| Sunday, 21st May 2023, 11:23 pm

സുഡാന്‍ ആഭ്യന്തര കലാപം: ഇരുപതിലധികം സ്ത്രീകള്‍ പീഡനത്തിനിരയായെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാര്‍ത്തൂം: സുഡാനിലെ ആഭ്യന്തര കലാപത്തിനിടയില്‍ നിരവധി പേര്‍ ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. നൈലയിലെ ആക്ടിവിസ്റ്റിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെ സമാനമായ യൂണിഫോം ധരിച്ചവരാണ് ബലാത്സംഗം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘കലാപത്തിനിടയില്‍ കൂട്ട ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട്. റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെ സമാനമായ യൂണിഫോം ധരിച്ചവരാണ് ബലാത്സംഗം ചെയ്തതെന്നാണ് ഇരയായവര്‍ പറഞ്ഞത്.

14 നും 56 വയസിനുമിടയില്‍ പ്രായമുള്ള 24 സ്ത്രീകളാണ് നിലവില്‍ പീഡനത്തിനിരയായിട്ടുള്ളത്. റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സില്‍ നിന്നും അല്‍ദമാന്‍ ഹോട്ടലിലും സമീപ പ്രദേശത്തും രക്ഷപ്പെടുത്താന്‍ വന്നവരാണ് പീഡിപ്പിച്ചത്. കുറച്ച് പേര്‍ക്ക് അവരില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചു. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് മൂന്ന് ദിവസം അവിടെ തങ്ങേണ്ടി വന്നു. അതില്‍ 14 വയസുള്ള ഒരു പെണ്‍കുട്ടിയെ മാരകമായി ഉപദ്രവിച്ചിട്ടുണ്ട്.

ബലാത്സംഗം ചെയതതിന് ശേഷം ഒരു പ്രാഥമിക ക്ലിനിക്കില്‍ നിന്ന് 18 ഓളം പെണ്‍കുട്ടികളെയും സ്ത്രീകളെയും ഇഞ്ചക്ഷന്‍, ആന്റിബയോട്ടിക്‌സ്, പനാഡോള്‍, എന്നിവ നല്‍കി. അത് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കണ്ടിരുന്നു. എന്നാല്‍ ബാക്കിയുള്ളവര്‍ ഈ ചികിത്സയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു,’ ആക്റ്റിവിസ്റ്റുകള്‍ പറഞ്ഞു.

അതേസമയം സുഡാനില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ഏഴാമത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ച കഴിഞ്ഞ ദിവസം അമേരിക്കയുടെയും സൗദി അറേബ്യയുടെയും നേതൃത്വത്തില്‍ നടന്നിരുന്നു. എന്നാല്‍ കരാറില്‍ ഒപ്പിട്ട ആദ്യത്തെ ചര്‍ച്ചയായിരുന്നു ഇത്.

കരാര്‍ പ്രകാരം തിങ്കളാഴ്ച രാത്രിയോട് കൂടിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരിക. അതിനിടയില്‍ ഞായറാഴ്ച വൈകിയും വെടിവെപ്പ് നടന്നിട്ടുണ്ട്. ഫോഴ്‌സ് ഫോര്‍ ഫ്രീഡം ആന്റ് ചേഞ്ച് സിവിലിയന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

സുഡാന്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും തമ്മിലുള്ള അധികാര തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചത്. തലസ്ഥാനമായ ഖാര്‍ത്തൂമിലെയും മീറോയിലെയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് ആര്‍.എസ്.എഫ് പറയുന്നത്. പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യത്തെ സൈനിക മേധാവിയായ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതിയും തങ്ങള്‍ പിടിച്ചെടുത്തതായി ആര്‍.എസ്.എഫ് അവകാശപ്പെടുന്നുണ്ട്.

സുഡാനിലെ കലാപത്തില്‍ കണ്ണൂര്‍ സ്വദേശിയായ ആല്‍ബര്‍ട്ട് അഗസ്റ്റിനും കൊല്ലപ്പെട്ടിരുന്നു.

content highlight: Sudan Civil War: More than 20 women reportedly tortured

We use cookies to give you the best possible experience. Learn more