| Friday, 26th May 2023, 2:04 pm

'ഇത്തരം ഹരജികള്‍ പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല'; പാര്‍ലമെന്റ് ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന പൊതു താല്‍പര്യ ഹരജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ജെ.കെ. മഹേശ്വരിയും ജസ്റ്റിസ് പി.എസ്. നരസിംഹയും അടങ്ങുന്ന ബെഞ്ചാണ് അഡ്വ. സി.ആര്‍. ജയ സുകിന്‍ സമര്‍പ്പിച്ച ഹരജി തള്ളിയത്.

‘നിങ്ങള്‍ ഇത്തരം പെറ്റീഷനുമായി എന്തുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് മനസിലാകുന്നില്ല. ആര്‍ട്ടിക്കിള്‍ 32ന് കീഴില്‍ ഇത്തരം ഹരജികള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല,’ ജസ്റ്റിസ് നരസിംഹ പറഞ്ഞു.

ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

‘ഭരണഘടനയുടെ 79-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമ പൗരന്‍. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവെക്കാനും രാഷ്ട്രപതിക്കാണ് അധികാരം. രാഷ്ട്രപതിയുടെ പ്രത്യേക പ്രസംഗത്തോട് കൂടിയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കേണ്ടതെന്ന് ആര്‍ട്ടിക്കിള്‍ 87 പറയുന്നു,’ ഹരജിക്കാര്‍ക്ക് വേണ്ടി ജയ സുകിന്‍ വാദിച്ചു.

എന്നാല്‍ ഉദ്ഘാടനവുമായി ആര്‍ട്ടിക്കിള്‍ 79ന് എന്താണ് ബന്ധമെന്ന് ജസ്റ്റിസ് മഹേശ്വരിയും ചോദിച്ചു.
പിന്നീട് ഹരജിക്കാരന്റെ വാദങ്ങള്‍ ബോധ്യപ്പെടാത്തതിനാല്‍ സുപ്രീം കോടതി ഹരജി തള്ളുകയായിരുന്നു. തുടര്‍ന്ന് ജയ സുകിന്‍ ഹരജി പിന്‍വലിച്ചു.

ഇതേ ഹരജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു.

പാര്‍ലമെന്റ് ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നതില്‍ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. 19 പാര്‍ട്ടികള്‍ ഇതിനോടകം തന്നെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, എന്‍.സി.പി, ആര്‍.ജെ.ഡി, എ.എ.പി, ജെ.ഡി.യു, ഡി.എം.കെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെ.എം.എം, എന്‍.സി, ആര്‍.എല്‍.ഡി, ആര്‍.എസ്.പി, വി.സി.കെ, എം.ഡി.എം.കെ എന്നീ 19 പാര്‍ട്ടികളാണ് ബഹിഷ്‌കരിക്കുമെന്ന സംയുക്ത പ്രസ്താവന ഇറക്കിയത്.

ബി.എസ്.പിയും ജെ.ഡി.എസുമാണ് പ്രതിപക്ഷ നിരയില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.

CONTENT HIGHLIGHT: ‘Such petitions cannot be encouraged’; The Supreme Court rejected the plea that the President should inaugurate Parliament

We use cookies to give you the best possible experience. Learn more