| Monday, 5th June 2023, 4:54 pm

ഞങ്ങളെ ദ്രോഹിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്; സമരം പിന്‍വലിച്ചിട്ടില്ല: പൂനിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ മുന്‍ ചെയര്‍മാനുമായ ബ്രിജ് ഭൂഷണെതിരെയുള്ള സമരം പിന്‍വലിച്ചിട്ടില്ലെന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തങ്ങളെ ദ്രോഹിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഞങ്ങളെ ദ്രോഹിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. സമരം പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ അഭ്യൂഹമാണ്. ഞങ്ങള്‍ സമരം പിന്‍വലിക്കുകയോ പിന്മാറുകയോ ചെയ്തിട്ടില്ല. നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും,’ ബജ്‌റംഗ് പൂനിയ പറഞ്ഞു.

നേരത്തെ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് സാക്ഷി മാലികും രംഗത്തെത്തിയിരുന്നു. സമരത്തോടൊപ്പം റെയില്‍വേയോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണെന്നാണ് ജോലിക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സാക്ഷി ട്വീറ്റ് ചെയ്തത്.

‘ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് ഞങ്ങളാരും പിന്മാറിയിട്ടില്ല. ഞങ്ങള്‍ പിന്മാറില്ല. സമരത്തോടൊപ്പം റെയില്‍വേയിലുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ് ഞാന്‍. നീതി ലഭിക്കും വരെ സമരം തുടരും. ദയവ് ചെയ്ത് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്,’ സാക്ഷി മാലിക് പറഞ്ഞു.

ലൈംഗികാരോപണത്തില്‍ ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് സമരക്കാരായ ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

ശനിയാഴ്ച രാത്രി വൈകിയാണ് അമിത് ഷായുടെ വസതിയില്‍ സമരക്കാര്‍ എത്തിയതെന്നും ബ്രിജ് ഭൂഷണെതിരായ കേസില്‍ വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ അവരുടെ റെയില്‍വേ ജോലികളില്‍ പുനഃപ്രവേശിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് സമരം നിര്‍ത്തുന്നുവെന്ന വാര്‍ത്തകളും വന്നത്.

content highlight: Such news is spread to harm us; Strike not called off: Poonia

Latest Stories

We use cookies to give you the best possible experience. Learn more