| Sunday, 9th July 2023, 9:19 am

സുഡാന്‍ നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാര്‍തൂം: സുഡാനിലെ നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. ഖാര്‍ത്തൂമിനടുത്തുള്ള നഗരമായ ഒംദുര്‍മാനിലാണ് വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സുഡാന്‍ സൈന്യവും അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിലെ ഏറ്റവും മാരകമായ വ്യോമാക്രമണമാണിതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

മൃതദേഹങ്ങള്‍ നിലത്ത് കിടക്കുന്നതിന്റെയും അവശിഷ്ടങ്ങളില്‍ നിന്നും മരിച്ചവരെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ ആരോഗ്യ മന്ത്രാലയം പോസ്റ്റ് ചെയ്തു. ആക്രമണം നടത്തിയത് സൈന്യമാണെന്ന് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ആരോപിച്ചു.

സൈന്യമാണോ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ആണോ ആക്രമണം നടത്തിയതെന്നതില്‍ വ്യക്തയില്ലെന്ന് ഒംദുര്‍മാന്‍ പ്രദേശവാസികള്‍ പറഞ്ഞു. ആര്‍.എസ്.എഫിനെ ലക്ഷ്യമിട്ട് മേഖലയില്‍ സൈന്യ വിമാനങ്ങള്‍ പറക്കാറുണ്ടെന്നും സൈന്യത്തിനെതിരെ ആര്‍.എസ്. എഫ് ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.

ഏപ്രിലിലായിരുന്നു സുഡാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സുഡാന്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും തമ്മിലുള്ള അധികാര തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചത്. കഴിഞ്ഞ മാസം ഖാര്‍ത്തൂമില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കലാപത്തില്‍ ഇതുവരെ 3000 ആളുകള്‍ മരിക്കുകയും 6000 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി ഹൈതം മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. 2.9 ദശലക്ഷത്തിലധികം ആളുകള്‍ കലാപം തുടങ്ങിയതിന് ശേഷം വീടുകള്‍ ഉപേക്ഷിച്ച് പോയതായി യു.എന്നിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സുഡാനൊരു ഭീകരമായ സ്ഥലമായി മാറിയിരിക്കുന്നുവെന്ന് യു.എന്‍ ഹുമനിറ്റേറിയന്‍ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. സുഡാനില്‍ നടക്കുന്ന ആക്രമണത്തെയും കുടിയേറ്റത്തെയും അദ്ദേഹം അപലപിക്കുകയും ചെയ്തു.

സുഡാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഞെട്ടലുണ്ടാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുഡാനിലെ ലോക ബോഡിയുടെ മനുഷ്യാവകാശ ഓഫീസിന് ലൈംഗികാതിക്രമവുമായ ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐക്യ രാഷ്ട്ര സഭയിലെ വിവിധ ഏജന്‍സികള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ഏപ്രില്‍ 15ന് സുഡാനില്‍ ആഭ്യന്തര കലഹം ആരംഭിച്ചതിന് ശേഷം കലാപവുമായി ബന്ധപ്പെട്ട് 21 ഓളം ലൈംഗികാതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് സുഡാനിലെ മനുഷ്യാവകാശ ഓഫീസിന് ലഭിച്ച റിപ്പോര്‍ട്ട്. അതുപ്രകാരം 57 സ്ത്രീകളും പെണ്‍കുട്ടികളും അതിക്രമത്തിന് ഇരയായിട്ടുണ്ട്. ഒരു ആക്രമണത്തിനിടയില്‍ മാത്രം 20 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്,’ പ്രസ്താവനയില്‍ പറയുന്നു.

യുദ്ധത്തിനിടയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിനുള്ള ആരോഗ്യപരമായും മാനസികപരമായുമുള്ള ചികിത്സ ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞിരുന്നു.

Content Highlight: Sudan Riots: 22 Killed in airstricks

Latest Stories

We use cookies to give you the best possible experience. Learn more