ഖാര്‍ത്തൂം: സുഡാനില്‍ റമളാന്‍ പ്രമാണിച്ച് സൈന്യവും പാരാമിലിട്ടറിയും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതായും ആക്രമണങ്ങള്‍ തുടരുന്നതായും റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് റമളാനോട് അനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് വെടിനിര്‍ത്തലിന് സൈന്യവും പാരാമിലിട്ടറിയും തയ്യാറായത്.
യാതൊരുവിധ സൈനിക നീക്കങ്ങളും പാടില്ലെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളോടെയായിരുന്നു വെടിനിര്‍ത്തല്‍ നിലവില്‍ വന്നതെങ്കിലും, അതെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
സുഡാനില്‍ സൈന്യവും പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും (ആര്‍.എസ്.എഫ്) തമ്മില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതുവരെ ആക്രമണങ്ങളില്‍ 413 പേര്‍ കൊല്ലപ്പെട്ടതായും 3551 പേര്‍ക്ക് പരിക്കേറ്റതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു.
എന്നാല്‍ മരണനിരക്ക് ഇതിനേക്കാള്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ പലര്‍ക്കും ആശുപത്രിയില്‍ എത്തിച്ചേരാനുള്ള സാഹചര്യമില്ല എന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
സുഡാന്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്‌ലോയും തമ്മിലുള്ള അധികാര തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചത്. തലസ്ഥാനമായ ഖാര്‍ത്തൂമിലെയും മീറോയിലെയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് ആര്‍.എസ്.എഫ് പറയുന്നത്. പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യത്തെ സൈനിക മേധാവിയായ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതിയും തങ്ങള്‍ പിടിച്ചെടുത്തതായി ആര്‍.എസ്.എഫ് അവകാശപ്പെടുന്നുണ്ട്.
‘ഈദുല്‍ ഫിത്ര്‍ എന്നത് മധുരവും സന്തോഷിക്കുന്ന കുട്ടികളുമൊക്കെയുള്ള, പരസ്പരം ബന്ധുക്കളോട് ആശംസകളൊക്കെ നേരുന്ന ഒരു സന്ദര്‍ഭമാണ്. എന്നാല്‍ ഇവിടെയിപ്പോള്‍ വെടിവെപ്പും ചോരയുടെ മണവും മാത്രമാണ് ഞങ്ങള്‍ക്ക് ചുറ്റുമുള്ളത്,’ ഖാര്‍ത്തൂം സ്വദേശിയായ സമി അല്‍ നൂര്‍ ന്യൂസ് ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
നേരത്തെ ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്, അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എന്നിവര്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ സുഡാനില്‍ ആഭ്യന്തര യുദ്ധത്തില്‍ പെട്ട പൗരന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ വ്യോമ-നാവിക സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സുഡാനില്‍ പല വിമാനത്താവളങ്ങളും തകര്‍ന്ന സാഹചര്യത്തില്‍ വ്യോമമാര്‍മുള്ള രക്ഷാപ്രവര്‍ത്തനം ശ്രമകരമാകുമെന്നും അതിനാല്‍ കടല്‍ മാര്‍ഗമുള്ള രക്ഷാദൗത്യത്തിന് ഊന്നല്‍ നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Highlights: Sudan Civil War; temporary ceasefire violated