സുഡാന്‍ മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന് സൗദി ഭരണകൂടം കോടികള്‍ നല്‍കി
World News
സുഡാന്‍ മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന് സൗദി ഭരണകൂടം കോടികള്‍ നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th August 2019, 6:40 pm

ഖാര്‍ത്തൂം: അഴിമതിക്കേസുകളിലും വിദേശ കറന്‍സി കൈവശം വെച്ചതിനും മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന്റ വിചാരണ സുഡാനില്‍ ആരംഭിച്ചു. സൗദി രാജ ഭരണകൂടത്തില്‍ നിന്ന് തനിക്ക് കോടികള്‍ ലഭിച്ചതായി ഒമര്‍ അല്‍ ബഷീര്‍ വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

90 മില്ല്യണ്‍ ഡോളര്‍ പണം സൗദിയില്‍ നിന്ന് ലഭിച്ചുവെന്നാണ് ഒമര്‍ അല്‍ ബഷീര്‍ സമ്മതിച്ചത്. ഏറ്റവും അവസാനമായി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദൂതര്‍ വഴിയാണ് പണം ലഭിച്ചതെന്ന് ഒമര്‍ ബഷീര്‍ പറഞ്ഞതായി പൊലീസ് ബ്രിഗേഡിയര്‍ അഹ്മദ് അലി പറഞ്ഞു. സര്‍ക്കാര്‍ ബജറ്റിന് പുറമെ ചിലവഴിക്കാനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയ 25 മില്ല്യണ്‍ ഡോളര്‍ സഹായത്തിന്റെ ഭാഗമായിരുന്നു അവസാന തവണയെന്നും ഒമര്‍ അല്‍ ബഷീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

2015ല്‍ അന്തരിച്ച അബ്ദുള്ള രാജാവില്‍ നിന്ന് 35, 30 മില്ല്യണ്‍ ഡോളര്‍ പണം വിവിധ ഘട്ടങ്ങളില്‍ സുഡാന്‍ മുന്‍ പ്രസിഡന്റിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയോട് പറഞ്ഞു.

അമേരിക്കന്‍, സുഡാന്‍ കറന്‍സികളിലായി 7.8 മില്ല്യണ്‍ യൂറോ ഒമര്‍ അല്‍ ബഷീറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഒമര്‍ അല്‍ ബഷീറിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. 1989 ജൂണ്‍ 30ന് അട്ടിമറിയിലൂടെ സുഡാന്റെ ഭരണം പിടിച്ച ഒമര്‍ അല്‍ ബഷീര്‍ 2019 ഏപ്രില്‍ 11നാണ് സ്ഥാനഭ്രഷ്ടനായത്.