| Saturday, 9th November 2024, 5:37 pm

എനിക്ക് ദഹിക്കാത്ത ചേട്ടന്റെ സിനിമകളുണ്ട്, ഇഷ്ടമായില്ലെങ്കിൽ തുറന്ന് പറയും: സുചിത്ര മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയുടെ നെടുന്തൂണെന്ന് വിളിക്കാന്‍ കഴിയുന്ന നടനാണ് മോഹന്‍ലാല്‍. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായിട്ടാണ് മോഹന്‍ലാല്‍ മലയാളസിനിമയിലേക്ക് വരവറിയിച്ചത്. പിന്നീട് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറിയ മോഹന്‍ലാല്‍ ഇക്കാലയളവില്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

ബോക്സ്‌ ഓഫീസിലെ വിജയ പരാജയങ്ങൾ ഒരുപോലെ അറിഞ്ഞിട്ടുള്ള നടനാണ് മോഹൻലാൽ. മോഹൻലാലിന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് പങ്കാളി സുചിത്ര മോഹൻലാൽ. ചില സിനിമകൾ തനിക്ക് ഇഷ്ടമായില്ലെങ്കിൽ അങ്ങനെ തന്നെ തുറന്ന് പറയാറുണ്ടെന്നും അത്തരത്തിൽ തനിക്ക് ദഹിക്കാത്ത ഒരുപാട് സിനിമകൾ ഉണ്ടെന്നും സുചിത്ര പറയുന്നു.

എന്നാൽ ആരും ഒരു സിനിമ മോശമാവണമെന്ന് കരുതി എടുക്കാറില്ലെന്നും അതൊരു ടീം വർക്കാണെന്നും സുചിത്ര പറഞ്ഞു. രേഖ മേനോനോട് സംസാരിക്കുകയായിരുന്നു സുചിത്ര.

‘ ഒരു സിനിമ എനിക്ക് ഇഷ്ടല്ലെങ്കിൽ ഇഷ്ടമില്ലെന്ന് തന്നെ പറയും. അങ്ങനെ എനിക്ക് ദഹിക്കാത്ത ചില സിനിമകളുണ്ട്. എന്റെ അഭിപ്രായം കേൾക്കുക എന്നല്ലാതെ അദ്ദേഹത്തിന് വേറേ ചോയ്സ് ഇല്ലല്ലോ. പിന്നെ ഇതൊരാളുടെ മാത്രം കാര്യമല്ലല്ലോ. സിനിമ ഒരു ടീം വർക്കല്ലേ.

അവർ കഷ്ടപ്പെട്ട് എടുത്തതല്ലേ. ആരും ഒരു സിനിമ മോശമാവണമെന്ന് കരുതില്ലല്ലോ. അങ്ങനെ നോക്കുമ്പോൾ ഞാൻ അങ്ങനെ പറയാൻ പാടില്ല. പക്ഷെ എനിക്ക് പറയാതിരിക്കാൻ നിർവാഹമില്ല,’സുചിത്ര മോഹൻലാൽ പറയുന്നു.

അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാനിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

പ്രഖ്യാപനം മുതൽ ഹൈപ്പിൽ കയറിയ മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ ഇന്നലെ പുറത്തുവന്നിരുന്നു. തുടരും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് പുറമെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.

Content Highlight: Suchithra Mohanlal About Mohanlal’s Films

We use cookies to give you the best possible experience. Learn more