സുഡാന്‍ ആഭ്യന്തര കലാപം; മലയാളി കൊല്ലപ്പെട്ടു; ഇന്ത്യക്കാര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് എംബസി
Kerala News
സുഡാന്‍ ആഭ്യന്തര കലാപം; മലയാളി കൊല്ലപ്പെട്ടു; ഇന്ത്യക്കാര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് എംബസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th April 2023, 12:11 pm

ഖാര്‍ത്തൂം: ആഭ്യന്ത കലാപം രൂക്ഷമാകുന്ന സുഡാനില്‍, ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം വിമുക്ത ഭടനായിരുന്നു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ജോലി ചെയ്തിരുന്ന ആല്‍ബര്‍ട്ട് കഴിഞ്ഞ ദിവസം ആക്രമണത്തില്‍ കൊല്ലപ്പെട്ടന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സുഡാനില്‍ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യക്കാര്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശമായിരുന്നു എംബസി നല്‍കിയിരുന്നത്.

സുഡാനില്‍ സൈന്യവും പാരാമിലിട്ടറി സംഘവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ജനജീവിതം വളരെ ദുഷ്‌കരമായിരിക്കുകയാണ്. തലസ്ഥാനമായ ഖാര്‍തൂം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷമായ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആക്രമണങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖാര്‍ത്തൂമിലെയും മീറോയിലെയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍.എസ്.എഫ്) അവകാശപ്പെടുന്നത്. പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യത്തെ സൈനിക മേധാവിയായ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതിയും തങ്ങള്‍ പിടിച്ചെടുത്തതായി ആര്‍.എസ്.എഫ് അവകാശപ്പെടുന്നുണ്ട്.

Content Highlights: Sudan civil unrest; Malayali killed; Embassy tells Indians not to leave their homes