ന്യൂദല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിലെ സ്ഥിതി അതിസങ്കീര്‍ണമാണെന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷന്‍ കാവേരിയെന്ന് പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 1095 പേരെ സുഡാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞെന്നും മന്ത്രാലയം വ്യക്തമാക്കി. ഇക്കൂട്ടത്തില്‍ 19 മലയാളികളാണ് ഉണ്ടായിരുന്നത്.
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം 243 പേരുമായി രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തും.
ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസിയിലും പോര്‍ട്ട് സുഡാനിലും ജിദ്ദയിലും മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 3500ഓളം ഇന്ത്യക്കാര്‍ സുഡാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്ക്. ഇതില്‍ 3100 പേര്‍ നാട്ടിലേക്ക് മടങ്ങാനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
പോര്‍ട്ട് സുഡാനിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിലാണ് ഇന്ത്യന്‍ എംബസി താത്കാലികമായി ക്യാമ്പ് തുറന്നിരിക്കുന്നത്. നാട്ടിലേക്കുള്ള മടക്കം കാത്ത് നിരവധി പേരാണ് ക്യാമ്പില്‍ കഴിയുന്നത്. അതിനിടെ സുഡാനില്‍ നിന്ന് മടങ്ങിയ മലയാളികളുടെ ആദ്യ സംഘം വ്യാഴാഴ്ച കേരളത്തിലെത്തി. താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ക്യാമ്പ് ഒരുക്കിയിരിക്കുന്ന പോര്‍ട്ട് സുഡാനില്‍ എത്തിപ്പെടുക എന്നതാണ് പ്രധാന വെല്ലുവിളിയെന്ന് നാട്ടിലെത്തിയവര്‍ പറയുന്നു.
എറണാകുളം സ്വദേശികളായ ബിജി ആലപ്പാട്ട്, ഷാരോണ്‍, മിഷേല്‍, റോഷല്‍, ഡാനിയേല്‍, ഇടുക്കി കല്ലാര്‍ സ്വദേശി ജയേഷ് വേണു എന്നിവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലും കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന്‍ എന്നിവര്‍ തിരുവന്തപുരം വിമാനത്താവളത്തിലുമാണെത്തിയത്.
സുഡാനില്‍ സൈന്യവും പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതുവരെ ആക്രമണങ്ങളില്‍ 459 പേര്‍ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ പലര്‍ക്കും ആശുപത്രിയില്‍ എത്തിച്ചേരാനുള്ള സാഹചര്യമില്ല എന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
സുഡാന്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും തമ്മിലുള്ള അധികാര തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചത്. തലസ്ഥാനമായ ഖാര്‍ത്തൂമിലെയും മീറോയിലെയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് ആര്‍.എസ്.എഫ് പറയുന്നത്. പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യത്തെ സൈനിക മേധാവിയായ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതിയും തങ്ങള്‍ പിടിച്ചെടുത്തതായി ആര്‍.എസ്.എഫ് അവകാശപ്പെടുന്നുണ്ട്.
സുഡാനില്‍ നേരത്തെ അന്താരാഷ്ട്ര മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയപ്പെട്ടിരുന്നു. ആക്രമണങ്ങളില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ആരംഭിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ ഖാര്‍ത്തൂം വിട്ടതോടെ നഗരം വിജനമായതായി ഡോക്ടേഴ്സ് സിന്‍ഡിക്കേറ്റ് സെക്രട്ടറി അതിയ അബ്ദുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: Sudan civil war; first group of Malayalees arrived in Kerala