വെടിനിര്‍ത്തല്‍ പരാജയം; സുഡാന്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്; ഖര്‍ത്തൂമില്‍ കൂട്ടപലായനം
World News
വെടിനിര്‍ത്തല്‍ പരാജയം; സുഡാന്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്; ഖര്‍ത്തൂമില്‍ കൂട്ടപലായനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 11:48 pm

ഖര്‍ത്തൂം: സുഡാനില്‍ അന്താരാഷ്ട്ര മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയപ്പെട്ടു. തലസ്ഥാനമായ ഖര്‍ത്തൂമില്‍ അഞ്ചാം ദിവസമായ ബുധനാഴ്ച്ചയും സ്‌ഫോടനങ്ങളും വെടിവെപ്പും നടന്നതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച യു.എസിന്റെ മധ്യസ്ഥതയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇരുസൈനിക വിഭാഗങ്ങളും തമ്മില്‍ ധാരണയായിരുന്നു.

ഇതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ആരംഭിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ ഖര്‍ത്തൂം വിട്ടതോടെ നഗരം വിജനമായതായി ഡോക്ടേഴ്‌സ് സിന്‍ഡിക്കേറ്റ് സെക്രട്ടറി അതിയ അബ്ദുള്ള പറഞ്ഞു.

മധ്യ ഖര്‍ത്തൂമിലെ സൈനിക ആസ്ഥാനത്തിന് പുറത്തും സമീപത്തെ വിമാനത്താവള പരിസരത്തും ബുധനാഴ്ച രാവിലെ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായിട്ടുള്ളത്. സുഡാന്റെ ഔദ്യോഗിക വാര്‍ത്ത ചാനലായ സുഡാന്‍ ടി.വിയുടെ ആസ്ഥാനത്തിന് പുറത്തും സ്‌ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്.

നേരത്തെ കലാപം തുടങ്ങി നാലാം ദിനമാണ് അമേരിക്കയുടെയും സൗദിയുടെയും മധ്യസ്ഥ ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് സൈനിക മേധാവി ജനറല്‍ അബ്ദുള്‍ ഫത്താഹ് ബുര്‍ഹാനും അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയും തീരുമാനിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ബുധനാഴ്ച്ച വരെയായിരുന്നു വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.

യുദ്ധത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും ഇരുകൂട്ടരും പ്രഖ്യാപിച്ചിരുന്നു. കലാപത്തിനിടെ വിതരണ ശൃംഖല നിശ്ചലമായതോടെ കടുത്ത പട്ടിണിയിലേക്കാണ് രാജ്യം കൂപ്പുകുത്തിയത്. ആശുപത്രികളിലടക്കം മരുന്നും ഓക്‌സിജനും ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. വൈദ്യുതി ശൃംഖലയും തടസപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

ചര്‍ച്ചകള്‍ പാളിയതോടെ സുഡാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരും ദുരിതത്തിലാണ്. ഭക്ഷണവും വെള്ളവുമടക്കമുള്ള ആവശ്യ സാധനങ്ങള്‍ വരെ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായാണ് വിവരങ്ങള്‍. അതിനിടെ നാലായിരത്തിനടുത്ത് ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളുണ്ടാകുന്നില്ലെന്ന വാദവും ശക്തമാവുകയാണ്.

അതേസമയം പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും മധ്യസ്ഥ ചര്‍ച്ചകള്‍ക്കുമായി സൗദി, യു.എ.ഇ സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ നല്‍കുന്ന വിശദീകരണം.

Content Highlight: sudan crisis, firing continues in kharthum