മലയാളസിനിമയിലെ താരപുത്രന്മാരിലൊരാളാണ് പ്രണവ് മോഹന്‍ലാല്‍. ബാലതാരമായി സിനിമയിലേക്കെത്തിയ പ്രണവ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2018ല്‍ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനും പ്രണവിന് സാധിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളില്‍ പ്രണവിന്റെ പ്രകടനത്തെ പലരും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഇറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ പ്രണവിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹൻലാൽ. മറക്കാറിന് മുമ്പുള്ള സിനിമകളെ അപേക്ഷിച്ച് പ്രണവ് നന്നായി ചെയ്ത സിനിമയാണ് അതെന്നും സെറ്റിലുള്ള എല്ലാവരെയും അറിയുന്നതുകൊണ്ടാണ് അതെന്നും സുചിത്ര പറയുന്നു. സിനിമയിൽ പ്രണവിന്റെ അമ്മ മരിക്കുന്ന ഒരു രംഗം തന്നെ ആലോചിച്ചിട്ടാവാം പ്രണവ് ചെയ്തതെന്നും പ്രണവിന് തന്നോടുള്ള സ്നേഹം ആ സീനിലൂടെ മനസിലായെന്നും സുചിത്ര കൂട്ടിച്ചേർത്തു.
‘മുമ്പ് അഭിനയിച്ച സിനിമകളെ അപേക്ഷിച്ച്, മരക്കാറിൽ അപ്പു കൂടുതൽ നന്നായിട്ടുണ്ട് എന്നെനിക്ക് തോന്നിയിരുന്നു. അതിന് പല കാരണ ങ്ങളുണ്ട്. മരക്കാറിൻ്റെ ചിത്രീകരണ ചുറ്റുപാടുകൾ അവന് ഏറെ പരിചിതമായിരുന്നു എന്നതാണ് പ്രധാന കാര്യം.
അവന്റെ അച്ഛൻ, പ്രിയപ്പെട്ട പ്രിയനങ്കിൾ, പ്രിയൻ്റെ മക്കളായ സിദ്ധാർത്ഥ് (ചന്തു), കല്യാണി, സുരേഷ് കുമാറിൻ്റെ മക്കളായ കീർത്തി സുരേഷ്, രേവതി സുരേഷ്, സാബു സിറിൾ, അനി ഐ.വി.ശശി, സുരേഷ് ബാലാജി&ടീം, ആന്റണി പെരുമ്പാവൂർ അങ്ങനെ ഒരുപാടുപേർ അവന്റെ നിത്യപരിചയക്കാരാണ്.
ഒരു കംഫർട്ട് സോൺ അവന് ലഭിച്ചിട്ടുണ്ട് എന്ന കാര്യം തീർച്ച. പിന്നെ പ്രിയൻ കുഞ്ഞുനാളിലേ അവനെ അറിയുന്നയാളാണ്. അവന് പറ്റിയ വേഷവും പറയാൻ സാധിക്കുന്ന സംഭാഷണങ്ങളും പ്രിയൻ കരുതി നൽകിയതാണ്. വ്യത്യസ്ത വേഷം കൂടിയായപ്പോൾ അപ്പു കൂടുതൽ നന്നായിരിക്കുന്നു.
ആ സിനിമയിൽ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. അത് അവൻ ഏറ്റവും മനോഹരമായാണ് ചെയ്തിരിക്കുന്നത്. ഷോട്ട് എടുക്കുമ്പോൾ പ്രിയനും അനിയും പറഞ്ഞുവത്രേ,’നിൻ്റെ അമ്മ മരിച്ചതുപോലെ ആലോചിച്ചാൽ മതി’യെന്ന്.
ഒരുപക്ഷേ, അവൻ ഉള്ളാലെ ഒന്നു തേങ്ങിയിരിക്കാം. സിനിമയിൽ ആ സീൻ കണ്ടിരുന്നപ്പോൾ, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കൽക്കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയുള്ളതാണല്ലോ, ഞങ്ങൾക്ക് വേണ്ടിക്കൂടിയുള്ളതാണല്ലോ,’സുചിത്ര പറയുന്നു.
Content Highlight: Suchithra Mohanlal About Acting Of Pranav Mohanlal In Marakkar Movie