മോഹൻലാലിന്റെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് സുചിത്ര മോഹൻലാൽ. വിമർശിക്കേണ്ട കഥാപാത്രങ്ങളെ താൻ വിമർശിക്കാറുണ്ടെന്നും എന്നാൽ വീട്ടിൽ സിനിമയെ കുറിച്ച് അധികം സംസാരിക്കാറില്ലെന്നും സുചിത്ര പറയുന്നു.
പണ്ടത്തെ മോഹൻലാൽ ചിത്രങ്ങളിലെ തമാശകൾ തനിക്ക് ഇഷ്ടമാണെന്നും ഇന്ന് ഇമോഷണൽ കഥാപാത്രങ്ങളാണ് ഇഷ്ടമെന്നും അവർ പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു.
‘വീട്ടിൽ കാര്യമായി സിനിമയെ കുറിച്ച് ചർച്ച ചെയ്യാറില്ല. എനിക്ക് ഇഷ്ടമില്ലെങ്കിൽ ഇഷ്ടമില്ലാ എന്ന് തന്നെ പറയും. എന്ത് ചെയ്യാൻ പറ്റും ഓരോ ആളുകൾക്കും ഓരോ അഭിപ്രായമായിരിക്കില്ലേ.
ഏട്ടന്റെ ഇഷ്ടപ്പെട്ട ഒരു സിനിമ മാത്രമായി പറയാൻ കഴിയില്ല. കാരണം അങ്ങനെ പറയുകയാണെങ്കിൽ കുറെയുണ്ട്. കുറെ ഴോണറിൽ അഭിനയിച്ചിട്ടുണ്ടല്ലോ. സദയമൊക്കെ ഭയങ്കര ഇന്റൻസ് ഫിലിമാണ്. ചിത്രവും കിലുക്കവുമൊക്കെ എനിക്ക് കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടമാണ്. കുറെ ചിരിക്കാൻ ഉണ്ടല്ലോ. കുറച്ച് ഹൊറർ പടങ്ങൾ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് മണിച്ചിത്രത്താഴ് ഒരുപാട് ഇഷ്ടമായ ഒരു പടമാണ്.
അങ്ങനെ കുറെ സിനിമകൾ ഇഷ്ടമാണ്. ഇഷ്ടമില്ലാത്ത സിനിമകൾ ഏതൊക്കെയാണെന്ന് ചോദിക്കരുത്. പണ്ടത്തെ പടങ്ങളിലെ ഏട്ടന്റെ കോമഡിയാണ് എനിക്കിഷ്ടം. ഇപ്പോൾ കൂടുതൽ ഇമോഷണൽ വേഷങ്ങളാണ് കൂടുതൽ ഇഷ്ടം. തന്മാത്ര കണ്ടപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞ് പോയത്. ഒരുപാട് സങ്കടം തോന്നിയ സിനിമയായിരുന്നു അത്. അതുപോലെയുള്ള സിനിമകളൊക്കെ ഇനിയും ഉണ്ടാവണം,’സുചിത്ര പറയുന്നു.
വിഷുവിന് ഇറങ്ങിയ സിനിമകളെല്ലാം മികച്ചതാണെന്നും ആവേശവും, ജയ് ഗണേഷും തീർച്ചയായും കാണുമെന്നും സുചിത്ര പറഞ്ഞു.
‘ഇപ്പോഴത്തെ പിള്ളേരൊക്കെ നന്നായി എഴുതുന്നുണ്ട്. എല്ലാ സിനിമകളും നല്ലതാണല്ലോ. ഇപ്പോൾ ഈ വിഷുവിന് തന്നെ എടുത്താൽ ഇറങ്ങിയ മൂന്ന് സിനിമകളും മൂന്ന് ഴോണറുകൾ അല്ലേ. വർഷങ്ങൾക്ക് ശേഷം ഒരു ഇമോഷണൽ ഫീൽ ഗുഡ് സിനിമയല്ലേ.
ജയ് ഗണേഷ് ഞാൻ കണ്ടിട്ടില്ല. ആവേശവും കണ്ടിട്ടില്ല. എന്തായാലും കുറച്ച് ദിവസത്തിനുള്ളിൽ കാണും. ആവേശം നല്ല കോമഡിയുണ്ട് മാസുണ്ട് എന്നൊക്കെയാണ് കേൾക്കുന്നത്. ജയ് ഗണേഷിനും നല്ല അഭിപ്രായമാണ് കേൾക്കുന്നത്. രണ്ടും കാണണം,’ സുചിത്ര പറയുന്നു.
Content Highlight: Suchithra Mohanlal Talk About Favorite Characters Of Mohanlal