|

എന്നെ കരയിച്ച ഏട്ടന്റെ ചിത്രം അതാണ്; പിന്നീട് അങ്ങനെയുള്ള സിനിമകൾ ഉണ്ടായിട്ടില്ല: സുചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ എന്ന നടനും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചതരാണ്. മോഹന്‍ലാലിന്റെ പങ്കാളി സുചിത്രയോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്. പ്രണവ് നായകനായി സിനിമയില്‍ എത്തിയ ശേഷമാണ് സുചിത്ര മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് കൂടുതലായി വരാന്‍ തുടങ്ങിയത്.

തന്നെ കരയിപ്പിച്ച മോഹൻലാൽ ചിത്രമേതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സുചിത്ര. തന്നെ കരയിപ്പിച്ച ചിത്രം ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയാണെന്ന് സുചിത്ര മറുപടി പറഞ്ഞു. തന്മാത്ര എന്ന സിനിമ ശരിക്കും ഫീൽ ചെയ്‌തെന്നും അങ്ങനെയുള്ള സിനിമകൾ പിന്നീട് ഉണ്ടായിട്ടില്ലെന്നും സുചിത്ര കൂട്ടിച്ചേർത്തു. ഇനിയും അത്തരം സിനിമകൾ വേണമെന്നും സുചിത്ര മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എന്നെ കരയിച്ച സിനിമ തന്മാത്രയാണ്. ആ സിനിമ ശരിക്കും ഫീൽ ചെയ്തു. അങ്ങനെയുള്ള സിനിമകൾ പിന്നീട് ഉണ്ടായിട്ടില്ല. അത്തരം സിനിമകൾ ഇനിയും വേണം,’ സുചിത്ര പറയുന്നു.

സിനിമയിൽ അഭിനയിക്കാൻ പ്രണവിനെ ഒരിക്കലും ഫോഴ്സ് ചെയ്തിട്ടില്ലെന്നും മക്കളിൽ ഒരാൾ ഡോക്ടർ ആവണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും സുചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്.

‘ഞാൻ വളർന്നത് ഒരു സിനിമ കുടുംബത്തിലാണ്. എന്റെ അച്ഛൻ ഒരു സിനിമ നിർമാതാവായിരുന്നു. ഞാൻ കല്യാണം കഴിച്ചതും എന്റെ സഹോദരനുമെല്ലാം സിനിമയിൽ ഉള്ളവർ ആയിരുന്നു. അതായിരുന്നു ഞങ്ങളുടെ ഒരു ബ്രെഡ്‌ ആൻഡ്‌ ബട്ടർ. അതുകൊണ്ട് തന്നെ എനിക്കൊരിക്കലും പറയാൻ കഴിയില്ല നീ ഡോക്ടറാവ്, മറ്റേതാവ് എന്നൊന്നും.

ഒരാളെങ്കിലും ഡോക്ടർ ആവണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ രണ്ടുപേരും അതിലൊന്നും താത്പര്യം ഉള്ളവരല്ലായിരുന്നു. നമുക്ക് ഫോഴ്സ് ചെയ്യാൻ പറ്റില്ലല്ലോ. സിനിമയിൽ അഭിനയിക്കുന്നതിലും ഞങ്ങൾ നിർബന്ധിച്ചിട്ടില്ല. ഞങ്ങൾ ഗൈഡൻസ് നൽകി എന്ന് മാത്രമേയുള്ളൂ. ശ്രമിച്ച് നോക്കിക്കൂടെ എന്ന് ചോദിച്ചപ്പോഴാണ് അവൻ ആദി ചെയ്തത്. അതിന് ശേഷവും സിനിമ ചെയ്തു,’ സുചിത്ര പറഞ്ഞു.

Content Highlight: Suchitra says Mohanlal’s film Tanmatra made her cry