തിരുവനന്തപുരം: യു.എന്‍.എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച നടപടിയില്‍ പ്രതിഷേധവുമായി എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ്. യു.എന്‍.എ നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റിന്റെ നടപടി അപലപനീയമാണെന്ന് എസ്.യു.സി.ഐ സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ വി.വേണുഗോപാല്‍ പറഞ്ഞു.
ഇവര്‍ക്കെതിരെയുള്ള നടപടി ദുരുദ്ദേശപരമാണെന്നും അത് പ്രഥമദൃഷ്ട്യാ ആര്‍ക്കും മനസ്സിലാകുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു. പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പിന്‍വലിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെടണമെന്നും എസ്.യു.സി.ഐ ആവശ്യപ്പെട്ടു.
പ്രതികള്‍ പേര് മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടനടി പൊലീസില്‍ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നുണ്ട്.
നേരത്തേ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിന്‍ ഷാ സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നത്. ഇതിനെതിരെ പിന്നീട് കേസും റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിനെതിരെയാണ് ജാസ്മിന്‍ ഷാ കോടതിയിലെത്തിയത്. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യു.എന്‍.എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയില്‍ ജാസ്മിന്‍ ഷാ വാദിച്ചു.
തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യു.എന്‍.എ ഫണ്ടില്‍ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂര്‍ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും ഇവര്‍ വാദിച്ചു. എതിര്‍വിഭാഗത്തിന്റെ പരാതികളില്‍ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തില്‍ തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിന്‍ ഷായും സംഘവും കോടതിയില്‍ വാദിച്ചത്.
എന്നാല്‍ ഫണ്ട് തിരിമറി നടത്തിയ അതേ അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ജാസ്മിന്‍ ഷായും സംഘവും കേസ് നടത്തുന്നതെന്നും ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് ഷാ നടത്തിയതെന്നും കേസ് നല്‍കിയ സിബി മുകേഷ് ആരോപിച്ചിരുന്നു.
നേരത്തെ കേരള നഴ്സിങ് കൗണ്‍സില്‍ ഇലക്ഷനില്‍ സി.ഐ.ടി.യുവിനെ പരാജയപ്പെടുത്തി കൗണ്‍സില്‍ ഭരണം പിടിച്ചെടുത്തത് സി.ഐ.ടി.യുവിന് ഉണ്ടാക്കിയിട്ടുള്ള വൈരാഗ്യവും ഈ കേസിന് കാരണമായിട്ടുണ്ടോ എന്ന് സംശയിക്കാവുന്നതാണെന്നും എസ്.യു.സി.ഐ ആരോപിച്ചിരുന്നു.