ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ നടനാണ് പ്രണവ് മോഹൻലാൽ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി പ്രണവ് ആദ്യമായി അഭിനയിക്കുന്നത്.
ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ശേഷം ഇറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്സ് ഓഫീസിൽ വലിയ പരാജയമായി മാറി.
പിന്നീട് വിനീത് ശ്രീനിവാസിന്റെ സംവിധാനത്തിൽ എത്തിയ ഹൃദയം എന്ന ചിത്രം വമ്പൻ വിജയമായി . ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന വർഷങ്ങൾക്ക് ശേഷത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.
മോഹൻലാലിന്റെ അഭിനയവുമായി പ്രണവിനെ താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും മോഹൻലാൽ ആദ്യ ചിത്രത്തിൽ തന്നെ നന്നായി ചെയ്തിരുന്നുവെന്നും സുചിത്ര പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുചിത്ര.
‘എല്ലാ സിനിമയും നന്നായി സംഭവിക്കണമെന്നില്ലല്ലോ. ചിലത് നന്നാവും ചിലത് നന്നാവില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ ചേട്ടന്റെ കൂടെയാണ് എല്ലാവരും അവനെ താരതമ്യം ചെയ്യുന്നത്. അതൊരിക്കലും ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്.
ചേട്ടൻ ആദ്യത്തെ സിനിമ ചെയ്യുന്നത് ഒരു നെഗറ്റീവ് വേഷം ആണല്ലോ. അത് വളരെ കൺവിങ്സിങ് ആയിരുന്നു. ഞാൻ ഉൾപ്പടെ ആർക്കും ഇഷ്ടമല്ലായിരുന്നു. എല്ലാവരും വെറുത്തിരുന്നു ആ കഥാപാത്രം. കാരണം അത്രയും നന്നായി ചെയ്തിരുന്നു. പക്ഷെ എല്ലാവരും അങ്ങനെ ചെയ്യണം എന്നില്ലല്ലോ. കുട്ടികൾ നടക്കാൻ പഠിക്കുന്നത് വീണിട്ടാണല്ലോ. അതുപോലെയാണിതും,’സുചിത്ര പറയുന്നു.
സിനിമയിൽ അഭിനയിക്കാൻ പ്രണവിനെ ഒരിക്കലും ഫോഴ്സ് ചെയ്തിട്ടില്ലെന്നും മക്കളിൽ ഒരാൾ ഡോക്ടർ ആവണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും സുചിത്ര പറഞ്ഞു.
‘ഞാൻ വളർന്നത് ഒരു സിനിമ കുടുംബത്തിലാണ്. എന്റെ അച്ഛൻ ഒരു സിനിമ നിർമാതാവായിരുന്നു. ഞാൻ കല്യാണം കഴിച്ചതും എന്റെ സഹോദരനുമെല്ലാം സിനിമയിൽ ഉള്ളവർ ആയിരുന്നു. അതായിരുന്നു ഞങ്ങളുടെ ഒരു ബ്രെഡ് ആൻഡ് ബട്ടർ. അതുകൊണ്ട് തന്നെ എനിക്കൊരിക്കലും പറയാൻ കഴിയില്ല നീ ഡോക്ടറാവ്, മറ്റേതാവ് എന്നൊന്നും.
ഒരാളെങ്കിലും ഡോക്ടർ ആവണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ രണ്ടുപേരും അതിലൊന്നും താത്പര്യം ഉള്ളവരല്ലായിരുന്നു. നമുക്ക് ഫോഴ്സ് ചെയ്യാൻ പറ്റില്ലല്ലോ. സിനിമയിൽ അഭിനയിക്കുന്നതിലും ഞങ്ങൾ നിർബന്ധിച്ചിട്ടില്ല. ഞങ്ങൾ ഗൈഡൻസ് നൽകി എന്ന് മാത്രമേയുള്ളൂ. ശ്രമിച്ച് നോക്കിക്കൂടെ എന്ന് ചോദിച്ചപ്പോഴാണ് അവൻ ആദി ചെയ്തത്. അതിന് ശേഷവും സിനിമ ചെയ്തു,’ സുചിത്ര പറഞ്ഞു.
Content Highlight: Suchithra Mohanlal Talk About Character Of Mohanlal In Manjil Virinja Pookal