ഖാര്‍ത്തും: രാജ്യത്തിന്റെ എതിരാളികളായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സുമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ബന്ധം പുലര്‍ത്തിയതില്‍ എംബസിയിലെ 15 യു.എ.ഇ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഉത്തരവിട്ട് സുഡാന്‍ പ്രതിരോധ മന്ത്രാലയം. നയതന്ത്രജ്ഞരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ അറിയിച്ചതായി മന്ത്രാലയം പറഞ്ഞു.
യു.എ.ഇ ഉദ്യോഗസ്ഥരെ പേഴ്‌സണല്‍ നോണ്‍ ഗ്രാറ്റയായി (സ്വീകാര്യമല്ലാത്ത വ്യക്തി) പ്രഖ്യാപിച്ചെന്നും മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ യു.എ.ഇ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സുഡാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അര്‍ദ്ധസൈനിക സംഘടനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിലേക്ക് (ആര്‍.എസ്.എഫ്) യു.എ.ഇ പല തവണയായി വിവിധ സാധനങ്ങള്‍ കൈമാറ്റം ചെയ്തതായി സുഡാനീസ് സൈനിക മേധാവിയും ഉന്നത ജനറലും രണ്ടാം കമാൻഡറുമായ യാസര്‍ അല്‍ അത്ത ആരോപിച്ചിരുന്നു. ഉഗാണ്ട, ചാഡ്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയാണ് യു.എ.ഇ സാധനങ്ങള്‍ അയച്ചതെന്നാണ് അത്ത ആരോപിച്ചത്.
സൈനിക മേധാവിയുടെ ആരോപണത്തിന് പിന്നാലെയാണ് സുഡാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കൂടാതെ സുഡാനിലേക്കുള്ള യു.എ.യുടെ സഹായ കയറ്റുമതിയില്‍ ആയുധങ്ങള്‍ കണ്ടെത്തിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യു.എ.ഇ ഇത് നിഷേധിക്കുകയാണ് ഉണ്ടായത്.
നിലവില്‍ ആര്‍.എസ്.എഫും സുഡാന്‍ സര്‍ക്കാരും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും പക്ഷം പിടിക്കുന്നില്ലെന്നുമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ യു.എ.ഇ പ്രതികരിച്ചത്. രാജ്യത്ത് വെടിനിര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും യുദ്ധ സാഹചര്യം കുറക്കാനും സുഡാനീസ് സര്‍ക്കാരിനോട് നിരന്തരം ആവശ്യപെട്ടിരുന്നെന്നും യു.എ.ഇ അറിയിച്ചു.
2023 ഏപ്രില്‍ 15 മുതല്‍ സുഡാനിലെ സൈന്യവും ആര്‍.എസ്.എഫും തമ്മില്‍ യുദ്ധത്തിലാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം സുഡാനില്‍ 12,000 പേര്‍ കൊല്ലപ്പെടുകയും ഏഴ് ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡാര്‍ഫറില്‍ മാത്രം കുറഞ്ഞത് അഞ്ച് ദശലക്ഷം കുട്ടികള്‍ക്ക് അവരുടെ അവകാശങ്ങളും സംരക്ഷണവും നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് യുണിസെഫ് പറയുന്നു.
Content Highlight: Sudan Ministry of Defense orders U.A.E diplomats to leave the country within 48 hours