മലയാളസിനിമയിലെ മികച്ച താരപുത്രന്മാരിലൊരാളാണ് പ്രണവ് മോഹന്‍ലാല്‍. ബാലതാരമായി സിനിമയിലേക്കെത്തിയ പ്രണവ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2018ല്‍ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനും പ്രണവിന് സാധിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളില്‍ പ്രണവിന്റെ പ്രകടനത്തെ പലരും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകുന്നത് പ്രണവിന്റെ ഓഫ്‌സക്രീന്‍ ജീവിതമാണ്.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തന്നെ നില്‍ക്കാതെ യാത്രകളുമായി നടക്കുന്ന പ്രണവിനെക്കുറിച്ച് പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടത്താറുണ്ട്. താരപുത്രനെന്ന ജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായാണ് പ്രണവ് യാത്രകള്‍ നടത്തുന്നത്. സിനിമകളുടെ പ്രൊമോഷന് പോലും പ്രണവിനെ കാണാന്‍ സാധിക്കാറില്ല. പ്രണവ് ഇപ്പോള്‍ എവിടെയാണെന്ന് സംസാരിക്കുകയാണ് സുചിത്ര മോഹന്‍ലാല്‍.
ഇപ്പോള്‍ സ്‌പെയിനില്‍ എവിടെയോ ഒരു വര്‍ക്കിലാണ് പ്രണവെന്ന് സുചിത്ര പറഞ്ഞു. പലരും താന്‍ പറഞ്ഞാല്‍ പ്രണവ് അനുസരിക്കുമെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അയാള്‍ക്ക് ശരിയെന്ന് തോന്നുന്നത് മാത്രമേ ചെയ്യാറുള്ളൂവെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. വര്‍ഷത്തില്‍ രണ്ട് സിനിമയെങ്കിലും ചെയ്യാന്‍ താന്‍ ആവശ്യപ്പെടാറുണ്ടെന്നും എന്നാല്‍ പ്രണവിന് മറ്റ് കാര്യങ്ങളോടൊപ്പം സിനിമയും ബാലന്‍സ് ചെയ്തുകൊണ്ട് പോകാനാണ് ഇഷ്ടമെന്നും സുചിത്ര പറഞ്ഞു.
ഇപ്പോള്‍ സ്‌പെയിനില്‍ ചെയ്യുന്ന വര്‍ക്കിന് ശമ്പളം കിട്ടില്ലെന്നും താമസവും ഭക്ഷണവും മാത്രമേ കിട്ടുള്ളൂവെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. ഏതോ ഒരു ഫാമിലാണ് വര്‍ക്കെന്നും അവിടെയുള്ള കുതിരകളെയും ആടിനെയുമൊക്കെ നോക്കുന്നതാണ് പണിയെന്നും അതെല്ലാം എക്‌സ്പീരിയന്‍സ് ചെയ്യാനാണ് പ്രണവിന് ഇഷ്ടമെന്നും സുചിത്ര പറഞ്ഞു. രേഖ മേനോനോട് സംസാരിക്കുകയായിരുന്നു സുചിത്ര.
‘അപ്പു ഇപ്പോള്‍ സ്‌പെയിനില്‍ എവിടയോ ആണ്. ഫാമിലിയിലെ പലരുടെയും വിചാരം ഞാന്‍ പറഞ്ഞാല്‍ അവന്‍ കേള്‍ക്കുമെന്നാണ്. ‘ചേച്ചീ, അവനോട് ഇടക്കൊക്കെ നാട്ടില്‍ വരാന്‍ പറയ്’ എന്ന് പലരും എന്നോട് പറയാറുണ്ട്. പക്ഷേ അവന് തോന്നിയാല്‍ മാത്രമേ എന്തും ചെയ്യുള്ളൂ. ഞാന്‍ പോലും അവനോട് വര്‍ഷത്തില്‍ രണ്ട് സിനിമയെങ്കിലും ചെയ്യാന്‍ പറയാറുണ്ട്. പക്ഷേ അവന്റെ ലക്ഷ്യം അതിനുമപ്പുറമാണ്.
ഇപ്പോള്‍ സ്‌പെയിനില്‍ പോയിരിക്കുന്നത് എന്തോ വര്‍ക്കിങ് പ്രോഗ്രാമിനാണ്. അതിന് പൈസയൊന്നും കിട്ടില്ല, ഭക്ഷണവും താമസവും കിട്ടും. ഒരു ഫാമിലാണ് അവന്റെ വര്‍ക്ക്. അവിടെയുള്ള കുതിരയെയും ആടിനെയുമൊക്കെ നോക്കുന്നതാണ് പണി. ഇതൊക്കെ ജീവിതത്തില്‍ ഒരു എക്‌സ്പീരിയന്‍സായി എടുക്കാനാണ് അവന്റെ ഇഷ്ടം. അതിന് എതിര് പറയാന്‍ ആര്‍ക്കും താത്പര്യമില്ല,’ സുചിത്ര പറഞ്ഞു.
Content Highlight: Suchitra Mohanlal about Pranav Mohanlal’s lifestyle