വിനീതും ധ്യാനുമൊക്കെയായി തനിക്ക് ഏറെ അടുപ്പമുണ്ടെന്നും അപ്പുവിനെ പോലെ തന്നെയാണ് അവരേയും കാണുന്നതെന്നും പറയുകയാണ് സുചിത്ര. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ കൂടിയായപ്പോള്‍ എല്ലാവരുടേയും ഒരു ഫാമിലി ഗെറ്റുഗദര്‍ പോലെയായെന്നും സുചിത്ര പറഞ്ഞു.
വിനീതിനേയും ധ്യാനിനേയും സ്വന്തം മക്കളെ പോലെ തന്നെയാണ് കാണുന്നതെന്നും ആ സ്വാതന്ത്ര്യത്തോടെ തന്നെയാണ് അവരോട് പെരുമാറാറുള്ളതെന്നും സുചിത്ര പറഞ്ഞു.
‘അപ്പുവിനെയൊക്കെ ഞാന്‍ ‘അവന്‍ ഇവന്‍’ എന്നൊക്കെയാണ് പറയുക. അതുപോലെ വിനീതൊക്കെ നമ്മുടെ പിള്ളേര്‍ തന്നെയാണല്ലോ. ഭയങ്കര ക്ലോസാണ്. വിനീതിനെയൊക്കെ എടാ, വാടാ എന്നൊക്കെയാണ് ഞാന്‍ വിളിക്കുക. ഒരു ദിവസം ഞാന്‍ വിമലച്ചേച്ചിയെ വിളിച്ച് സംസാരിക്കുകയായിരുന്നു.
ചേച്ചി, വിനീത് കുട്ടന്‍, ധ്യാന്‍ കുട്ടന്‍ എന്നൊക്കെയാണ് പറയുന്നത്. ചേച്ചി അങ്ങനെയേ സംസാരിക്കൂ. അവന്‍, ഇവന്‍ എന്നൊന്നും പറയുന്നില്ല. മുഴുവന്‍ സംസാരിച്ച ശേഷം ഞാന്‍ ആലോചിച്ചു, ചേച്ചി ഒരു പ്രാവശ്യം പോലും അവന്‍, ഇവന്‍ എന്നൊന്നും പറഞ്ഞില്ലല്ലോ, ഞാനോ, ഞാന്‍ വിനീതിനെ എടാ, വാടാ എന്നൊക്കെയല്ലേ പറയുന്നത് എന്ന്.
പിറ്റേ ദിവസം വിനീത് വന്നപ്പോള്‍ ഞാന്‍ ഈ കാര്യം പറഞ്ഞു. സുചി ആന്റീ അതൊന്നും കുഴപ്പമില്ല. ആന്റി എപ്പോഴും വിളിക്കുന്നത് എന്താണോ അതുപോലെ തന്നെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു.
ശരിക്കും നമ്മുടെ സ്വന്തം ഫാമിലി പോലെയായി അവര്‍. ഇവരൊക്കെ ഒന്നിച്ചുകൂടിയപ്പോള്‍ അവര്‍ക്കും അതൊരു ഫാമിലി യൂണിയന്‍ പോലെയായിരുന്നു,’ സുചിത്ര പറഞ്ഞു.
സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങളെയൊക്കെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയ ശ്രദ്ധിക്കാറുണ്ടെന്നും ആളുകള്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു സുചിത്രയുടെ മറുപടി.
ചിലര്‍ക്ക് ഒരു കാര്യം ഇഷ്ടമാകും, ചിലര്‍ക്ക് ഇഷ്ടമാകില്ല അവര്‍ അവരുടെ അഭിപ്രായം പറയുന്നു. അത് പറയണം. പിന്നെ ചില അഭിപ്രായങ്ങള്‍ ചിലരെ വേദനിപ്പിച്ചേക്കാം. ഈ ട്രോളുകളെയൊക്കെ നമ്മള്‍ എങ്ങനെ എടുക്കുന്നു എന്നതിനെ അനുസരിച്ചാണ്. പലതും ചിരിച്ച് വിട്ടുകളയും. അത്രയേ ഉള്ളൂ,’ സുചിത്ര പറഞ്ഞു.
Content Highlight: Suchithra share a conversation with Vineeth and Dhyan mother Vimala