: സുഡാനില്‍ ആഭ്യന്തര യുദ്ധത്തില്‍ സൈന്യത്തിന് മേല്‍ക്കൈ. രണ്ട് വര്‍ഷമായി തുടരുന്ന പോരാട്ടത്തിനൊടുവില്‍ സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ പ്രസിഡന്റിന്റെ കൊട്ടാരം സൈന്യം തിരിച്ചുപിടിച്ചു.

ഭാഗികമായി തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ക്യാപ്റ്റന്റെ യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥന്‍ കൊട്ടാരം സൈന്യം ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. കൊട്ടാരം തിരിച്ച് പിടിച്ചതിന്റെ സന്തോഷം പങ്കുവെച്ച സൈനികന്‍ കോമ്പൗണ്ടിനുള്ളില്‍ സൈന്യം ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സൈനികര്‍ അസോള്‍ട്ട് റൈഫിളുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകളും വഹിച്ചു കൊണ്ടുപോകുന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം.

അതേസമയം എക്സില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍, സുഡാനിലെ വാര്‍ത്താവിനിമയ മന്ത്രിയായ ഖാലിദ് അല്‍ ഐസറും സൈന്യം കൊട്ടാരം തിരിച്ചുപിടിച്ചതായി അറിയിച്ചിട്ടുണ്ട്. ‘ഇന്ന് പതാക ഉയര്‍ന്നു. കൊട്ടാരം തിരിച്ചു കിട്ടി, വിജയം പൂര്‍ത്തിയാകുന്നതുവരെ യാത്ര തുടരും,’ അദ്ദേഹം എഴുതി .

അതേസമയം സൈന്യം കൊട്ടാരം പിടിച്ച വിവരം ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗലോയുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എഫ് അംഗീകരിച്ചിട്ടില്ല. 2023 ഏപ്രിലിലാണ് അര്‍ദ്ധ സൈനിക വിഭാഗമായ ആര്‍.എസ്.എഫ് പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചടക്കിയത്.

സമീപ മാസങ്ങളില്‍ ഖാര്‍ത്തൂം പ്രദേശത്ത് സൈന്യം നടത്തിയ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് ശേഷമാണ് മുമ്പ് സര്‍ക്കാര്‍ ആസ്ഥാനവുമായിരുന്ന കൊട്ടാരം സൈന്യം പിടിച്ചെടുത്തത്.

എന്നാല്‍ കൊട്ടാരം തിരിച്ചു പിടിച്ചെങ്കിലും യുദ്ധം അവസാനിക്കുന്നില്ല. സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയില്‍  ആര്‍.എസ്എഫ് നിയന്ത്രണം ഉറപ്പിച്ചിട്ടുണ്ട്. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഒരു സമാന്തര സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ആര്‍.എസ്.എഫ് ശ്രമം നടത്തുന്നുണ്ട്. അങ്ങനെ സര്‍ക്കാര്‍ സ്ഥാപിച്ചാലും ഇവര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ല.

വ്യാഴാഴ്ച വൈകുന്നേരം, ചാഡിന്റെയും ലിബിയയുടെയും അതിര്‍ത്തിക്കടുത്തുള്ള വടക്കന്‍ ഡാര്‍ഫറിലെ തന്ത്രപ്രധാനമായ മരുഭൂമി നഗരമായ അല്‍-മലിഹയുടെ നിയന്ത്രണം പിടിച്ചെടുത്തതായി ആര്‍.എസ്.എഫ് അവകാശപ്പെട്ടു. അല്‍-മലിഹയ്ക്ക് ചുറ്റും യുദ്ധം നടന്നതായി സുഡാന്‍ സൈന്യം സമ്മതിച്ചിട്ടുണ്ടെങ്കിലും നഗരത്തിന്റെ അധികാരം നഷ്ടപ്പെട്ടതായി പറഞ്ഞിട്ടില്ല.

2019ല്‍ ഒരു ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്വേച്ഛാധിപത്യ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ അസ്ഥിരമായിരുന്നു. 2023ലാണ് അര്‍ദ്ധ സൈനിക വിഭാഗമായ ആര്‍.എസ്.എഫും സുഡാന്‍ സൈന്യവും പരസ്പരം പോരടിക്കാന്‍ തുടങ്ങിയത്.

സുഡാനിലെ സംഘര്‍ഷം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് യു.എന്‍ പ്രസ്താവിച്ചിരുന്നു. യുദ്ധം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി, ദശലക്ഷക്കണക്കിന് ആളുകളെ വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷാമം പടര്‍ന്നുപിടിക്കുമ്പോള്‍ അതിജീവിക്കാന്‍ ഒരു ജനത പോരാടുകയാണ്.

യു.എസ് പ്രസിഡന്റ്‌ ജോ ബൈഡന്‍ അധികാരം ഒഴിയും മുമ്പ്, ആര്‍.എസ്.എഫ് വംശഹത്യ നടത്തുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചിരുന്നു .

Content Highlight: Sudanese army retakes presidential palace after two years of fighting

Latest Stories

Video Stories