|

പ്രണവിനെ കുറിച്ച് ഞാൻ അങ്ങനെ ആഗ്രഹിച്ചാൽ തന്നെ ട്രോളുകൾ വരും: സുചിത്ര മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ മികച്ച താരപുത്രന്മാരിലൊരാളാണ് പ്രണവ് മോഹന്‍ലാല്‍. ബാലതാരമായി സിനിമയിലേക്കെത്തിയ പ്രണവ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2018ല്‍ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനും പ്രണവിന് സാധിച്ചു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളില്‍ പ്രണവിന്റെ പ്രകടനത്തെ പലരും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഈ വർഷം ഇറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ മറ്റ് താരപുത്രന്മാരായ ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങിയവരിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമയിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമല്ലാത്ത വ്യക്തിയാണ് പ്രണവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ മോഹൻലാലിന്റെ അഭിനയവുമായി പ്രണവിനെ പലരും താരതമ്യപ്പെടുത്താറുണ്ട്.

എന്നാൽ മോഹൻലാലിന്റെ ചെറിയൊരു അംശം പോലുമല്ല പ്രണവെന്നും മോഹൻലാലിന്റെ ഒരു കഥാപാത്രം പ്രണവ് ചെയ്യണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും പറയുകയാണ് മോഹൻലാലിന്റെ പങ്കാളി സുചിത്ര മോഹൻലാൽ. താൻ അങ്ങനെ ആഗ്രഹിച്ചാൽ തന്നെ ട്രോളുകൾ ഉണ്ടാവുമെന്നും സുചിത്ര പറയുന്നു.

‘ചേട്ടന്റെ സിനിമകൾ പ്രണവ് ചെയ്യണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കാരണം അവൻ തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ ആളുകൾ അവനെ താരതമ്യപ്പെടുത്തും.

അവൻ അദ്ദേഹത്തിന്റെ പകുതി പോയിട്ട് ചെറിയൊരു അംശം പോലുമല്ല. അതുകൊണ്ട് തന്നെ പ്രണവിന് ചേട്ടന്റെ ഒരു സിനിമ ചെയ്യാൻ പറ്റട്ടെയെന്ന് പറയുമ്പോൾ തന്നെ ട്രോൾ വരും. ഇനി അതുകൂടിയാണ് എന്റെ ആഗ്രഹം എന്നൊക്കെ ആളുകൾ പറയും. എനിക്കങ്ങനെ ഒരു ആഗ്രഹവുമില്ല,’സുചിത്ര പറയുന്നു.

അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാനിലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലുമാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുറമെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.

Content Highlight: Suchithra Mohanlal About Pranav Mohanlal’s Movies

Video Stories