| Monday, 2nd December 2019, 12:26 pm

'ഇത്തരക്കാരെ പരസ്യമായി വധിക്കണം'; ഹൈദരാബാദ് കൊലപാതകത്തില്‍ ജയ ബച്ചന്‍; വിഷയം സഭയില്‍ ഉന്നയിച്ച് എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെലങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ജനമധ്യത്തില്‍ നടപ്പിലാക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും എം.പിയുമായ ജയ ബച്ചന്‍.

ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് ജയ ബച്ചന്‍ നിലപാട് വ്യക്തമാക്കിയത്. ഒരു തരത്തിലുള്ള ദയയും ഇത്തരക്കാരോട് കാണിക്കരുതെന്നും പരസ്യമായി ശിക്ഷ നടപ്പാക്കുകയാണ് വേണ്ടതെന്നും ജയ ബച്ചന്‍ പറഞ്ഞു.

ഡിസംബര്‍ 31 ന് മുന്‍പ് തന്നെ പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു എ.ഐ.ഡി.എം.കെ നേതാവായ വിജില സത്യനാഥന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്. വികാരാധീനയായിട്ടായിരുന്നു എം.പി സംസാരിച്ചത്.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഈ രാജ്യം സുരക്ഷിതമല്ല. ഈ കുറ്റകൃത്യം ചെയ്ത നാല് പേരെ ഡിസംബര്‍ 31 ന് മുമ്പ് തൂക്കിക്കൊല്ലണം. അതിനായി അതിവേഗ കോടതി രൂപീകരിക്കണം. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.

അതേസമയം പ്രതികളോട് ഒരു തരത്തിലുള്ള മമതയും കാണിക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ തങ്ങളുടെ സംസ്ഥാനത്ത് സംഭവിക്കണമെന്ന് ഒരു സര്‍ക്കാരോ നേതാവോ ആഗ്രഹിക്കില്ലെന്നും നിയമങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചത്. ഇത്തരം പ്രവൃത്തികളെ ഉന്മൂലനം ചെയ്യുന്നതിനായി നമ്മള്‍ ഒരുമിച്ച് നിലപാടെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സ്പീക്കര്‍ അനുവദിച്ചതിന് പിന്നാലെയായിരുന്നു സഭയില്‍ ചര്‍ച്ച നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന തുടങ്ങിയ പാര്‍ട്ടികളാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. ഇത്തരം സംഭവങ്ങളില്‍ പാര്‍ലമെന്റിനും ആശങ്കയുണ്ടെന്നും ചോദ്യാവലിക്ക് ശേഷം ഇത് ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കുകയാണെന്നുമായിരുന്നു സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശേഷം മൃതദേഹം കത്തിച്ചുകളയുകയുമായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ നാല് ലോറിത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കനത്ത പൊലീസ് സുരക്ഷയില്‍ അവരെ ശദ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

പെണ്‍കുട്ടിയ്ക്ക് നീതിയാവശ്യപ്പെട്ട് ശനിയാഴ്ച നൂറുകണക്കിനാളുകള്‍ രംഗ റെഡ്ഡി ജില്ലയിലെ ശദ്‌നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. അതേസമയം പ്രതികളെ തനിക്ക് ജീവനോട് കത്തിക്കണമെന്ന രൂക്ഷ പരാമര്‍ശവുമായി യുവതിയുടെ അമ്മ രംഗത്ത് വന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more