| Tuesday, 13th June 2023, 10:50 pm

മലൈക്കോട്ടൈ വാലിബന്‍ സെറ്റിൽ വെച്ച് ലാലേട്ടന് വയ്യാതായിരുന്നു, മൂന്ന് ദിവസത്തോളം ബ്രേക്ക് എടുക്കേണ്ടി വന്നു: സുചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷൻ സീരിയൽ ആരാധകർക്കും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ പ്രേക്ഷകർക്കും സുപരിചിതയാണ് സുചിത്രയെ. തന്റെ ആദ്യ സിനിമയായ മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങൾ പങ്കുവവെക്കുകയാണ് താരം.

മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിൻറെ ഷൂട്ടിങ് വേളയിൽ മോഹൻലാലിന് സുഖമില്ലാതെ വന്നിരുന്നെന്ന് സുചിത്ര പറഞ്ഞു. അസുഖത്തെ തുടർന്ന് മൂന്ന് ദിവസത്തോളം ഷൂട്ടിങ് നിർത്തി വെക്കേണ്ടി വന്നെന്നും സുചിത്ര കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സീരിയൽ രംഗത്തുനിന്നും സിനിമയിലേക്ക് വരാൻ വളരെ ബുദ്ധിമുട്ടാണ്. ബിഗ് ബോസ് ഷോയിൽ നിന്നാണെങ്കിൽ കുറെ കൂടി ബുദ്ധിമുട്ടാണ്. എനിക്ക് സിനിമയിലേക്ക് വരാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നെ പ്രൊഡക്ഷൻ കൺട്രോളർ ശ്യാം ചേട്ടൻ നേരിട്ട് വിളിക്കുകയായിരുന്നു. ഞാൻ ആരുടെ ചിത്രമാണെന്ന് ചോദിച്ചപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമാണെന്ന് പറഞ്ഞു. ഞാൻ ഉറപ്പായും വരും എന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്റെ കഥാപാത്രം അധിക നേരമൊന്നും സ്‌ക്രീനിൽ ഇല്ലാത്തതാണെങ്കിലും അടിപൊളി കഥാപാത്രം ആയിരിക്കുമെന്നും പുള്ളി പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ അത് ചെയ്തത്,’ സുചിത്ര പറഞ്ഞു.

മലൈക്കോട്ടൈ വാലിബനിൽ തനിക്കുണ്ടായിരുന്ന സീനുകളെല്ലാം മോഹൻലാലിന്റെ ഒപ്പം ആയിരുന്നെന്നും കാലാവസ്ഥ വ്യതിയാനം മോഹൻലാലിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നെന്നും സുചിത്ര പറഞ്ഞു.

‘അവിടെ ആദ്യം ചെന്നപ്പോൾ ലാലേട്ടൻ എന്നോട് ചോദിച്ചത് ബിഗ് ബോസ് എന്താണെന്ന് മനസിലായോ എന്നാണ്. ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു.

മലൈക്കോട്ടൈ വാലിബന്‍ വളരെ ഗംഭീരമായ ഒരു ചിത്രമാണ്. ചെറിയൊരു റോളിൽ വന്ന്പോകുന്ന ആളുകൾക്ക് പോലും വളരെ പ്രാധാന്യമാണുള്ളത്. അതിലെ ഒരു ഭാഗാമാകാൻ പറ്റിയത് ഭാഗ്യമായി കാണുന്നു. എന്റെ എല്ലാ സീനുകളും ലാലേട്ടനുമായിട്ടായിരുന്നു.

എനിക്ക് ആ ചിത്രത്തിൽ പുരാണത്തിലേതുപോലുള്ള ഗെറ്റപ്പ് ആണ്. പതിനഞ്ചോളം ദിവസം എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. അതിൽ എന്റെ സീൻ ഏകദേശം ഒരു പതിനഞ്ചോ അതിൽ താഴെയോ മാത്രമാണുള്ളത്. എനിക്കതുമതി. ഉള്ള സീൻ അത്രക്കും പ്രാധാന്യമുള്ളതാണ്. രാജസ്ഥാനിൽ വെച്ചായിരുന്നു ഷൂട്ട്. തണുപ്പ് കാരണം എനിക്ക് ഡയലോഗുകൾ ഒന്നും പറയാൻ കഴിഞ്ഞില്ല.

ഷൂട്ടിങ്ങിനിടയിൽ പൊടിയടിച്ചിട്ട് ലാലേട്ടന് വയ്യാതായിരുന്നു. നല്ല പൊടി കാറ്റൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ചെസ്റ്റ് ഇൻഫെക്‌ഷൻ ഒക്കെ ഉണ്ടായി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് പിന്നീട് ഷൂട്ട് തുടങ്ങിയത്. പിന്നീട് അദ്ദേഹം സെറ്റിൽ വന്നത് മൂടി പുതച്ചാണ്, പക്ഷെ ഷൂട്ട് തുടങ്ങുമ്പോൾ വയ്യാതിരുന്ന ആളാണോ ഈ നിൽക്കുന്നത് എന്ന് തോന്നുമായിരുന്നു. അതൊക്കെയാണ് നമ്മൾ കണ്ട് പഠിക്കേണ്ടത്,’ സുചിത്ര പറഞ്ഞു.

Content Highlights: Suchithra on Malaikottai Valiban

We use cookies to give you the best possible experience. Learn more