നെപ്പോട്ടിസം തീര്‍ച്ചയായും ഉണ്ട്, അതിന്റെ ആനുകൂല്യം ഇവര്‍ക്കൊക്കെ നൂറ് ശതമാനവും കിട്ടിയിട്ടുമുണ്ട്: സുചിത്ര
Movie Day
നെപ്പോട്ടിസം തീര്‍ച്ചയായും ഉണ്ട്, അതിന്റെ ആനുകൂല്യം ഇവര്‍ക്കൊക്കെ നൂറ് ശതമാനവും കിട്ടിയിട്ടുമുണ്ട്: സുചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2024, 2:49 pm

മലയാള സിനിമയിലെ നെപ്പോട്ടിസത്തെ പറ്റി സംസാരിക്കുകയാണ് മോഹന്‍ലാലിന്റെ പങ്കാളിയും പ്രണവിന്റെ അമ്മയുമായ സുചിത്ര.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ ചില ഡയലോഗുകളെ കുറിച്ച് സംസാരിക്കവേയായിരുന്നു നെപ്പോട്ടിസത്തെയും അത് നല്‍കുന്ന ആനുകൂല്യങ്ങളെ കുറിച്ചുമൊക്കെ സുചിത്ര സംസാരിച്ചത്. തീര്‍ച്ചയായും നെപ്പോട്ടിസം ഉണ്ടെന്നും മറ്റുള്ളവരേക്കാള്‍ എന്തുകൊണ്ടും നെപ്പോ കിഡ്‌സിന് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നുമാണ് സുചിത്ര പറയുന്നത്. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു സുചിത്ര.

നെപ്പോട്ടിസം തീര്‍ച്ചയായും ഉണ്ട്. ഇവര്‍ക്ക് 100 ശതമാനം അതിന്റെ ബെനഫിറ്റ്‌സ് കിട്ടിയിട്ടുമുണ്ട്. ഇന്നയാളുടെ മകനാണ് എന്ന ബെനഫിറ്റ് നൂറ് ശതമാനം ഇവര്‍ക്ക് കിട്ടും. ഒരുപാട് ശ്രമിക്കുന്ന പിള്ളേരേക്കാളും 100 മടങ്ങ് എളുപ്പമാണ് ഇവര്‍ക്ക്. ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ നമുക്ക് അറിയുന്ന ഒരു മേഖലയിലേക്കല്ലേ കുട്ടികളെ നമുക്ക് ഗൈഡ് ചെയ്യാന്‍ പറ്റുകയുള്ളൂ.

ഡോക്ടേഴ്‌സ്, എഞ്ചിനിയേഴ്‌സ്, ബിസിനസുകാര്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്ലേ. സ്വാഭാവികമായും ഇവരുടെ മക്കള്‍ ആ ഫീല്‍ഡില്‍ വരും. ഞാന്‍ ഒരു ഫിലിം ഫാമിലിയില്‍ ജനിച്ചയാളാണ്. എന്റെ ഭര്‍ത്താവ് ഫിലിമില്‍ നില്‍ക്കുന്ന ആളാണ്. അപ്പോള്‍ നമ്മള്‍ ഗൈഡ് ചെയ്യുന്നത് ഒരു ലൈനില്‍ തന്നെയായിരിക്കും.

അപ്പുവിന്റെ കാര്യം പറഞ്ഞാല്‍ അവന്‍ ഓസ്‌ട്രേലിയയില്‍ പോയി ഫിലോസഫി പഠിച്ചു വന്നു. ബി.എ ആണ് ചെയ്തത്. അത് കഴിഞ്ഞിട്ട് അവന്‍ ആ ഫീല്‍ഡില്‍ തുടര്‍ന്നില്ല. കൂടുതല്‍ പഠിച്ചിട്ട് ഒരു ടീച്ചര്‍ അങ്ങനെ എന്തെങ്കിലും ആവുകയാണെങ്കില്‍ ഓക്കെ. പക്ഷേ അവന്‍ അത് ചെയ്യുന്നില്ല. ഞാന്‍ ചോദിച്ചിട്ടുണ്ട് എന്താണ് നീ ട്രൈ ചെയ്യാത്തതെന്ന്. ഏത് പ്രൊഫഷനാണ് നീ എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച സമയമുണ്ട്.

ഒരു ഡോക്ടറുടെ ഫാമിലി ആണെങ്കില്‍, ഞാന്‍ കണ്ട കുറേ ഫാമിലിയില്‍ പാരന്റ്‌സ് ഡോക്ടേഴ്‌സ് ആണെങ്കില്‍ ഏതെങ്കിലും ഒരു കുട്ടിയെങ്കിലും ആ പ്രൊഫഷന്‍ ഫോളോ ചെയ്യും. എഞ്ചിനീയര്‍മാരുടെ മക്കള്‍ ആണെങ്കില്‍ അങ്ങനെ. ഞാന്‍ വളര്‍ന്നത് ഒരു ഫിലിം ഫാമിലിയിലാണ്. എന്റെ അച്ഛന്‍ നിര്‍മാതാവായിരുന്നു. വിവാഹം ചെയ്തത് ഒരു നടനെയാണ്. നമ്മുടെ ബ്രെഡ് ആന്റ് ബട്ടര്‍ അതാണ്.

നീ ഡോക്ടറാവണം, എഞ്ചിനിയറാവണം എന്നൊന്നും പറഞ്ഞ് മക്കളെ നിര്‍ബന്ധിക്കാന്‍ പറ്റില്ല. മക്കളില്‍ ഒരാളെ എങ്കിലും ഡോക്ടര്‍ ആക്കണമെന്നുണ്ടായിരുന്നു. പക്ഷേ രണ്ട് പേര്‍ക്കും അതില്‍ താത്പര്യം ഉണ്ടായിരുന്നില്ല. നമുക്ക് ഫോഴ്‌സ് ചെയ്യാന്‍ പറ്റില്ലല്ലോ. സിനിമയുടെ കാര്യത്തിലും ഫോഴ്‌സ് ചെയ്തിട്ടില്ല.

നമ്മള്‍ ഗൈഡ് ചെയ്തു. നമുക്കറിയുന്ന ഗൈഡന്‍സ് ഇതാണ്. ഈ ഇന്‍ഡസ്ട്രിയാണല്ലോ നമ്മുടെ ജീവിതം. എന്തുകൊണ്ട് സിനിമയില്‍ തന്നെ ശ്രമിച്ചൂടാ എന്ന് പലരും ചോദിച്ചിരുന്നു. ആ സമയത്താണ് അപ്പു ആദി ചെയ്യുന്നത്. അത് കഴിഞ്ഞിട്ട് രണ്ട് മൂന്ന് സിനിമ. എല്ലാ സിനിമകളും നന്നായി പോകണമെന്നൊന്നും ഇല്ല. ചിലത് നന്നാവും ചിലത് നന്നാവില്ല.

ഇപ്പോള്‍ ചേട്ടനുമായിട്ടാണ് അവനെ ചിലര്‍ താരതമ്യം ചെയ്യുന്നത്. അത് നല്ലതാണെന്ന് തോന്നുന്നില്ല. ചേട്ടന്‍ ആദ്യ പടത്തില്‍ വന്നത് ഒരു വില്ലനായിട്ടാണ്. അദ്ദേഹത്തിന് അത് കണ്‍വിന്‍സ് ചെയ്യാന്‍ പറ്റി. എല്ലാവര്‍ക്കും ദേഷ്യം തോന്നിയത് അദ്ദേഹം അത് നന്നായി ചെയ്തതുകൊണ്ടാണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. കുട്ടികള്‍ നടക്കാന്‍ പഠിക്കുന്നത് വീണിട്ടാണ്. അത്രയേ ഉള്ളൂ,’ സുചിത്ര പറഞ്ഞു.

Content Highlight: Suchithra about Nepotism