| Tuesday, 18th April 2023, 9:58 am

സുഡാനില്‍ മരണം 200 കടന്നു; ആശുപത്രികളുടെ അവസ്ഥ പരിതാപകരമെന്ന് ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാര്‍ത്തൂം: സുഡാനിലെ ആഭ്യന്തര കലാപത്തില്‍ 200 പേര്‍ മരിക്കുകയും 1800 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. അതേസമയം സുഡാനിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് ആക്രമിക്കപ്പെട്ടതായി ഉന്നത നയതന്ത്രജ്ഞന്‍ ജോസെപ് ബോറല്‍ പറഞ്ഞു. നിലവില്‍ കഴിഞ്ഞ ദിവസം യു.എന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

‘നയതന്ത്ര സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ സുഡാനീസ് അധികാരികളുടെ പ്രാഥമിക ഉത്തരവാദിത്തമാണ്,’ ജോസപ് ബോറല്‍ പറഞ്ഞു.

നിരവധി ആശുപത്രികള്‍ യുദ്ധത്തില്‍ തകര്‍ന്നതായി ഡോക്ടര്‍മാരുടെ യൂണിയന്‍ അറിയിച്ചു. ഖാര്‍ത്തൂമിലെ ആശുപത്രികളില്‍ രക്തം, ട്രാന്‍സ്ഫ്യൂഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ക്ഷാമമുണ്ടെന്ന് ലോകരാരോഗ്യ സംഘടനയും അഭിപ്രായപ്പെട്ടു.

പരിമിതമായ ശസ്ത്രക്രിയ ശേഷി കാരണമാണ് സംഘര്‍ഷത്തിന്റെ ആദ്യ മണിക്കൂറുകളില്‍ മരണം സംഭവിച്ചതെന്ന് ഡോക്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ് എന്ന അന്താരാഷ്ട്ര മെഡിക്കല്‍ സംഘടന അറിയിച്ചു.

‘പരിക്കേറ്റവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അവരില്‍ ധാരാളം കുട്ടികളുണ്ട്. പരിമിതമായ ശസ്ത്രക്രിയാ ശേഷി കാരണം സംഘര്‍ഷത്തിന്റെ ആദ്യ 48 മണിക്കൂറിനുള്ളില്‍ 11 പേര്‍ മരിക്കുകയായിരുന്നു,’ സംഘടന പറയുന്നു.

ജനനിബിഡമായ ഖര്‍ത്തൂമിന്റെ വടക്ക്, തെക്ക് ഭാഗങ്ങളില്‍ അതിരൂക്ഷമായ ഏറ്റമുട്ടലാണ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി, അറബ് ലീഗ് മേധാവി, ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍, തുടങ്ങിയവര്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെടിയുണ്ടയുടെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നതെന്നും എന്നാല്‍ പേടിക്കണ്ട കുഴപ്പമില്ലെന്ന് എംബസി പറഞ്ഞതായി മലയാളിയായ വിജയന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘വെടിയുണ്ടയുടെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. പേടിക്കണ്ട, കുഴപ്പമില്ലെന്നാണ് എംബസി പറയുന്നത്. വിമാനത്താവളം തുറന്നാല്‍ ആളുകളെ കൊണ്ടുപോകാമെന്നും എംബസി പറയുന്നുണ്ട്. എന്നാല്‍ പ്രശ്‌നമതല്ല, ഈ സ്ഥിതി തുടര്‍ന്നാല്‍ ഭക്ഷണമില്ലാതെയാകും.

പാലസിന്റെയും വിമാനത്താവളത്തിന്റെയും അധികാരം ലോക്കല്‍ മില്‍ട്ടറി ഏറ്റെടുത്തു. ജനല്‍ തുറന്ന് പുറത്തേക്ക് നോക്കിയാല്‍ വെടിയേല്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്.

ഖാര്‍ത്തൂമില്‍ 150 ഓളം മലയാളികളുണ്ട്. 6000 ഓളം ഇന്ത്യക്കാരും ഇവിടെയുണ്ട്. ഇവിടെ ഉള്ളവര്‍ സുരക്ഷിതരാണ്. എന്നാല്‍ വിമാനത്താവളം എന്ന് തുടങ്ങുമെന്ന് അറിയില്ല,’ അദ്ദേഹം പറഞ്ഞു.

സുഡാനില്‍ സൈന്യവും പാരാമിലിട്ടറി സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണ്‌ നടക്കുന്നത്.

ഖാര്‍ത്തൂമിലെയും മീറോയിലെയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍.എസ്.എഫ്) അവകാശപ്പെടുന്നത്. പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യത്തെ സൈനിക മേധാവിയായ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതിയും തങ്ങള്‍ പിടിച്ചെടുത്തതായി ആര്‍.എസ്.എഫ് അവകാശപ്പെടുന്നുണ്ട്.

content highlight: Sudan death toll passes 200; The World Health Organization says the condition of hospitals is dire

We use cookies to give you the best possible experience. Learn more