World News
സൈന്യം ഭരണമൊഴിയണം; സുഡാനില്‍ ജനകീയപ്രക്ഷോഭം തുടരുന്നു; അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ലെന്ന് സൈന്യം
ഖാര്‍ത്തൂം: സുഡാനില്‍ ജനകീയപ്രക്ഷോഭം തുടരുന്നു. പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെയാണു ജനം തെരുവിലിറങ്ങിയിരിക്കുന്നത്.
സൈന്യം ഉടന്‍ അധികാരമൊഴിയണമെന്നാണ് അവരുടെ ആവശ്യം. സൈന്യം പ്രഖ്യാപിച്ച നിരോധനാജ്ഞ പോലും വകവെയ്ക്കാതെയാണു പ്രക്ഷോഭം.
നേരത്തേ ബഷീറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈന്യവും ബഷീറിന്റെ ഭരണകൂടത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയാണു ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.
യുദ്ധക്കുറ്റങ്ങളും സുഡാനില്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും ചുമത്തിയാണു നേരത്തേ ബഷീറിനെ സൈന്യം അറസ്റ്റ് ചെയ്തത്. ബഷീറിനെ അധികാരത്തില്‍ നിന്നു നീക്കിയശേഷം അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്തു മൂന്നുമാസത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ രണ്ടുവര്‍ഷം അധികാരത്തിലിരിക്കുമെന്നു സൈന്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മോഷ്ടാവിനു പകരം മറ്റൊരു മോഷ്ടാവ് എന്നാണു സൈനിക നടപടിക്കെതിരേ ജനങ്ങള്‍ പ്രതികരിച്ചത്. സൈന്യത്തിന്റെ പ്രവൃത്തികള്‍ വീണ്ടും പഴയപടിയിലേക്കു കാര്യങ്ങള്‍ കൊണ്ടുപോകുമെന്നും മുഖം മാത്രം മാറ്റാതെ നിലപാടുകള്‍ മാറ്റണമെന്നുമാണു ജനങ്ങള്‍ പറയുന്നത്. ജനാധിപത്യ ഭരണക്രമമാണു രാജ്യത്തിന് ആവശ്യമെന്നും അവര്‍ പറഞ്ഞു.
അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താത്പര്യമില്ലെന്നാണു സൈന്യത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഒരുമാസത്തിനകം അധികാരമൊഴിയാന്‍ തയ്യാറാണെന്നും സൈനിക രാഷ്ട്രീയ കൗണ്‍സില്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരായിരിക്കും സുഡാനെ ഭാവിയില്‍ നയിക്കുകയെന്ന് ലെഫ്. ജനറല്‍ ഉമര്‍ സൈനുല്‍ ആബിദീന്‍ ഉറപ്പുനല്‍കിയെങ്കിലും പ്രക്ഷോഭത്തില്‍ അയവുവന്നിട്ടില്ല.
രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥ പരിഹരിക്കാന്‍ കഴിയുക ജനങ്ങള്‍ക്കാണ്. പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുക മാത്രമാണു തങ്ങളുടെ ചുമതലയെന്നും ആബിദീന്‍ പറഞ്ഞു.
അതിനിടെ പ്രക്ഷോഭകരോട് സമാധാനം പാലിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സൈനിക അട്ടിമറിയെ ആഫ്രിക്കന്‍ യൂണിയന്‍ അപലപിച്ചു. സുഡാനിലെ വെല്ലുവിളികള്‍ മറികടക്കാന്‍ ഇതുകൊണ്ട് കഴിയില്ലെന്ന് യൂണിയന്‍ പറഞ്ഞു.
സാദിഖ് അല്‍ മുഹ്ദിയാണ് സുഡാനില്‍ തെരഞ്ഞെടുക്കപ്പെട്ട അവസാന പ്രധാനമന്ത്രി. അദ്ദേഹത്തെ അട്ടിമറിച്ചാണ് 1989-ല്‍ ബഷീര്‍ അധികാരത്തിലെത്തിയത്. കുറേക്കാലം രാഷ്ട്രീയ വനവാസത്തിലായിരുന്ന മുഹ്ദി തിരികെയെത്തി പ്രതിപക്ഷകക്ഷികളെ കൂട്ടുപിടിച്ച് നടത്തിയ ശ്രമങ്ങളാണ് ബഷീറിനെ താഴെയിറക്കിയത്.