| Sunday, 12th November 2023, 5:39 pm

സുഡാനിലെ ആഭ്യന്തര കലാപം; 60 ലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടതായി സുഡാനിലെ യു.എന്‍ കോര്‍ഡിനേറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാര്‍ത്തും: സുഡാനില്‍ സിവിലിയന്മാര്‍ക്കെതിരെയുള്ള ആക്രമണം ജനങ്ങള്‍ നേരിടുന്ന തീവ്രമായ അതിക്രമത്തിന്റെ അങ്ങേയറ്റമെന്ന് സുഡാനിലെ യു.എന്‍ മാനുഷിക കോര്‍ഡിനേറ്റര്‍ ക്ലെമന്റൈന്‍ എന്‍ക്വേറ്റ സലാമി. ഏഴ് മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം സുഡാനിലെ പകുതിയിലേറെ ജനങ്ങള്‍ക്ക് മാനുഷിക സഹായങ്ങള്‍ ആവശ്യമുണ്ടെന്ന് എന്‍ക്വേറ്റ സലാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏപ്രില്‍ മുതല്‍ സുഡാനീസ് സൈന്യവും പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായതിനുശേഷം, ഏകദേശം 60 ലക്ഷം ആളുകള്‍ സുഡാനില്‍ നിന്ന് ആഭ്യന്തരമായി കുടിയിറക്കപെടുന്നതായും എന്‍ക്വേറ്റ സലാമി ചൂണ്ടിക്കാട്ടി.

ലൈംഗികവും ലിംഗഭേദവും അടിസ്ഥാനമാക്കിയുള്ള അക്രമം, നിര്‍ബന്ധിത കുടിയിറക്കം, ഏകപക്ഷീയമായ തടങ്കലുകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് എന്‍ക്വേറ്റ സലാമി വ്യക്തമാക്കി. നിരന്തരമായി ലഭിക്കുന്ന ഇത്തരം വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഭയപെടുത്തുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഡാനിലെ 25 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍ സംഘര്‍ഷ മേഖലകളിലെ 70 ശതമാനത്തിലേറെ ആരോഗ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തന രഹിതമാണെന്നും എന്‍ക്വേറ്റ സലാമി പറഞ്ഞു. കോളറ, ഡെങ്കിപനി, മലേറിയ, അഞ്ചാംപനി എന്നീ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമായെന്നും കുട്ടികള്‍ക്കിടയില്‍ വലിയ രീതിയില്‍ പോഷകാഹാരക്കുറവ് ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷ മേഖലയിലെ 12 ദശലക്ഷം ആളുകളെ സഹായിക്കാന്‍ യു.എന്‍ പദ്ധതിയൊരുക്കുന്നുണ്ടെന്നും, കൂടാതെ 2.6 ബില്യണ്‍ ഡോളര്‍ കൂടി തങ്ങള്‍ യു.എന്നിനോട് ആവശ്യപ്പെട്ടതായും യു.എന്‍ മാനുഷിക കോര്‍ഡിനേറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുഡാനില്‍ 20 വര്‍ഷം മുമ്പുള്ള ഡാര്‍ഫറിന്റെ ഭീകരത തിരിച്ചുവരുന്നുവെന്ന ഭയം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും, ഈ മേഖലയിലെ വ്യാപകമായ കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എഫ് സുഡാനീസ് സൈന്യത്തില്‍ നിന്ന് ഡാര്‍ഫൂറിനെ പൂര്‍ണമായും ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ സുഡാന്‍ ഗവേഷകനായ മുഹമ്മദ് ഉസ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു ഏറ്റെടുക്കല്‍ സിവിലിയന്മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് എന്‍ക്വേറ്റ സലാമി പറഞ്ഞു.

കൂടാതെ സിവിലിയന്‍മാര്‍ക്ക് മിനിമം സംരക്ഷണം നല്‍കുന്നതിലും സമാധാന പരിപാലന ദൗത്യത്തിന് അംഗീകാരം നല്‍കുന്നതിനും യു.എന്‍ രക്ഷാസമിതിക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sudan’s U.N coordinator says 6 million people have been displaced by civil conflict

We use cookies to give you the best possible experience. Learn more