സുഡാനിലെ മരണസംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ കൂടുതൽ; റിപ്പോർട്ട്
World News
സുഡാനിലെ മരണസംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ കൂടുതൽ; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2024, 9:31 pm

ഡാർഫർ: ആഭ്യന്തര യുദ്ധം മൂലം സുഡാനിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം മുമ്പ് റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെയധികമെന്ന് പഠനം. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ സുഡാൻ റിസർച്ച് ഗ്രൂപ്പിൻ്റെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം യുദ്ധം ആരംഭിച്ച ഖാർട്ടൂമിൽ 61,000-ത്തിലധികം ആളുകൾ മരിച്ചു.

ഇതിൽ 26,000 പേർ മാത്രമാണ് അക്രമത്തിൻ്റെ നേരിട്ടുള്ള ഫലമായി കൊല്ലപ്പെട്ടത്. സുഡാനിലുടനീളം ഉണ്ടാകുന്ന മരണത്തിൻ്റെ മറ്റൊരു പ്രധാന കാരണം രോഗവും പട്ടിണിയും ആണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

രാജ്യത്ത് മറ്റിടങ്ങളിൽ, പ്രത്യേകിച്ച് ഡാർഫറിൻ്റെ പടിഞ്ഞാറൻ മേഖലയിൽ, അതിക്രമങ്ങളും വംശീയ ഉന്മൂലനവും മൂലം നിരവധി മരണങ്ങൾ ഉണ്ടായാതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സുഡാനിലെ സംഘർഷം ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ആയിരക്കണക്കിന് ആളുകൾ പട്ടിണിയുടെ ഭീഷണിയിലാണെന്നും സന്നദ്ധ പ്രവർത്തകർ പറയുന്നു.

ഇതുവരെ, യു.എന്നും മറ്റ് ഏജൻസികളും സ്ഥിരീകരിച്ച മരണങ്ങളുടെ എണ്ണം 20,000 കവിഞ്ഞിട്ടുണ്ട്. രാജ്യത്ത് സംഘർഷവും അരാജകത്വവും കാരണം, കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തിൻ്റെ വ്യക്തമായ രേഖകൾ ഇല്ല.

സൈന്യത്തോട് പോരാടുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ആയ മിലിഷ്യ, ഫ്രഞ്ച് ഹാർഡ്‌വെയർ ഘടിപ്പിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിതരണം ചെയ്ത വാഹനങ്ങൾ ഡാർഫറിൽ ഉപയോഗിക്കുന്നുണ്ടെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ വ്യാഴാഴ്ച പറഞ്ഞു. ‘ഫ്രാൻസിൽ രൂപകല്പന ചെയ്തതും നിർമിച്ചതുമായ ആയുധങ്ങൾ സുഡാനിലെ യുദ്ധഭൂമിയിൽ സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങളുടെ ഗവേഷണം കാണിക്കുന്നു,’ ആംനസ്റ്റിയുടെ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ് പറഞ്ഞു.

2004-ൽ ഡാർഫറിൽ യു.എൻ ജനങ്ങൾക്കെതിരെ വംശീയ ഉന്മൂലനം ആരോപിച്ച്. ആദ്യമായി ആയുധ ഉപരോധം ഏർപ്പെടുത്തി. ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഉപരോധം സുഡാനിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

സുഡാനിലെ പോരാട്ട വിഭാഗങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി എല്ലാ രാജ്യങ്ങളെയും അഭ്യർത്ഥിച്ചു.

Content Highlight: Sudan death toll far higher than previously reported – study